'വിസ്മരിക്കപ്പെടാനുള്ള സാധ്യത കൂടുതലെന്നറിയാം...' സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഐശ്വര്യ ലക്ഷ്മി, കാരണമിതാണ്
text_fieldsസമൂഹമാധ്യമ അക്കൗണ്ടുകൾ ഒഴിവാക്കുന്നതായി അറിയിച്ച് പ്രമുഖ നടി ഐശ്വര്യ ലക്ഷ്മി. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം വിവരമറിയിച്ചത്. സിനിമ മേഖലയിലെ നിലനിൽപ്പിന് സമൂഹമാധ്യമങ്ങൾ അനിവാര്യമായിരുന്നു എന്നാണ് താൻ ഇത്രയും കാലം കരുതിയിരുന്നത്. എന്നാൽ യഥാർഥത്തിൽ ഇത് തന്റെ ജോലിയിൽ നിന്നും ശ്രദ്ധ തിരിക്കുകയായിരുന്നു എന്ന് താരം കുറിച്ചു. തന്റെ സർഗാത്മകതയിലും സമാധാനത്തിലും സമൂഹമാധ്യമങ്ങൾ കൈകടത്തിതെന്നും തന്റെ ഭാഷയെയും ചെറിയ ചെറിയ സന്തോഷങ്ങളെയും പോലും അവ നിയന്ത്രിക്കാൻ തുടങ്ങിയെന്നും നടി പറഞ്ഞു.
ഐശ്വര്യയുടെ പോസ്റ്റിന്റെ പൂർണരൂപം:
ഏറെക്കാലമായി ‘സമൂഹ മാധ്യമങ്ങൾ’ ഈ മേഖലയിൽ നിലനിൽക്കാൻ അത്യാവശ്യമാണെന്ന ധാരണയിലായിരുന്നു ഞാൻ. പ്രത്യേകിച്ചും ഞാൻ ജോലി ചെയ്യുന്ന മേഖലയുടെ സ്വഭാവം പരിഗണിക്കുമ്പോൾ കാലത്തിനനുസരിച്ച് സഞ്ചരിക്കേണ്ടത് അനിവാര്യമാണെന്ന് വിശ്വസിച്ചു. പക്ഷേ, നമ്മളെ സഹായിക്കാനായി ഉണ്ടാക്കിയെടുത്ത ഈ സംവിധാനം എന്നെ അതിന് അടിമയാക്കി. എന്റെ ജോലിയെയും ഗവേഷണങ്ങളെയുമെല്ലാം അത് ബാധിച്ചു. എന്റെ എല്ലാ മൗലിക ചിന്തകളും അത് കവർന്നെടുത്തു. എന്റെ ഭാഷയെയും സംസാരരീതിയെ പോലും അവ ബാധിച്ചു. ഒപ്പം എന്റെ ചെറിയ ചെറിയ സന്തോഷങ്ങളും ഇല്ലാതാക്കി.
ഒരു അച്ചിൽ വാർത്തെടുത്ത് സൂപ്പർനെറ്റിന്റെ താൽപര്യങ്ങൾക്കായി ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ, ഇതിനെക്കുറിച്ച് ബോധവതിയാകാനും അതിനെ ചെറുക്കാനും ഞാൻ എന്നെത്തന്നെ കഠിനമായി പരിശീലിപ്പിച്ചു. കുറെ നാളുകൾക്ക് ശേഷം എനിക്ക് സ്വന്തമായി ഉണ്ടായ ഒരു ചിന്തയാണിത്.
വിസ്മരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് എനിക്കറിയാം. കാരണം ഇന്നത്തെ കാലത്ത് 'ഇൻസ്റ്റാഗ്രാമിൽ' ഇല്ലാത്തവർ മനസ്സിൽ നിന്നും പുറത്താണ്. അതുകൊണ്ട് എന്നിലെ കലാകാരിക്കും കൊച്ചു പെൺകുട്ടിക്കും വേണ്ടി ശരിയായ കാര്യം ചെയ്യുകയാണെന്ന് ഞാൻ കരുതുന്നു. എന്നെ ഒരു വ്യക്തിയായി നിലനിർത്തിക്കൊണ്ട് ഇന്റർനെറ്റിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ ഞാൻ തീരുമാനിക്കുന്നു. കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളും സിനിമകളും ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരം സിനിമകൾ ചെയ്യുമ്പോൾ പഴയ ശൈലിയിൽ നിങ്ങളെനിക്ക് സ്നേഹം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

