ക്ഷേത്രത്തിൽ 'തല' വേണ്ട; ആരാധകർക്ക് അജിത്തിന്റെ താക്കീത്
text_fieldsഅജിത് കുമാർ
തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ അകത്തുനിന്നുള്ള നടന്റെ വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ തന്നെ വൈറലാണ്. ഇപ്പോഴിതാ തന്നെ 'തല' എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന അജിത്തിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ക്ഷേത്രത്തിൽ ഒത്തുകൂടിയ ഭക്തർ അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും 'തല' എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ക്ഷേത്രപരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം വിസമ്മതിച്ചു. എന്നാൽ കാഴ്ചപരിമിതിയും കേൾവി പരിമിതിയുമുള്ള ഒരു ആരാധകനൊപ്പം ചിത്രങ്ങൾക്കായി നിന്നുകൊടുക്കാനും അജിത് മടികാണിച്ചില്ല. അജിത്തിന്‍റെ ഈ പ്രവൃത്തിയിൽ സോഷ്യൽമീഡിയയും ഇപ്പോൾ കയ്യടിക്കുകയാണ്.
പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായാ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയപ്പോഴുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. നടന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. മുണ്ടും, മേൽമുണ്ടും ധരിച്ചാണ് അജിത് അമ്പലത്തിൽ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും ഏറെ ശ്രദ്ധ നേടിയിരുന്നു.
'തല' എന്ന വിളിപ്പേര് ഉപയോഗിക്കരുതെന്ന് താരം അജിത് കുമാർ ആരാധകരോടും മാധ്യമങ്ങളോടും മുമ്പും വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ മേലിൽ 'തല' എന്നോ, മറ്റ് വിളിപ്പേരുകളായ 'തല അജിത് കുമാർ' എന്നോ മാറ്റി വിളിക്കാതെ, അജിത് എന്നോ, അല്ലെങ്കിൽ അജിത് കുമാർ എന്നോ മാത്രം വിളിക്കണമെന്നും ആവശ്യപ്പെട്ട് അജിത്ത് 2021ൽ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ ആരാധകരോടും, പൊതുജനങ്ങളോടും, മാധ്യമ സുഹൃത്തുക്കളോടും ഈ ആവശ്യം ഒരു അഭ്യർത്ഥനയായി സ്വീകരിക്കണമെന്നും അദ്ദേഹം അന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

