സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആമിർ ഖാന് 'സ്ക്രീൻ ഐക്കൺ അവാർഡ്'
text_fieldsപ്രശസ്ത ബോളിവുഡ് സൂപ്പർതാരവും ചലച്ചിത്ര നിർമാതാവുമായ ആമിർ ഖാന് സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'സ്ക്രീൻ ഐക്കൺ അവാർഡ്'. 37-ാമത് സിംഗപ്പൂർ ചലച്ചിത്രമേളയിലാണ് ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് അദ്ദേഹത്തെ ഈ ആദരവിലേക്ക് തെരഞ്ഞെടുത്തത്. മേളയുടെ ഭാഗമായി അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ലഗാൻ: വൺസ് അപ്പോൺ എ ടൈം ഇൻ ഇന്ത്യ' റിലീസ് ചെയ്തതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രദർശനവും നടക്കും.
2001-ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ സ്പെഷ്യൽ സ്ക്രീനിങിൽ ആമിർ ഖാനൊപ്പം ചിത്രത്തിന്റെ സംവിധായകൻ അശുതോഷ് ഗൊവാരിക്കറും പങ്കെടുക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1893-ലെ പശ്ചാത്തലത്തിൽ കഥ പറയുന്ന 'ലഗാൻ' അടിച്ചേൽപ്പിക്കപ്പെട്ട ഉയർന്ന നികുതി ഒഴിവാക്കാൻ ഒരു കൊച്ചു ഗ്രാമത്തിലെ സാധാരണക്കാർ ക്രിക്കറ്റ് കളിക്കാൻ നിർബന്ധിതരാകുന്ന പ്രമേയമാണ് സംസാരിക്കുന്നത്.
മെയിൻസ്ട്രീം കൊമേഴ്സ്യൽ സിനിമയുടെ പതിവു ശൈലികൾ മാറ്റിമറിച്ചുകൊണ്ട് ഒരു പുതിയ പരീക്ഷണമായി എത്തിയ ഈ ചിത്രം ലോകമെമ്പാടുമുള്ള നിരൂപകരുടെ പ്രശംസയും ഒപ്പം വലിയ വാണിജ്യ വിജയവും നേടിയിരുന്നു. തുടർന്ന് 2002-ലെ അക്കാദമി അവാർഡിൽ (ഓസ്കർ) മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും 'ലഗാൻ' സ്വന്തമാക്കുകയുണ്ടായി. വരുന്ന ഒക്ടോബർ 21 മുതൽ നവംബർ 1 വരെയാണ് സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറുന്നത്. ആമിർ ഖാന് പുറമെ ജാപ്പനീസ് സംവിധായകൻ ഹിരോകസു കൊറെ-എഡ ഉൾപ്പെടെയുള്ള പ്രമുഖ ഏഷ്യൻ ചലച്ചിത്ര പ്രവർത്തകരും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

