‘കുറച്ചു കാലമായി അമ്മ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല’; അൻസിബയുടെ പരാതി ജനറൽ ബോഡിയിൽ ചർച്ച ചെയ്യും -ശ്വേത മേനോൻ
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കൊടുവിൽ പുതിയ നേതൃത്വം ചുമതലയേറ്റ താരസംഘടനയായ 'അമ്മ'യിൽ വീണ്ടും വൻ പൊട്ടിത്തെറി. ഭാരവാഹികൾ തമ്മിലുള്ള ചേരിപ്പോരും ഗുരുതരമായ വ്യക്തിപരമായ ആരോപണങ്ങളും പുറത്തുവന്നതോടെ സംഘടന കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ താൻ തയാറാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.
എന്നാൽ താൻ പരാജയപ്പെടാൻ വന്നവളല്ലെന്നും പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുമെന്നും ശ്വേത കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ തന്നെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ശ്വേത തുറന്നടിച്ചു. കുറച്ചു കാലമായി 'അമ്മ' ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും സെക്രട്ടറിയും ട്രഷററുമാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നും പ്രസിഡന്റ് കൂടിയായ ശ്വേത മേനോൻ വെളിപ്പെടുത്തി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമായി തനിക്ക് യാതൊരുവിധ ഈഗോ പ്രശ്നങ്ങളുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
താരസംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച നടി അൻസിബ ഹസ്സൻ, നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ വലിയ ചർച്ചയായിരുന്നു. എന്നാൽ അൻസിബയുടെ പ്രശ്നം തികച്ചും വ്യക്തിപരമായിരുന്നുവെന്നാണ് ശ്വേത മേനോന്റെ നിലപാട്.
‘ഒരു വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളിൽ 'അമ്മ'ക്ക് എങ്ങനെ ഇടപെടാൻ കഴിയും? ടിനി ടോമിനെതിരായ അൻസിബയുടെ പരാതി മാധ്യമങ്ങൾ വഴിയാണ് ഞാൻ അറിയുന്നത്. മെയ് 12ന് അൻസിബ രാജിക്കത്ത് നൽകുമ്പോൾ വ്യക്തിപരമായ കാരണങ്ങൾ മാത്രമാണ് പറഞ്ഞിരുന്നത്. 'അമ്മ'യെ നാറ്റിക്കാനുള്ള അജണ്ടയാണോ അൻസിബക്ക് പിന്നിലുള്ളത് എന്ന് അറിയില്ല’ -ശ്വേത മേനോൻ പറഞ്ഞു. സ്ത്രീകൾക്ക് സംഘടനയെ നയിക്കാൻ കഴിയില്ലെന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്നും ശ്വേത വ്യക്തമാക്കി. അൻസിബയുടെ പരാതി അടുത്ത മാസം നടക്കുന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്യുമെന്നും ശ്വേത പറഞ്ഞു.
അൻസിബയുടെ ആരോപണങ്ങൾക്ക് പിന്നാലെ നടൻ ടിനി ടോമിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നത് സംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ടിനി ടോം തനിക്കെതിരെ വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്നും, 'ജിഹാദി' എന്ന് വിളിച്ചതായും, മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്ന് വ്യാജപ്രചാരണം നടത്തിയതായും അൻസിബ ആരോപിച്ചിരുന്നു. കൂടാതെ 'അമ്മ'യിലെ മറ്റൊരു വനിതാ ഭാരവാഹി (ലക്ഷ്മിപ്രിയ) തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകിയപ്പോൾ സംഘടന ഒപ്പം നിന്നില്ലെന്നും അൻസിബ കുറ്റപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്തെത്തിയത്. സംഘടനയുടെ കുടുംബമേളക്കിടെ ടിനി ടോം തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരസ്യമായി അസഭ്യം പറഞ്ഞെന്നും കാണിച്ച് നീനാ കുറുപ്പ് സംഘടനക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേട്ടുകേൾവി മാത്രമാണെന്നുമാണ് ടിനി ടോമിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

