Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുഷ്മാൻ ഖുറാനക്കും തുഷാർ കപൂറിനും ഭീഷണി: ബിഷ്ണോയ് ഗ്യാങ്ങിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ച ഐടി എഞ്ചിനീയർ പിടിയിൽ

text_fields
bookmark_border
threat calls
cancel
camera_alt

ആയുഷ്മാൻ ഖുറാന, തുഷാർ കപൂർ

ബോളിവുഡ് താരങ്ങളായ തുഷാർ കപൂറിനും ആയുഷ്മാൻ ഖുറാനക്കും ഭീഷണി സന്ദേശം അയച്ച കേസിൽ ബംഗളൂരുവിൽ നിന്നുള്ള 30 വയസ്സുകാരനായ ഐടി എഞ്ചിനീയറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ വൈഭവ് മിശ്രയെയാണ് പിടികൂടിയത്.

ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചത്. എന്നാൽ പ്രതിക്ക് യഥാർത്ഥത്തിൽ ആ ഗ്യാങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ പേര് പറഞ്ഞ് ഭയം സൃഷ്ടിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ മാസം നടൻ ടൈഗർ ഷ്റോഫിന്റെ വീടിന് നേരെ ഉണ്ടായ വെടിവെയ്പ്പിന് പിന്നാലെ ബോളിവുഡിൽ വലിയ ഭീതിയാണ് പടർന്നിരുന്നത്. ഈ ഭയം മുതലെടുക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.‘ഇയാൾക്ക് ആ ഗ്യാങ്ങുമായി ബന്ധമില്ല. ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിന് ശേഷം ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനെ കുറിച്ച് ഉണ്ടായ ഭയം മുതലെടുക്കാൻ ഇയാൾ ശ്രമിച്ചതായാണ് പ്രാഥമികമായി സംശയിക്കുന്നത്’ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

താരങ്ങളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ തിരഞ്ഞ് കണ്ടെത്തിയ ശേഷം, എഐ ഉപയോഗിച്ച് ശബ്ദ സാമ്പിളുകൾ നിർമിച്ചാണ് ഇയാൾ ഭീഷണി സന്ദേശങ്ങൾ അയച്ചതെന്നും പൊലീസ് സംശയിക്കുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് ബോളിവുഡ് നടൻ തുഷാർ കപൂറിന് ഭീഷണി സന്ദേശം ലഭിച്ചത്. ഹരി ബോക്സർ എന്ന ഗുണ്ടയുടെ പേരിലാണ് ഭീഷണി വന്നത്. 5 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.എന്നാൽ മുൻപ് ഹരി ബോക്സറുടെ പേരിൽ വന്ന ഭീഷണി സന്ദേശങ്ങളുമായി ശബ്ദം താരതമ്യം ചെയ്തപ്പോൾ, വിളിച്ചത് യഥാർത്ഥ ഹരി ബോക്സർ അല്ലെന്ന് പൊലീസിന് മനസ്സിലായി.

തുഷാർ കപൂറിന് പുറമെ ആയുഷ്മാൻ ഖുറാന ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾക്ക് ഇയാൾ സമാനമായ വോയ്സ് മെസേജുകൾ അയച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ ഉണ്ടായ ഭയവും പരിഭ്രാന്തിയും മുതലെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിലെ അംഗമാണ് ഹരി ബോക്സർ. ഇതിന് മുൻപ് സംവിധായകൻ രോഹിത് ഷെട്ടി, നടൻ രൺവീർ സിങ് തുടങ്ങിയവർക്ക് ഹരി ബോക്സറുടെ പേരിൽ ഭീഷണി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുണ്ടകളുടെ പേര് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിക്കുന്ന 'കോപ്പികാറ്റ്' ഭീഷണികൾ അയക്കുന്നവരെ മുൻപും തങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ചില കേസുകളിൽ ഇത് വെറും തമാശക്ക് വേണ്ടി ചെയ്യുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എന്തായാലും, ബോളിവുഡ് താരങ്ങൾക്ക് നേരെയുള്ള ഭീഷണി സന്ദേശങ്ങളുടെ പിന്നിൽ യഥാർത്ഥ ഗ്യാങ്ങുകളാണോ അതോ എഐയും ഇന്റർനെറ്റും ഉപയോഗിക്കുന്ന ഇത്തരം തട്ടിപ്പുകാരാണോ എന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ayushmann Khurrana Threat Caller Arrested
Next Story