നാടന്‍ പെണ്‍കുട്ടിയായി ആതിര പട്ടേല്‍; കല്യാണമരത്തിലെ 'രാഖി' കരിയറിലെ മികച്ച വേഷമെന്ന് താരം
text_fieldsമലയാളികളുടെ ഹൃദയത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ചേക്കേറിയ താരമാണ് ആതിര പട്ടേല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആതിര മികച്ച വേഷങ്ങള്‍ മലയാളസിനിമയില്‍ നേടിയെടുത്തു. ആതിര ഏറെ പുതുമയുണര്‍ത്തുന്ന ഒരു കഥാപാത്രവുമായി വരുകയാണ് രാജേഷ് അമനകരയുടെ 'കല്യാണമര'ത്തിലൂടെ. ആതിര ഇതുവരെ ചെയ്തിട്ടുള്ള പല കഥാപാത്രങ്ങളും മോഡേണ്‍ ലുക്കിലുള്ളതായിരുന്നു. എന്നാല്‍ കല്യാണമരത്തിലെ രാഖി തനി നാട്ടിന്‍പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയാണ്. ഹൈറേഞ്ചില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടി.
കല്യാണമരത്തിലെ നായികാ കഥാപാത്രം കൂടിയായ രാഖി തന്‍റെ കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമാണെന്ന് ആതിര പട്ടേല്‍ പറയുന്നു. ഇതുവരെ ഞാന്‍ പല വേഷങ്ങള്‍ ചെയ്തിരുന്നു. നഗരങ്ങളിലെ ജീവിതങ്ങള്‍ ചിത്രീകരിക്കുന്ന കഥകളിലൂടെ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുവന്ന എനിക്ക് രാഖി വേറിട്ട കഥാപാത്രം തന്നെയാണ്. വളരെ കാമ്പുള്ള ഒരു കഥാപാത്രം. സിനിമയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കഥാപാത്രമായിതിനാല്‍ തന്നെ വളരെ അഭിനയസാധ്യത ഉണ്ടായിരുന്നു. മീരാ മാം (മീര വീസുദേവ്) ദേവു, മനോജേട്ടന്‍ എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്. കല്യാണമരത്തിന്‍റെ ലൊക്കേഷന്‍ വളരെ രസകരമായിരുന്നു. ധാരാളം നല്ല ഓര്‍മകള്‍ കല്യാണമരത്തിന്‍റെ ലൊക്കേഷന്‍ നല്കിയിട്ടുണ്ടെന്നും ആതിര പട്ടേല്‍ പറയുന്നു.
മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് കല്യാണമരം നിര്‍മാണം - സജി കെ. ഏലിയാസ്. 'ഇഷ്ടി'എന്ന സംസ്കൃത ചിത്രത്തിലൂടെയാണ് ആതിര പട്ടേല്‍ സിനിമയിലേക്ക് വരുന്നത്. പിന്നീട് അങ്കമാലി ഡയറീസ്, വില്ലന്‍, കോണ്ടസ,കനകരാജ്യം, ബോഗേന്‍ വില്ല, സണ്‍ഡേ ഹോളിഡേ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. പിന്നീട് ഭൂതകാലം, കൊച്ചുറാണി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏവിയേഷനും ഹോട്ടല്‍ മാനേജ്മെന്‍റുമാണ് ആതിര പഠിച്ചതെങ്കിലും അതെല്ലാം ഉപേക്ഷിച്ചാണ് സിനിമയിലേക്കെത്തുന്നത്. ധാരാളം യാത്രകള്‍ ചെയ്യാനും സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്ന ആതിര സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ പുതിയ ചിത്രമായ ആട് 3, മനു അശോകന്‍റെ ഐസ്, മിഥുന്‍ മാനുവല്‍ തോമസിന്‍റെ അണലി എന്നീ വെബ് സീരീസുകളുമാണ് ആതിര പട്ടേലിന്‍റെ റിലീസിനൊരുങ്ങുന്ന പുതിയചിത്രങ്ങള്‍.
പി.ആർ. സുമേരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

