സുപ്രീം കോടതി വിധിക്ക് പുല്ലുവില; ഡൽഹിയിൽ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിൽ കനത്ത പൊലീസ് ബന്തവസ്സ്
text_fieldsന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ, സുപ്രീം കോടതി വിധിക്ക് പുല്ലുവില കൽപ്പിച്ച് മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ.
"സുരക്ഷാ കാരണങ്ങളാൽ" തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 4 മണി വരെ ആറ് സ്റ്റേഷനുകൾ അടച്ചിടുമെന്ന് തിങ്കളാഴ്ച പുലർച്ചെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പ്രഖ്യാപിച്ചു. പട്ടേൽ ചൗക്ക്, ജനപഥ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ്, ബരാഖംബ റോഡ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്. എങ്കിലും, ഈ ആറ് മെട്രോ സ്റ്റേഷനുകളിലെയും ഇന്റർചേഞ്ച് സൗകര്യങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി.
ഡൽഹിയിൽ മെട്രോ, റെയിൽവേ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും സമരക്കാരെ ആരെയും അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്നും ഇന്നലെ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കെയാണ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുന്നത്. സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുമെന്നും ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്നും ഡി.എം.ആർ.സി പറഞ്ഞു.
സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം ശനിയാഴ്ച രാജ്യതലസ്ഥാനത്തുടനീളമുള്ള 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ ഡി.എം.ആർ.സി ഉത്തരവിട്ടിരുന്നു. ഒക്ടോബർ 10-ന് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 57 സ്റ്റേഷനുകൾ അടച്ചിടാനും ഉത്തരവിട്ടിരുന്നു.
തിങ്കളാഴ്ചത്തെ പ്രതിഷേധത്തിന് മുന്നോടിയായി മെട്രോ, റെയിൽവേ സർവീസുകൾക്കുള്ള പൂർണ്ണമായ നിയന്ത്രണങ്ങൾ നീക്കാൻ കോടതി കേന്ദ്രത്തോടും ഡൽഹി പോലീസിനോടും നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി ഞായറാഴ്ച പ്രത്യേക സിറ്റിങിൽ കോടതി പരിഗണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്നും സുപ്രീം കോടതി ആവർത്തിച്ച് നിർദ്ദേശിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കണാട്ട് പ്ലേസിൽ നിന്ന് സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷം മാർച്ച് പ്രഖ്യാപിച്ചതിനെ തുടർന്ന്, തിങ്കളാഴ്ച തലസ്ഥാന നഗരിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള റോഡുകൾ പോലീസ് ബാരിക്കേഡുകൾ വെച്ച് തടയുകയും പ്രതിഷേധക്കാർ തടിച്ചുകൂടുന്നത് തടയാൻ പ്രധാന ജങ്ഷനുകളിൽ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് ന്യൂഡൽഹിയിലും സെൻട്രൽ ഡൽഹിയിലുടനീളവും ഗതാഗത തടസ്സമുണ്ടാകുമെന്ന് ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. ധൗല കുആൻ ഫ്ലൈഓവർ, മണ്ഡി ഹൗസ്, ഝണ്ഡേവാലൻ, പഞ്ച്കുയാൻ, കണാട്ട് പ്ലേസ്, പട്ടേൽ ചൗക്ക്, ലോധീ റോഡ് ഫ്ലൈഓവർ, ഭികാജി കാമ പ്ലേസ്, മോതി ബാഗ് ഫ്ലൈഓവർ, അശോക റോഡ്, ജന്തർ മന്തർ റോഡ്, സംസദ് മാർഗ്, ടോൾസ്റ്റോയ് മാർഗ് എന്നിവ ഉൾപ്പെടെ കണ്ടെത്തിയ 30 ഗതാഗത പോയിന്റുകളിൽ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അവർ വ്യക്തമാക്കി.
ഇന്നലെയും ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ സമരം നടന്നിരുന്നു. ജോൺ ബ്രിട്ടാസ് എം.പി അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്തുടനീളം ഏകദേശം 41,000 ഡൽഹി പോലീസിനെയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിനെയും വിന്യസിക്കുകയും, ജന്തർ മന്തറിൽ ആസൂത്രണം ചെയ്ത പ്രതിഷേധം തടയാൻ അധികൃതർ നീക്കം നടത്തിയതോടെ 7,000-ത്തിലധികം ആളുകളെ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

