അറിയേണ്ടതെല്ലാം അറിയാം വോട്ട് കുഞ്ഞപ്പനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി
text_fieldsകലക്ടറേറ്റിൽ വോട്ട് കുഞ്ഞപ്പനെ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല പരിചയപ്പെടുന്നു
കൽപറ്റ: കാലം മാറി. ബാലറ്റുപെട്ടിക്കു പകരം വോട്ടുയന്ത്രങ്ങളെത്തി. മാറിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയും മാറുകയാണ്. ഇക്കുറി റോബോട്ടിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. വോട്ടര്‍ ബോധവത്കരണത്തിന് ആദ്യമായി വോട്ട് കുഞ്ഞപ്പന് റോബോട്ടും നാട്ടിലിറങ്ങി.
വയനാട് എൻജിനീയറിങ് കോളജാണ് വോട്ട് കുഞ്ഞപ്പന് വേര്‍ഷന്‍ 15.0 എന്ന പേരില്‍ കുഞ്ഞന്‍ റോബോട്ടിനെ ഇറക്കിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പെൻറ സാദൃശ്യമുള്ള റോബോട്ട് വോട്ടര്‍മാര്‍ക്ക് നിർദേശങ്ങൾ നൽകും. ഇവയെല്ലാം ആനിമേഷന്‍ രൂപത്തില്‍ സ്ക്രീനില്‍ തെളിയും.
പൊതു ഇടങ്ങളില്‍ വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് ചാറ്റ് ബോര്‍ഡ് സംവിധാനവും റോബോട്ടിലുണ്ട്. സ്വീപ് വെബ്സൈറ്റ് ഓപണ്‍ ചെയ്യാനുള്ള ക്യു.ആര് കോഡും സജ്ജീകരിച്ചിട്ടുണ്ട്.
വയനാട് എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.എം. അനസ്, അധ്യാപകരായ സി.ജെ. സേവ്യര്‍, ആര്. വിപിന്‍രാജ്, കെ.പി. മഹേഷ്, വിദ്യാര്‍ഥികളായ എജുലാല്‍, അവിന്‍ബാബു എന്നിവരടങ്ങുന്ന സംഘമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റോബോട്ട് നിർമിച്ചത്. ചാർജ് ചെയ്താല്‍ മണിക്കൂറുകളോളം സേവനത്തിന് കുഞ്ഞപ്പന് തയാറാണ്.
വിപുലമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ സ്വീപ് വിവിധ പരിപാടികള്‍ ജില്ലയില്‍ ഇതിനകം നടത്തിയിട്ടുണ്ട്. ആദിവാസി മേഖലയിലടക്കം വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാണ്. വോട്ട് കുഞ്ഞപ്പനും ജോലിത്തിരക്കിലാണ്.
കലക്ടറേറ്റിൽ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല വോട്ട് കുഞ്ഞപ്പനെ ജോലിയില്‍ ചേര്‍ത്തു. അസി. കലക്ടര്‍ ഡോ. ബല്‍പ്രീത് സിങ്, ജില്ല പ്ലാനിങ് ഓഫിസര്‍ മുരളീധരന് നായര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ സുഭദ്ര നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.