ബംഗാളിൽ പോരാട്ടം തൃണമൂൽ എ ടീമും ബി ടീമും തമ്മിൽ
text_fieldsകൊൽക്കത്തയിൽനിന്ന് നിർമാല്യ ബാനർജി
ബി.ജെ.പിയുടെ ജൽപായ്ഗുരി ജില്ല ജനറൽ സെക്രട്ടറി അലോക് സെൻ വ്യാഴാഴ്ച വാർത്ത സമ്മേളനം വിളിച്ച് തെൻറ രാജി പ്രഖ്യാപിച്ചു. ദബ്ഗ്രാം-ഫുൽബരി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനവും. രാജി കാരണം ഇതാണ്. സംസ്ഥാനത്ത് ഒരു വേരുമില്ലാത്ത കാലത്തും കാവിക്കൊടിയും പിടിച്ച് പ്രസംഗിച്ചു നടന്ന അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ ഈയിടെ തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് വന്ന ശിഖ ചാറ്റർജിയെ പാർട്ടി സ്ഥാനാർഥിയാക്കിയിരിക്കുന്നു.
സംസ്ഥാനത്തിെൻറ എല്ലാ കോണുകളിലും തൃണമൂൽ വിട്ടു വന്നവരെ ഇതുപോലെ സീറ്റ് നൽകിയാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നതെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ഈ മുൻ തൃണമൂലുകാരാവട്ടെ തൃണമൂൽ സ്ഥാപക അംഗവും ഈയടുത്ത കാലം വരെ മമത ബാനർജിയുടെ വലംകൈയുമായിരുന്ന മുകുൾ റോയിയുടെ വിശ്വസ്തരുമാണ്. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലല്ല മറിച്ച് തൃണമൂൽ എ ടീമും ബി ടീമും തമ്മിലാണ് ബംഗാളിൽ പോരാട്ടമെന്ന് നിരീക്ഷകർ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.
തെരഞ്ഞെടുപ്പിനു മുന്നോടിയായി മമതയുടെ പാളയം വിട്ട് കാവിപ്പടയ്ക്കൊപ്പം ചേർന്നവരിൽ പ്രമുഖൻ നന്ദിഗ്രാം എം.എൽ.എ സുവേന്ദു അധികാരിയാണ്. ഈസ്റ്റ് മിഡ്നാപൂരിൽ അതിസ്വാധീനമുള്ള അധികാരി കുടുംബത്തിലെ ഇളമുറക്കാരൻ. തെൻറ മണ്ഡലത്തിൽ മത്സരിക്കാനുള്ള സുവേന്ദുവിെൻറ െവല്ലുവിളി സ്വീകരിച്ച് തട്ടകമായ ഭവാനിപുർ വിട്ട് മമത നന്ദിഗ്രാമിൽ പത്രിക നൽകിയതോടെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ അവിടേക്ക് തിരിഞ്ഞു. സിംഗൂരിന് പിന്നാലെ നന്ദിഗ്രാമിൽ ബലാൽക്കാരമായി നടത്തിയ കുടിയൊഴിപ്പിക്കലാണ് ബംഗാളിൽ മൂന്ന് പതിറ്റാണ്ട് വാണരുളിയ ഇടതു സർക്കാറിെൻറ അന്ത്യം കുറിച്ചതും 2011ൽ മമത ബാനർജിയെ മുഖ്യമന്ത്രി കസേരയിൽ കൊണ്ടെത്തിച്ചതും. നാമനിർദേശ പത്രിക നൽകിയ ദിവസം നന്ദിഗ്രാമിൽ വെച്ച് മമതയുടെ കാലിന് പരിക്കേറ്റതോടെ ചർച്ചകൾ കൂടുതൽ ചൂടുപിടിച്ചു. ബി.ജെ.പിക്കാർ കരുതിക്കൂട്ടി നടത്തിയ അക്രമത്തിെൻറ ഫലമാണീ പരിക്കെന്ന് പ്ലാസ്റ്ററിട്ട കാലുമായി വീൽ ചെയറിലേറി സംസ്ഥാനമൊട്ടുക്ക് പറന്നുനടന്ന് മമത പറയുന്നു. എന്നാൽ, അപകടത്തിൽ സംഭവിച്ചതാണെന്നും മമത മുതലെടുക്കുകയാണെന്നുമാണ് ബി.ജെ.പി വാദം. തെരഞ്ഞെടുപ്പ് പ്രചാരണ രംഗം ഒട്ടും സന്തുലിതമല്ല. കൊൽക്കത്തയിലെ പ്രമുഖ ഇംഗ്ലീഷ് പത്രം കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചതുപോലെ വീൽചെയറിൽ നീങ്ങുന്ന ഒരു മഹിളയെ എതിരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി പ്രസിഡൻറ് ജെ.പി. നഡ്ഡ എന്നിവരുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രബലരും പ്രമുഖരുമായ 30 വ്യക്തികളാണ് തുനിഞ്ഞിറങ്ങിയത്. പ്രതിദിന യാത്രക്കാരെപ്പോലെ പ്രധാനമന്ത്രിയും മന്ത്രിമാരും ദിവസേന ഡൽഹിയിൽനിന്ന് ബംഗാളിലെത്തി മുക്കുമൂലകളിൽ കയറിയിറങ്ങി പ്രസംഗിക്കുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിെൻറ സുവർണജൂബിലി ആഘോഷത്തിനായി ധാക്കയിലേക്ക് പോകുേമ്പാഴും ബംഗാളാണ് മോദിയുടെ മനസ്സിലെ അജണ്ട. 20ലേറെ മണ്ഡലങ്ങളിൽ നിർണായക ശക്തിയായ മാതുവ വിഭാഗത്തിെൻറ വോട്ടിൽ കണ്ണുവെച്ച് ധാക്കയിൽനിന്ന് 190 കിലോമീറ്റർ അകലെ സമുദായ മേധാവിയായിരുന്ന ഹരിചന്ദ് ഠാകുറിെൻറ ജന്മദേശവും സുപ്രധാന ക്ഷേത്രവും സ്ഥിതി െചയ്യുന്ന ഒറാകന്ദിയിലേക്ക് പോകുന്നുണ്ട് പ്രധാനമന്ത്രി.
ഇടതു പാർട്ടികളും കോൺഗ്രസും ഫുർഫുറ ശരീഫ് പ്രസ്ഥാനത്തിെൻറ പാർട്ടിയായ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ചേർന്ന് രൂപവത്കരിച്ച സംയുക്ത മോർച്ച പ്രചാരണത്തിൽ ഏറെ പിന്നാക്കം പോയിരിക്കുന്നു. പ്രാരംഭ റാലിയിൽ അണികളെ അഭിവാദ്യം ചെയ്തതൊഴിച്ചാൽ കോൺഗ്രസിെൻറയോ സി.പി.എമ്മിെൻറയോ കൊള്ളാവുന്ന നേതാക്കളാരും ഇപ്പോൾ പ്രചാരണ പരിപാടികൾക്കെത്തുന്നില്ല. സമീപ സംസ്ഥാനമായ അസമിൽ പലകുറി വന്ന് പ്രസംഗിച്ച കോൺഗ്രസ് താര പ്രചാരകരായ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇവിടേക്ക് വന്നില്ല. കേരളത്തിൽ സി.പി.എമ്മുമായി ഏറ്റുമുട്ടുകയും ബംഗാളിൽ ചങ്ങാത്തം കൂടുകയും ചെയ്യുെന്നന്ന ആക്ഷേപം ഒഴിവാക്കലും ഇതിനു കാരണമായി പറയുന്നു. സീതാറാം യെച്ചൂരി ഉൾപ്പെടെ സി.പി.എം ദേശീയ നേതാക്കളും വളരെ വിരളമായി മാത്രമാണ് രംഗത്തെത്തുന്നത്. സഖ്യം തൃണമൂലിന് കീഴൊതുങ്ങിയാൽ അത് ബി.ജെ.പിക്ക് ക്ഷീണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. വീടുവീടാന്തരം കയറിയിറങ്ങി വോട്ടുചോദിക്കുന്നതിലാണ് സി.പി.എം സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധിക്കുന്നത്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇടത്-കോൺഗ്രസ് സഖ്യവും ബി.ജെ.പിയും കൂറ്റൻ റാലി നടത്തിയിരുന്നു. എന്നാൽ, തൃണമൂൽ അത്തരമൊരു മെഗാറാലി ഇതുവരെ സംഘടിപ്പിച്ചില്ല. അസം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി നേതാക്കൾ കൂട്ടമായെത്തി പ്രചാരണമേളം തീർക്കുമെന്ന് തൃണമൂൽ അണികൾ മുൻകൂട്ടിക്കാണുന്നുണ്ട്.
ചില ചാനലുകൾ നടത്തിയ സർവേയിൽ തൃണമൂലിന് മേൽക്കൈ കൽപ്പിക്കുന്നുണ്ട്. സംയുക്ത മോർച്ച കാര്യമായി സീറ്റ് പിടിച്ചാൽ തൂക്കുസഭക്കും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സർക്കാർ രൂപവത്കരിക്കാൻ തൃണമൂലിന് അവരെ ആശ്രയിക്കേണ്ടി വരും. മോർച്ച ബി.ജെ.പിക്ക് പിന്തുണ നൽകാനുള്ള സാധ്യത അതിവിദൂരവുമാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ വോട്ടിങ് രീതി വിശകലനം ചെയ്താൽ ബി.ജെ.പിയുടെ കടന്നുകയറ്റം തടയണമെങ്കിൽ വടക്കൻ ബംഗാളിലെയും ജർഗ്രാം,മിഡ്നാപുർ, പുരുളിയ, ബാങ്കുര തുടങ്ങിയ ആദിവാസി മേഖലകളിലെയു വോട്ടർമാരെ തിരിച്ചുപിടിക്കേണ്ടി വരും. ഒരു സീറ്റ് പോലും നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ പരിക്കുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് മമത. ഡാർജിലിങ്ങിലെ ശക്തിമാനായ ബിമൽ ഗുരങിനെ ബി.ജെ.പി പാളയത്തിൽനിന്ന് തങ്ങളിലേക്കടുപ്പിച്ചത് മലനാടുകളിലെ മൂന്ന് സീറ്റുകളിലും സമീപ പ്രദേശങ്ങളിലെ ആറു സീറ്റുകളിലും കണ്ണുവെച്ചാണ്. അലിപുർ ദുആറിലെ സ്വാധീനമുള്ള യുവനേതാവ് രാജേഷ് ലക്ര തൃണമൂലിൽ ചേർന്നത് തേയില ബെൽറ്റിലെ മമതയുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
സമുന്നത നേതാവ് അശോക് ഭട്ടാചാര്യ സിലിഗുരി സീറ്റ് നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. മുതിർന്ന നേതാവ് സുജൻ ചക്രവർത്തി മത്സരിക്കുന്ന ജാദവ്പുരാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മണ്ഡലം. സ്ഥാനാർഥികളുടെ താരത്തിളക്കം കൊണ്ടുകൂടി ശ്രദ്ധേയമാണ് തെക്കൻ ബംഗാളിലെ മണ്ഡലങ്ങൾ. സിനിമ, ടി.വി മേഖലകളിൽനിന്ന് നിരവധി പേരെയാണ് തൃണമൂലും ബി.ജെ.പിയും സ്ഥാനാർഥികളായി ഇറക്കിയിരിക്കുന്നത്. മികച്ച പ്രതിച്ഛായയുള്ള യുവജനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിൽ മമത ശ്രദ്ധിച്ചിട്ടുണ്ട്. അതുമൂലം ടിക്കറ്റ് ലഭിക്കാതെ പോയ പാർട്ടിയിലെ കാരണവന്മാരിൽ ചിലർ മുറുമുറുപ്പ് പ്രകടിപ്പിക്കുകയും ബി.ജെ.പിയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. സ്വന്തം പാർട്ടിയിൽനിന്ന് ആളുകൾ മറുകണ്ടം ചാടുേമ്പാഴും അതൊന്നും തങ്ങളെ ബാധിക്കാനേ പോകുന്നില്ല എന്ന ഉറച്ച നിലപാടാണ് മമത പ്രകടിപ്പിക്കുന്നത്. ആ ആത്മവിശ്വാസം തുണക്കുമോ എന്നറിയാൻ കാത്തിരിക്കുകതന്നെ.