അഞ്ചുഘട്ടങ്ങൾ കൂടി; പ്രചാരണ തീക്കാറ്റിൽ ബംഗാൾ
text_fieldsകേരളം അടക്കം നാലിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആരവം അടങ്ങിയതോടെ, ദേശീയ ശ്രദ്ധ മുഴുവൻ പശ്ചിമ ബംഗാളിലേക്ക്. വോട്ടെണ്ണലിനായി മേയ് രണ്ടു വരെ കാത്തിരിപ്പ് നീളുന്നതിനിടയിൽ പശ്ചിമ ബംഗാളിൽ ഇനി വോട്ടെടുപ്പിെൻറ അഞ്ചു ഘട്ടങ്ങൾകൂടി നടക്കാനുണ്ട്. തീപാറുന്ന ഏറ്റുമുട്ടലാണ് തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ. സാന്നിധ്യവും സ്വാധീനവും ഉറപ്പിക്കാൻ പഴയ പ്രതാപികളായ സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചുനിന്ന് നടത്തുന്ന പോരാട്ടം പുറമെ.
പശ്ചിമ ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 91 സീറ്റിൽ മാത്രമാണ് വോട്ടെടുപ്പു കഴിഞ്ഞത്. ശനിയാഴ്ചയാണ് 44 സീറ്റിലേക്കുള്ള നാലാംഘട്ട പോളിങ്. 17ന് 45 സീറ്റിലേക്കും 22ന് 43 സീറ്റിലേക്കും 26ന് 36 സീറ്റിലേക്കും വോട്ടെടുപ്പു നടക്കും. അവസാന ഘട്ട പോളിങ് ഏപ്രിൽ 29ന് 35 സീറ്റിൽ. ദേശീയ നേതൃനിരയൊന്നാകെ വിവിധ ഘട്ടങ്ങളിലായി 203 മണ്ഡലങ്ങളിലേക്കുള്ള പ്രചാരണത്തിലേക്ക് കേന്ദ്രീകരിക്കുകയാണ്.
ഏറ്റവും ശ്രദ്ധേയമായ നന്ദിഗ്രാമിലെ പോരാട്ടം പിന്നിട്ട മുഖ്യമന്ത്രി മമത ബാനർജി ബി.ജെ.പിയെ തളയ്ക്കാൻ പരിക്ക് വകവെക്കാതെ സംസ്ഥാന വ്യാപകമായ പര്യടനത്തിലാണ്. തെൻറ വിശ്വസ്തനായിരുന്ന്, അടുത്ത കാലത്തു മാത്രം ബി.ജെ.പിയിൽ ചേക്കേറിയ സുവേന്ദു അധികാരിയെ നന്ദിഗ്രാമിൽ നേരിട്ട മമത, മറ്റൊരു മണ്ഡലത്തിലും മത്സരിക്കുന്നില്ല.
തോൽവി ഭയന്ന് മമത രണ്ടാം മണ്ഡലത്തിലേക്കു നീങ്ങുന്നുവെന്ന ആരോപണം ഉന്നയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് മുറുകിയപ്പോൾ മമതയും മോദിയുമായുള്ള നേർക്കുനേർ പോരാട്ടമായി പ്രചാരണ രംഗം മാറി. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം മറ്റു ബി.ജെ.പി നേതാക്കളും മമതയെ ആഞ്ഞുകൊത്താൻ വട്ടമിട്ടുപറക്കുന്നു. എന്നാൽ, വീറുറ്റ പെൺപുലിയായി വംഗനാട്ടിൽ കാലുറപ്പിച്ചുനിൽക്കുകയാണ് മമത.
കേരളത്തിനു പുറമെ തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് കഴിഞ്ഞത്. മറ്റെല്ലായിടത്തും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ അസം മൂന്നു ഘട്ടങ്ങളായാണ് പ്രക്രിയ പൂർത്തിയാക്കിയത്. മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിലായിരുന്നു അസമിൽ വോട്ടെടുപ്പ്. നാലിടത്തെ വോട്ടർമാർക്കൊപ്പം പശ്ചിമ ബംഗാളിലെ 91 സീറ്റുകളിലേക്ക് വോട്ടു ചെയ്തവർക്കും മേയ് രണ്ടിനു മാത്രം നടക്കുന്ന വോട്ടെണ്ണലിലേക്ക് ഇനി നീണ്ട കാത്തിരിപ്പിെൻറ നാളുകൾ.
അടങ്ങാതെ അടി തട
അടിയും തടയുമായി പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത് തൃണമൂലിെൻറ ശക്തി കേന്ദ്രങ്ങളിലായിരുന്നു. ഏപ്രിൽ 10നാണ് നാലാംഘട്ടം. വ്യാഴാഴ്ച പരസ്യപ്രചാരണം അവസാനിക്കും. അതിനിടെ, തെരഞ്ഞെടുപ്പിനെത്തിയ കേന്ദ്രസേന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആജ്ഞാനുവർത്തികളായി മാറിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
സേനാംഗങ്ങൾ സ്ത്രീകളെ പീഡിപ്പിക്കുന്നതും ആളുകളെ അടിച്ചോടിക്കുന്നതും പതിവായി. വോട്ടർമാർ ബൂത്തിലെത്തുന്നത് തടയലാണ് ലക്ഷ്യം. അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ നടപടി. വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ പത്തുപേർ ഇതിനകം കൊല്ലപ്പെട്ടത് ഇതിന് തെളിവാണ്. തെരഞ്ഞെടുപ്പ് കമീഷനാണ് നിലവിൽ ഭരണ നിർവഹണ ചുമതല. ഒരാളും കൊല്ലപ്പെടാതിരിക്കാനുള്ള നടപടി കമീഷെൻറ ഭാഗത്തുനിന്നുണ്ടാകണം. കേന്ദ്രസേനയെ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനം വേണം. സ്ത്രീകൾക്കെതിരായ അതിക്രമം തടയണം -മമത തെരഞ്ഞെടുപ്പ് റാലിക്കിടെ ആവശ്യപ്പെട്ടു.
അതിനിടെ, പണക്കൊഴുപ്പിെൻറ ആരവത്തിൽ ബി.ജെ.പി നേതാക്കൾ ബംഗാളിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. വ്യവസായവത്കരണ വാഗ്ദാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിംഗൂരിൽ റോഡ് ഷോ നടത്തി. ടാറ്റക്ക് കൃഷിഭൂമി കൈമാറിയതോടെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ച മണ്ണിലാണ് ബി.ജെ.പിക്ക് വോട്ടുചെയ്താൽ വ്യവസായം കൊണ്ടുവരാമെന്ന് അമിത് ഷാ പറയുന്നത്. മൂന്നുദിവസം മുമ്പ് ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തിയതിന് പിന്നാലെയാണ് അമിത് ഷായുടെ വരവ്. മമതയുടെ പിന്തിരിപ്പൻ നയങ്ങളാണ് ബംഗാളിെൻറ വികസനത്തിന് തിരിച്ചടിയാകുന്നതെന്ന് ഷാ ആരോപിച്ചു.
വ്യവസായിക വികസനവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യൂവെന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. തൃണമൂൽ വിട്ടുവന്നവരാണ് ബി.െജ.പിയുടെ സ്ഥാനാർഥികളിൽ പലരും. നാലുവട്ടം തൃണമൂൽ എം.എൽ.എയായ 89 കാരനായ രവീന്ദ്രനാഥ ഭട്ടാചാര്യയാണ് സിംഗൂരിൽ ബി.ജെ.പി സ്ഥാനാർഥി. ഇത്തവണ മമത സീറ്റ് നിഷേധിച്ചതോടെയാണ് ഭട്ടാചാര്യ ബി.ജെ.പിയിൽ ചേക്കേറിയത്. 294 സീറ്റുകളിൽ 200ലേറെ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.
റാലിക്കിടെ, റിക്ഷാവാലയുടെ വീട്ടിലെത്തി ഷാ ഭക്ഷണം കഴിച്ചതും മാധ്യമങ്ങൾ ആഘോഷിച്ചു. വെറും നിലത്തിരുന്ന് ചോറും പരിപ്പുകറിയും പച്ചക്കറി സാലഡുമാണ് കഴിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളെയെല്ലാം അണിനിരത്തിയാണ് ബംഗാളിലെ ബി.ജെ.പിയുടെ പടപ്പുറപ്പാട്. ഇവരുടെ വാദങ്ങൾക്ക് ചുട്ട മറുപടിയുമായി മമത ഒറ്റക്ക് പ്രതിരോധിക്കുേമ്പാൾ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിന് വാശിയും വീറും ഏറുകയാണ്.
മമതക്ക് െതരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്
കൊൽക്കത്ത: സാമുദായികമായി വോട്ടഭ്യർഥിച്ചു എന്ന ബി.ജെ.പി പരാതിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസയച്ചു. 48 മണിക്കൂറിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
മുസ്ലിം വോട്ടുകൾ വിവിധ പാർട്ടികൾക്കായി നൽകി ഭിന്നിച്ചുപോവരുതെന്ന് ഹൂഗ്ലിയിൽ നടന്ന റാലിയിൽ മമത പ്രസംഗിച്ചിരുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപണം.