പ്രായം 83ലും ഷൂട്ടിങ് തിരക്ക്; ബിഗ് ബിക്ക് ഉറങ്ങാൻ സമയം പോരാ
text_fieldsഅഭിനേതാവിനെയും അഭിനയവും ചിന്തിച്ചുതുടങ്ങുമ്പോൾ രാജ്യത്ത് സിനിമാപ്രേമികളുടെ മനസ്സിൽ ആദ്യമെത്തുന്ന പേരുകളിലൊന്ന് അമിതാഭ് ബച്ചൻ എന്ന ബിഗ് ബിയുടേതായിരിക്കും. 1969ൽ ‘സാത് ഹിന്ദുസ്ഥാനി’യിൽ തുടങ്ങുന്നു ബച്ചന്റെ നാലര പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള അഭിനയ ജീവിതവും ചരിത്രവും. 1975ലെ ഷോലേ, ദീവാർ എന്നിവ മുതൽ 2024ലെ കൽകി 2898 എ.ഡി വരെ 200ലേറെ ചിത്രങ്ങൾ. തളരാത്ത ശരീരവും മനസ്സുമായി ഇപ്പോഴും ഓടിനടക്കുന്ന താരത്തിന് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡുകൾ അനവധി. പ്രായം 83ലെത്തിയെങ്കിലും തിരക്കുപിടിച്ച അഭിനയ ജീവിതത്തിനിടെ ബച്ചന്റെ ആധിയിപ്പോൾ ഉറങ്ങാൻ സമയം കിട്ടുന്നില്ലെന്നതാണ്. ‘കോൻ ബനേഗ ക്രോർപതി’ എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിക്കായി മണിക്കൂറുകൾ സെറ്റിൽ ചെലവിടേണ്ടിവരുമ്പോൾ പലപ്പോഴും ഉറക്കം കുറയുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം തന്റെ േബ്ലാഗിൽ പരിഭവപ്പെട്ടിരുന്നു.
‘‘അവർ പറയുന്നത് രാത്രി ഉറക്കം മനുഷ്യ ശരീരത്തിന് ഊർജം തിരിച്ചുപിടിക്കാനുള്ള സംവിധാനമാണെന്നാണ്. പക്ഷേ, അതുപാലിക്കാനുള്ള സമയം കണ്ടെത്താൻ ഞാൻ ശരിക്കും പ്രയാസപ്പെടുകയാണ്. ഇന്നെങ്കിലും ഒന്ന് ശ്രമിക്കണം. നേരത്തേ കിടന്ന് നേരത്തേ എഴുന്നേൽക്കണം. അതൊരു വേറിട്ട അനുഭവമാകും.... ഏതായാലും ഉറങ്ങാൻ ബെഡിലേക്ക് ഓടണം’’- ബച്ചൻ കുറിച്ചു.
ദിവസങ്ങൾക്കുമുമ്പ് സെറ്റിൽ വീണ് കാൽമുട്ടിന് പരിക്കേറ്റത് വാർത്തയായിരുന്നു. പരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം ഉടൻ കസേരയിലിരുന്നത് പരിക്കുമൂലമായിരുന്നു. അത്ര സാരമുള്ളതല്ലെന്ന വിശദീകരണം ശരിപ്പെടുത്തി പിന്നീട് പരിപാടികളിൽ സജീവമാകുകയും ചെയ്തു. അതിനിടെയാണ് ഉറക്കിനെ കുറിച്ച ആധികൾ.
ടെലിവിഷനിലെ അമിതാഭിനേക്കാൾ ആളുകൾക്കിഷ്ടം വെള്ളിത്തിരയിലാണെന്നതിനാൽ വൈകാതെ പ്രഭാസ്, കമൽ ഹാസൻ എന്നിവർക്കൊപ്പം കൽകി 2898 എ.ഡി രണ്ടാം ഭാഗം ഉടൻ തിയറ്ററുകളിലെത്തുന്നുണ്ട്. ആംഖേൻ 2 എന്ന സിനിമയും താരത്തിന്റേതായി വരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

