തലച്ചോറിലെ രക്തസ്രാവം; കന്നഡ നടൻ ദിനേശ് മംഗളൂരു അന്തരിച്ചു
text_fieldsദിനേശ്
മുതിർന്ന കന്നഡ നടനും കലാസംവിധായകനുമായ ദിനേശ് മംഗളൂരു അന്തരിച്ചു. ഉഡുപ്പിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് ടിവി 9 റിപ്പോർട്ട് ചെയ്യുന്നു. കെ.ജി.എഫ്, കിച്ച, കിരിക് പാർട്ടി തുടങ്ങിയ കന്നഡ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 55 വയസ്സായിരുന്നു. കെ.ജി.എഫിൽ ബോംബെ ഡോണിന്റെ വേഷമാണ് അദ്ദേഹം ചെയ്തത്.
കാന്താരയുടെ ചിത്രീകരണത്തിനിടെ ദിനേശിന് പക്ഷാഘാതം സംഭവിച്ചിരുന്നതായി പ്രാദേശിക പ്രസിദ്ധീകരണമായ ഉദയവാണി റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ ചികിത്സക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു. എന്നാൽ കഴിഞ്ഞയാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ദിനേശ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തിന് അസുഖമുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
റാണാ വിക്രം, അംബാരിക്കുളം, സവാരി, ഇൻതി നിന്ന ബേട്ടി, ആ ഡിംഗി, സ്ലം ബാല തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇതിനുമുമ്പ് തന്നെ നടൻ നിരവധി ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രാർഥന, തുഗ്ലക്ക്, ബെട്ടട ജീവ, സൂര്യ കാന്തി, രാവണ തുടങ്ങിയവ അദ്ദേഹം കലാസംവിധാനെ നിർവഹിച്ച ചിത്രങ്ങളാണ്. സിനിമയിലെത്തുന്നതിന് മുമ്പ് നാടകരംഗത്ത് ദിനേശ് സജീവമായിരുന്നു.
ദിനേശിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം ബംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ ലഗ്ഗെരെയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. നാളെ സുമനഹള്ളി ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടക്കും. ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിൽ ജനിച്ച ദിനേശ് വർഷങ്ങളായി ബംഗളൂരുവിലാണ് താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

