വിവാദങ്ങളിൽ പുകഞ്ഞ് ‘പെദ്ധി’; ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ കാഴ്ചവസ്തുക്കളാകുന്നത് മാറണമെന്ന് പൃഥ്വിരാജ്
text_fieldsപൃഥ്വിരാജ്
രാം ചരണും ജാൻവി കപൂറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ, ബുച്ചി ബാബു സന സംവിധാനം ചെയ്ത ‘പെദ്ധി’ എന്ന ചിത്രം റിലീസിന് പിന്നാലെ വലിയൊരു ചർച്ചക്കാണ് തുടക്കമിട്ടത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ജാൻവി കപൂറിന്റെ കഥാപാത്രത്തെ സ്‌ക്രീനിൽ കാണിച്ച രീതി അങ്ങേയറ്റം സ്ത്രീവിരുദ്ധവും അശ്ലീലവുമാണെന്നായിരുന്നു പ്രേക്ഷകരുടെ പ്രധാന ആക്ഷേപം. ഇതിനെത്തുടർന്ന് ചിത്രത്തിലെ വിവാദ രംഗങ്ങൾ മാറ്റുമെന്ന് സംവിധായകൻ ബുച്ചി ബാബു സന പറഞ്ഞിരുന്നു.
ഇതേ വിഷയത്തിൽ മുമ്പ് പൃഥ്വിരാജ് സുകുമാരൻ നടത്തിയ പരാമർശങ്ങളും ഇപ്പോൾ ചർച്ചയാകുകയാണ്. 2012ൽ പുറത്തിറങ്ങിയ 'അയ്യ' എന്ന ചിത്രത്തിൽ സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ പുരുഷനെ കാണിച്ച രീതി വളരെ രസകരമായിരുന്നുവെന്ന് അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ കാഴ്ചവസ്തുക്കളാകുന്നത് പതിവാണ്. അതിനൊരു മാറ്റമെന്നോണം, സ്ത്രീക്ക് പുരുഷനെ ആഗ്രഹിക്കാനും ആ രീതിയിൽ കാണാനും കഴിയുമെന്ന് തെളിയിക്കുകയാണ് ഞങ്ങൾ ചെയ്തത്’ പൃഥ്വിരാജ് പറഞ്ഞു.
താൻ മുമ്പ് സ്ത്രീവിരുദ്ധമായ പല സിനിമകളുടെയും ഭാഗമായിട്ടുണ്ടെന്നും, എന്നാൽ ഇനിയൊരിക്കലും അത്തരം വേഷങ്ങൾ ചെയ്യില്ലെന്നും അദ്ദേഹം അന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. എങ്കിലും, തന്റെ സംവിധാന സംരംഭമായ 'ലൂസിഫർ' അടക്കമുള്ള സിനിമകളിൽ ഐറ്റം ഡാൻസുകൾ ഉൾപ്പെടുത്തിയതിന് താരം വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നടിമാർ ഗ്ലാമറസായി വേഷമിടുന്ന ഇത്തരം ഗാനങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് താൻ കരുതുന്നില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
എങ്കിലും, ഒരു നായകൻ നായികയെ മോശമായി പെരുമാറിയതിനുശേഷവും അവൾ അവനുമായി പ്രണയത്തിലാകുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യാനില്ലെന്ന നിലപാടിൽ താരം ഉറച്ചുനിൽക്കുന്നു. സിനിമകളിൽ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി മാറ്റണമെന്ന ആവശ്യം ശക്തമാകുമ്പോൾ, താരങ്ങളും അണിയറപ്രവർത്തകരും ഒരുപോലെ ഉത്തരവാദിത്തം കാണിക്കണമെന്ന വികാരമാണ് പൊതുവേ ഉയരുന്നത്.
ഈ സംഭവം ഇന്ത്യൻ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിത്യ മേനന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നടിമാർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കണമെന്നും, തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ വിസമ്മതിക്കണമെന്നും നിത്യ മേനൻ പറഞ്ഞു.
സിനിമാ മേഖലയിലെ ഈ പ്രശ്നം ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും, ലാഭക്കൊതി മൂലം സിനിമകൾ അമിതമായി വാണിജ്യവൽക്കരിക്കപ്പെടുമ്പോൾ സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളായി മാത്രം കാണുന്ന പ്രവണത എല്ലാ സിനിമാ മേഖലകളിലും ഉണ്ടെന്നും നിത്യ വ്യക്തമാക്കി. തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വേഷങ്ങൾ ചെയ്യാതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും, പ്രശസ്തിയെക്കാൾ താൻ മൂല്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും നിത്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

