Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദേശീയ ഹീറോയെ സംരക്ഷിക്കൂ’: ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് വിജയ് വർമ്മ; സമാധാനപരമായ പ്രതിഷേധം കുറ്റമല്ലെന്ന് ഹുമ ഖുറേഷി

text_fields
bookmark_border
‘ദേശീയ ഹീറോയെ സംരക്ഷിക്കൂ’: ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് വിജയ് വർമ്മ; സമാധാനപരമായ പ്രതിഷേധം കുറ്റമല്ലെന്ന് ഹുമ ഖുറേഷി
cancel

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് ബോളിവുഡിൽ നിന്ന് വലിയ പിന്തുണ. വിജയ് വർമ്മ, ഹുമ ഖുറേഷി, സോനാക്ഷി സിൻഹ, അനുരാഗ് കശ്യപ് തുടങ്ങിയ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്നും എസ്ഐആർ പ്രക്രിയയിൽ ക്രമക്കേട് നടന്നെന്നുമുള്ള ആരോപണങ്ങളെ തുടർന്നാണ് രാജ്യവ്യാപകമായി കോക്ക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്.

പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നായിരുന്നു. മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാനടക്കം 400ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ വിഡിയോകൾ പ്രചരിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്. നടൻ വിജയ് വർമ പരിഹാസ രൂപേണയാണ് പ്രതികരിച്ചത്. സ്റ്റീവൻ സ്പിൽബെർഗിന്റെ 1998ലെ പ്രശസ്ത യുദ്ധ ചിത്രമായ 'സേവിങ് പ്രൈവറ്റ് റയാനെ' അനുകരിച്ച് സേവിങ് പ്രൈവറ്റ് ഗ്യാൻ എന്ന പേരിൽ ഒരു വ്യാജ സിനിമ പോസ്റ്ററാണ് താരം പങ്കുവെച്ചത്.

തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ചിത്രമുള്ള പോസ്റ്ററിൽ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന്റെ മുഖം എന്ന വാചകവും ഉണ്ടായിരുന്നു. നമ്മുടെ ദേശീയ ഹീറോയെ രക്ഷിക്കാൻ സേനകൾ ഒന്നിക്കുന്നത് കാണുന്നതിൽ സന്തോഷം. എന്ത് വിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കൂ എന്ന പരിഹാസം നിറഞ്ഞ അടിക്കുറിപ്പോടെയാണ് വിജയ് പോസ്റ്റ് പങ്കുവെച്ചത്.

നമ്മൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശവും ഉത്തരവാദിത്തം ആവശ്യപ്പെടാനുള്ള അവകാശവും അധികാരത്തിലുള്ളവർ നൽകുന്ന ഔദാര്യമല്ല, മറിച്ച് അടിസ്ഥാനപരമായ ജനാധിപത്യ അവകാശങ്ങളാണ് നടി ഹുമ ഖുറേഷി പറഞ്ഞത്.

സമാധാനപരമായ വിയോജിപ്പ് കുറ്റമല്ല. ചോദ്യങ്ങൾ ചോദിക്കുന്നത് കുറ്റമല്ല. ഉത്തരവാദിത്തം ആവശ്യപ്പെടുന്നത് കുറ്റമല്ല. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും വ്യക്തിയെയും പിന്തുണക്കുന്നില്ല. ഉത്തരവാദിത്തം ആവശ്യപ്പെടുന്ന പൗരന്മാർക്കൊപ്പവും വിയോജിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന ഓരോ ഇന്ത്യക്കാരനൊപ്പവുമാണ് ഞാൻ നിൽക്കുന്നതെന്ന് താരം കൂട്ടിച്ചേർത്തു.

സംസാരിക്കുന്നത് അധിക്ഷേപത്തിനും വ്യക്തിപരമായ ആക്രമണങ്ങൾക്കും സാമ്പത്തിക പരിശോധനക്കും തൊഴിൽപരമായ പ്രത്യാഘാതങ്ങൾക്കും ഇടയാക്കിയേക്കാമെന്ന് അറിയാമെന്നും, എന്നാൽ തനിക്ക് മറയ്ക്കാൻ ഒന്നുമില്ലെന്നും രാജ്യത്തോടുള്ള സ്നേഹം കൊണ്ടാണ് മിണ്ടാതിരിക്കാൻ കഴിയാത്തതെന്നും ഹുമ പറഞ്ഞു.

നടി സോനാക്ഷി സിൻഹ വ്യത്യസ്തമായ രീതിയിലാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം പങ്കുവെച്ച് അതിൽ ജനാധിപത്യ റിപ്പബ്ലിക് എന്ന വാക്കുകൾ ഹൈലൈറ്റ് ചെയ്തായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ‘ഒരിക്കലും മറക്കരുത്! ജയ് ഹിന്ദ്’ എന്ന അടിക്കുറിപ്പോടെയാണ് സോനാക്ഷി ചിത്രം പങ്കുവെച്ചത്.

സംവിധായകൻ അനുരാഗ് കശ്യപ് വേദ് പ്രകാശ് ശർമയുടെ ഹിന്ദി പൾപ്പ് ഫിക്ഷൻ ത്രില്ലറായ 'വർദി വാല ഗുണ്ട' എന്ന പുസ്തകത്തിന്റെ കവർ പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചത്. ‘ഇത് ഇനി ഏകവചനമല്ല, ബഹുവചനമായി മാറിയിരിക്കുന്നു. ഗുണ്ടകൾ, പുരുഷ ഗുണ്ടകൾ, സ്ത്രീ ഗുണ്ടകൾ... എല്ലാവരും യൂണിഫോമിലാണ് അല്ലെങ്കിൽ അതിന് പിന്നിൽ ഒളിച്ചിരിക്കുകയാണ് എന്നായിരുന്നു അനുരാഗ് കശ്യപിന്‍റെ കുറിപ്പ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bollywood Backs Anti-CEC Protest
Next Story