Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കടുത്ത ഡിപ്രഷനിൽ നിന്ന് എന്നെ രക്ഷിച്ചത് സായ് പല്ലവി’; മനസ്സുതുറന്ന് അനുപമ പരമേശ്വരൻ

text_fields
bookmark_border
anupama parameswaran
cancel
camera_alt

അനുപമ പരമേശ്വരൻ, സായ് പല്ലവി

ജീവിതത്തിൽ താൻ കടന്നുപോയ ഏറ്റവും കഠിനമായ മാനസിക പ്രതിസന്ധിയെക്കുറിച്ചും അതിൽ നിന്ന് കരകയറാൻ തനിക്ക് തുണയായ സുഹൃത്ത് സായ് പല്ലവിയെക്കുറിച്ചും മനസ്സ് തുറന്ന് നടി അനുപമ പരമേശ്വരൻ. ഓണസ്റ്റ് ടൗൺ ഹാളിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വൈകാരികമായ വെളിപ്പെടുത്തൽ.ഒരു പ്രണയബന്ധം തകർന്നതിന് പിന്നാലെ താൻ കടുത്ത ഡിപ്രഷനിലേക്ക് വീണുപോയെന്നും, അന്ന് സായ് പല്ലവി നൽകിയ ചെറിയൊരു സ്നേഹവും കരുതലുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും അനുപമ പറയുന്നു.

‘ആ സമയത്ത് എന്റെകടുത്ത ഡിപ്രഷനിൽ നിന്ന് തന്നെ രക്ഷിച്ചത് സായ് പല്ലവി ജീവിതത്തിൽ ഒരു ബ്രേക്കപ്പ് ഉണ്ടായി. അത് ശരിക്കും ഹൃദയഭേദകമായിരുന്നു. ആ വേദന എന്നെ പൂർണമായും തളർത്തി. ഞാൻ വല്ലാത്തൊരു ഡിപ്രഷനിലേക്ക് വീണു. ആർക്കും എന്നെ മനസ്സിലാകുന്നില്ലെന്ന് തോന്നിയ സമയം. വീട്ടുകാരോട് വിഡിയോ കോൾ ചെയ്യുമ്പോൾ പോലും എനിക്ക് അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കാൻ കഴിയുമായിരുന്നില്ല. ഞാൻ കണ്ണ് വെട്ടിച്ചുമാറ്റും. സംസാരിക്കുന്നത് പോലും ഞാൻ പൂർണമായും നിർത്തി. എന്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരോടും പറയാൻ കഴിയാത്ത അവസ്ഥ’ അനുപമ പറഞ്ഞു.

അതിനിടയിലാണ് കോവിഡ് ലോക്ക്ഡൗൺ വരുന്നത്. ആദ്യ ലോക്ക്ഡൗൺ കാലത്ത് തന്റെ ചിത്രമായ 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' ഇറങ്ങിയ സമയമായിരുന്നു. പിന്നീട് രണ്ടാമത്തെ ലോക്ക്ഡൗൺ വന്നപ്പോൾ ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ താൻ കുടുങ്ങിപ്പോയി.‘രണ്ടാം ലോക്ക്ഡൗണിൽ ഞാൻ ഹോട്ടലിൽ ഒറ്റപ്പെട്ടുപോയി. പുറത്തിറങ്ങാൻ കഴിയില്ല, ആരെയും കാണാൻ കഴിയില്ല. യാദൃശ്ചികമായി അതേ ഹോട്ടലിൽ തന്നെ സായ് പല്ലവിയും ഉണ്ടായിരുന്നു. അതൊരു ദൈവാനുഗ്രഹം പോലെയാണ് എനിക്ക് തോന്നിയത്’ അനുപമ പറഞ്ഞു.

ആ ദിവസങ്ങളിൽ തന്റെ മാനസികാവസ്ഥയെക്കുറിച്ച് താൻ പല്ലവിയോട് നിരന്തരം സംസാരിക്കുമായിരുന്നുവെന്ന് അനുപമ പറഞ്ഞു.‘അവൾ എന്റെ എല്ലാ വിഷമങ്ങളും ക്ഷമയോടെ കേട്ടു. ഒരു ദിവസം അവൾ എന്റെ അടുത്ത് വന്ന് പറഞ്ഞു, നാളെ ഞാൻ ഒരു ഷൂട്ടിന് പോവുകയാണ്. ഞാൻ നിനക്ക് കുറച്ച് കളറും പേപ്പറും തരാം. ഞാൻ തിരിച്ചു വരുമ്പോഴേക്കും നീ ഒരു പെയിന്‍റിങ് ചെയ്തു വെക്കണം.

എനിക്ക് പറ്റില്ല, പെയിന്‍റിങ് അറിയില്ല എന്നൊക്കെ ഞാൻ ആദ്യം പറഞ്ഞു. പക്ഷേ അവൾ അതൊന്നും കേൾക്കാതെ ഒരു ഹോം വർക്ക് പോലെ എനിക്ക് ആ ജോലി തന്നു. എന്നെ ആ അവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവരാൻ അവൾ കണ്ടെത്തിയ വഴിയായിരുന്നു അത്.

അവൾ തിരികെ വരുമ്പോഴേക്കും ഞാൻ ഒരു ചെറിയ താമരയുടെ ചിത്രം വരച്ചിരുന്നു. അത് വളരെ ക്യൂട്ട് ആയിരുന്നു. ഞാൻ അത് അവൾക്ക് നൽകി. അവൾ അത് കണ്ട് എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. നീ കളർ വെറുതെ സ്പ്ലാഷ് ചെയ്യുകയാകും ചെയ്യുക, അങ്ങനെ ചെയ്യുന്നത് തെറാപ്പ്യൂട്ടിക് ആണെന്ന് അവൾ പറഞ്ഞു. നീ നന്നായി വരക്കുന്നുണ്ടെന്നും ഇനിയും പെയിന്റിങ് തുടരണമെന്നും അവൾ പറഞ്ഞു.

അന്നു തുടങ്ങിയ പെയിന്റിങ് എന്നെ ആ വലിയ വേദനയിൽ നിന്ന് പുറത്തുകടക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. കളറുകളും വരകളും എന്നെ വീണ്ടും സന്തോഷിപ്പിക്കാൻ തുടങ്ങി. ആ പ്രതിസന്ധി ഘട്ടത്തിൽ സായ് പല്ലവി എനിക്ക് തന്നത് വെറുമൊരു പേപ്പറും കളറുമല്ല, മറിച്ച് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയായിരുന്നു. അനുപമ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anupama Credits Sai Pallavi For Healing
Next Story