‘എന്റെ ആദ്യത്തെ അവാർഡാണ്, അച്ഛനെപ്പോലെ എനിക്കും അവാർഡുകൾ ഇഷ്ടമാണ്; പക്ഷേ ഈ അവാർഡ് അദ്ദേഹത്തിനുള്ളതല്ല...’ ആര്യൻ ഖാൻ
text_fieldsആര്യൻ ഖാൻ
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ തന്റെ കരിയറിലെ സുപ്രധാനമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2025ലെ 'എൻ.ഡി.ടി.വി ഇന്ത്യൻ ഓഫ് ദി ഇയർ' പുരസ്കാര വേദിയിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ആര്യൻ കരസ്ഥമാക്കി. നെറ്റ്ഫ്ലിക്സ് സീരീസായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന ചിത്രത്തിലൂടെയാണ് ഈ നേട്ടം. ആക്ഷനും ഡ്രാമയും നിറഞ്ഞ ഈ പ്രോജക്റ്റ് ആര്യനെ ഒരു മികച്ച കഥാകാരനായി സിനിമാലോകത്ത് അടയാളപ്പെടുത്തിയിരിക്കുകയാണ്.
അവാർഡ് സ്വീകരിച്ചുകൊണ്ട് ആര്യൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ പിതാവ് ഷാരൂഖ് ഖാന്റെ വലിയ ട്രോഫി ശേഖരത്തെക്കുറിച്ച് തമാശരൂപേണ പരാമർശിച്ച ആര്യൻ തനിക്കും അച്ഛനെപ്പോലെ തന്നെ ട്രോഫികളോട് വലിയ ഇഷ്ടമാണെന്ന് വെളിപ്പെടുത്തി. എങ്കിലും ഈ അവാർഡ് പിതാവിനുള്ളതല്ലെന്നും മറിച്ച് തന്റെ ടീമിനും അമ്മക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് എന്റെ ആദ്യത്തെ അവാർഡാണ്. അച്ഛനെപ്പോലെ എനിക്കും അവാർഡുകൾ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് ഇനിയും ഒരുപാട് അവാർഡുകൾ എനിക്ക് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ഈ പുരസ്കാരം അദ്ദേഹത്തിനുള്ളതല്ല. ഇത് എന്റെ അമ്മക്കുള്ളതാണ്. കാരണം അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു. നേരത്തെ ഉറങ്ങണം, മറ്റുള്ളവരെ കളിയാക്കരുത്, ചീത്ത വാക്കുകൾ പറയരുത് എന്ന്. ഇന്ന് ഇതേ കാര്യങ്ങൾ ചെയ്തതിനാണ് എനിക്ക് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. എന്റെ അമ്മയെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാക്കിയതിന് നന്ദി. ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ എനിക്ക് കിട്ടുന്ന വഴക്കിന്റെ അളവ് കുറയുമെന്ന് എനിക്കറിയാം’-ആര്യൻ പറഞ്ഞു.
ചടങ്ങിൽ സംസാരിക്കവെ ആര്യന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് മുത്തശ്ശി സവിതാ ചിബ്ബർ, താൻ പേരക്കുട്ടിയെ ഓർത്ത് ഏറെ അഭിമാനിക്കുന്നു എന്ന് പറഞ്ഞു. സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ്സീരീസ്. ലക്ഷ്യ, രാഘവ് ജുയൽ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആക്ഷേപ ഹാസ്യ പരമ്പരക്ക് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹിന്ദി സിനിമാ ലോകത്തെ അധികാര വടംവലികളും പുറത്തുനിന്നുള്ളവർ നേരിടുന്ന വെല്ലുവിളികളുമൊക്കയാണ് പ്രമേയം. ഐ.എം.ഡി.ബിയുടെ 2025ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സീരീസായും ഇത് തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

