വോട്ടുയന്ത്രങ്ങൾ ബി.ജെ.പിക്കൊപ്പം; തൃണമൂൽ കമീഷന് മുന്നിൽ
text_fieldsന്യൂഡൽഹി: സംസ്ഥാന നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിറകെ വോട്ടുയന്ത്രങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കുന്ന പരാതികളും വന്നുതുടങ്ങി. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നിറക്കാർ ബി.െജ.പി പതിനെട്ടടവും പയറ്റുന്നതിനിടയിലാണ് രാവിലെതന്നെ വോട്ടുയന്ത്രങ്ങളെ കുറിച്ച് പരാതി വന്നുതുടങ്ങിയത്. രാവിലെ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്റേൻ കമീഷന് കത്തെഴുതുകയും ഉച്ചക്കുശേഷം തൃണമൂൽ പ്രതിനിധിസംഘം കമീഷനെ നേരിൽ കാണുകയും ചെയ്തു.
വോട്ടർമാർക്ക് വോട്ടുയന്ത്രത്തിൽ തൃണമൂൽ ചിഹ്നത്തിൽ വോട്ടുചെയ്യാൻ കഴിയുന്നില്ലെന്ന് മമത ട്വിറ്ററിൽ കുറിച്ചു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മമത ആവശ്യപ്പെട്ടു.
കാന്തി ദക്ഷിൺ നിയമസഭ മണ്ഡലത്തിൽ വോട്ടുചെയ്ത തങ്ങൾക്ക് ലഭിച്ച വിവിപാറ്റിലെല്ലാം താമരക്കാണ് വോട്ടു കാണിച്ചതെന്ന് വോട്ടർമാർ പറഞ്ഞത് ഗുരുതരമായതും മാപ്പർഹിക്കാത്തതുമാണിതെന്ന് മമത കുറിച്ചു. പൂർവ മേദിനിപൂരിലെ മജ്ല മേഖലയിലെ പോളിങ് ബൂത്തുകളിൽ തൃണമൂലിന് കുത്തിയ വോട്ടുകളെല്ലാം വിവിപാറ്റിൽ ബി.ജെ.പിക്കായതോട ജനങ്ങൾ ബൂത്തിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്ന് വോട്ടെടുപ്പ് നിർത്തിവെക്കേണ്ടിവന്നു. തൃണമൂലിൽനിന്ന് ബി.ജെ.പിയിലേക്ക് ചാടിയ സുവേന്ദു അധികാരിയുടെ തട്ടകമാണിത്. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ കണ്ട തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചുവെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈസ്റ്റ് മേദിനിപൂർ ജില്ലയിലെ വോട്ടുശതമാനം ട്വിറ്ററിൽ പങ്കുവെച്ച തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. കേവലം അഞ്ചു മിനിറ്റ് കൊണ്ട് എങ്ങനെയാണ് പോളിങ് ശതമാനം കുത്തനെ കുറഞ്ഞതെന്ന് മമത ചോദിച്ചു. പ്രധാനമന്ത്രി ബംഗ്ലാദേശിൽ പോയി ബംഗാളിനെ കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രിയുടെ വിസ റദ്ദാക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു.
2019ൽ ഒരു ബംഗ്ലാദേശ് നടൻ തൃണമൂൽ റാലിയിൽ പങ്കെടുത്തതിന് വിസ റദ്ദാക്കിപ്പിച്ചത് മമത ഓർമിപ്പിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കമീഷനോട് അവർ ആവശ്യപ്പെടുകയും ചെയ്തു. വോട്ടുയന്ത്രങ്ങളിലെ ക്രമക്കേടിനൊപ്പം അക്രമവും ബൂത്തുപിടിത്തവും റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചിമബംഗാളിൽ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. തൃണമൂൽ തോൽക്കുകയാണെന്നും അതുകൊണ്ടാണ് വോട്ടുയന്ത്രത്തിൽ കൃത്രിമം ആരോപിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് ആരോപിച്ചു. സൗമേന്ദു അധികാരിയുടെ വാഹനം ആക്രമിക്കപ്പെട്ടുവെന്നും ൈഡ്രവറെ മർദിച്ചുവെന്നും ബി.ജെ.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

