Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെളുത്ത നിറമുള്ളവരോട് വിരോധമില്ല, പക്ഷെ വെളുപ്പ് മാത്രമല്ല സൗന്ദര്യം; തൊലിക്കുള്ളിൽ എല്ലാവരും ഒരുപോലെയാണ് -ഐശ്വര്യ ലക്ഷ്മി

text_fields
bookmark_border
Aishwarya Lakshmi
cancel
camera_alt

ഐശ്വര്യ ലക്ഷ്മി

സിനിമയിലും സമൂഹത്തിലും കാലങ്ങളായി നിലനിൽക്കുന്ന വർണ്ണവിവേചനത്തെക്കുറിച്ചും തൊലി നിറത്തോടുള്ള അമിത ഭ്രമത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. കഴിവിനേക്കാൾ കൂടുതൽ ഇപ്പോഴും തൊലിനിറത്തിനാണ് സിനിമാ വ്യവസായത്തിൽ പ്രാധാന്യം നൽകുന്നതെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് താരത്തിന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. സൗന്ദര്യത്തെ വെളുത്ത നിറത്തോട് മാത്രം ബന്ധിപ്പിക്കുന്ന കാഴ്ചപ്പാട് സമൂഹത്തിലും സിനിമയിലും ഇന്നും ശക്തമായി നിലനിൽക്കുന്നുവെന്നും, ഈ ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചുവെന്നും ഐശ്വര്യ അഭിപ്രായപ്പെട്ടു.

തന്റെ പുതിയ ചിത്രമായ ‘ഗാട്ട ഗുസ്തി 2’വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ വർണ്ണവിവേചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഐശ്വര്യ ലക്ഷ്മി മനസ്സുതുറന്നത്. ഈ വെളുത്ത നിറത്തോടുള്ള അന്ധമായ ആരാധനയുടെയും വിവേചനത്തിന്റെയും വേരുകൾ അന്വേഷിച്ചാൽ നമ്മൾ ബ്രിട്ടീഷ് കോളനിവൽക്കരണ കാലഘട്ടത്തിലേക്ക് പോകേണ്ടിവരുമെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടുന്നു.

അധികാരം, സൗന്ദര്യം, ബഹുമാനം, ആകർഷണം എന്നിവയെല്ലാം വെളുത്ത നിറത്തോട് ചേർത്തുനോക്കുന്ന ഒരു അടിമത്ത ചിന്താഗതി അന്നുമുതൽ നമ്മുടെ സമൂഹത്തിൽ ബോധപൂർവ്വം കുത്തിവെക്കപ്പെട്ടതാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ ചിന്താഗതിയുടെ നിഴലിൽ നിന്നും പൂർണ്ണമായി മോചിതരാകാൻ ഇന്നും നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു.

‘എന്നെ പലപ്പോഴും ആളുകൾ 'ഡസ്‌കി ബ്യൂട്ടി' എന്ന് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തിൽ വ്യക്തിപരമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ അതിന് പിന്നിലുള്ള താരതമ്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് വിഷമം തോന്നുന്നത്. ഡസ്‌കി എന്ന വാക്ക് ഉപയോഗിക്കുമ്പോൾ തന്നെ, അതിന്റെ മറുവശത്ത് വെളുത്ത നിറമാണ് യഥാർത്ഥ മാനദണ്ഡം എന്നൊരു ചിന്ത ഒളിഞ്ഞിരിക്കുന്നുണ്ട്. വെളുത്ത നിറമുള്ളവരെ ആരും വൈറ്റ് ബ്യൂട്ടി എന്ന് പ്രത്യേകം വിളിക്കാറില്ലല്ലോ? ചർമത്തിന്റെ നിറമല്ല ഒരു മനുഷ്യനെ നിർവചിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. തൊലിക്കുള്ളിൽ എല്ലാവരും ഒരുപോലെയാണ്. സൗന്ദര്യം, ആകർഷണം, ശക്തി, ബഹുമാനം എന്നിവയെല്ലാം വെളുത്ത നിറമുള്ളവർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തരത്തിലുള്ള കാപട്യം നിറഞ്ഞ കാഴ്ചപ്പാട് പൂർണ്ണമായും മാറണമെന്നും താരം കൂട്ടിച്ചേർത്തു.

അടുത്തിടെ തമിഴ് സിനിമാ ലോകത്ത് നായികമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർണ്ണവിവേചനം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുണ്ട നിറമുള്ള നായികമാരുടെ കഥാപാത്രങ്ങൾക്ക് വേണ്ടി പോലും വെളുത്ത നിറമുള്ള നടിമാരെ കൊണ്ടുവരികയും, അവരുടെ ശരീരത്തിൽ കറുത്ത മേക്കപ്പ് (ടാനിങ്) ചെയ്ത് അഭിനയിപ്പിക്കുകയും ചെയ്യുന്ന പ്രവണതക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. സ്വാഭാവിക ചർമനിറമുള്ള നടിമാർക്ക് അവസരം നൽകാതെ ഇത്തരം മേക്കപ്പ് പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെ നിരവധി അഭിനേതാക്കളും സിനിമാപ്രവർത്തകരും രംഗത്തെത്തിയിരുന്നു. സിനിമയിൽ എല്ലാ വിഭാഗം ആളുകൾക്കും വൈവിധ്യമാർന്ന പ്രതിനിധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ ചർച്ചകളെല്ലാം അടിവരയിടുന്നത്.

തനിക്ക് വെളുത്ത നിറമുള്ളവരോട് യാതൊരു വിധത്തിലുള്ള വിരോധവുമില്ലെന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കുന്നുണ്ട്. എന്നാൽ വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്ന പൊതുബോധം സമൂഹത്തിൽ നിന്ന് പൂർണ്ണമായി ഇല്ലാതാകണം. വ്യത്യസ്തമായ എല്ലാ ചർമനിറങ്ങളെയും വളരെ സാധാരണമായി സ്വീകരിക്കാൻ സമൂഹം തയാറാകണം. എല്ലാ വിഭാഗത്തിൽപ്പെട്ട കലാകാരന്മാർക്കും തൊലിനിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടാതെ തുല്യമായ അവസരങ്ങൾ ലഭിക്കുന്ന തരത്തിലുള്ള ബോധപൂർവ്വമായ മാറ്റങ്ങൾ സിനിമാരംഗത്തും സമൂഹത്തിലും അടിയന്തരമായി ഉണ്ടാകേണ്ട സമയമാണിതെന്നും ഐശ്വര്യ ലക്ഷ്മി ശക്തമായ ഭാഷയിൽ തുറന്നടിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aishwarya Lekshmi Slams Colorism
Next Story