നവീകരിച്ച ചിത്തിര തിരുനാൾ പാർക്ക് തുറന്നു
text_fieldsതിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശ്രീചിത്തിര തിരുനാൾ പാർക്ക് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു.
നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. വിശാലമായ ഇരിപ്പിടങ്ങൾ, പരമ്പരാഗത പ്രൗഢി നിലനിർത്തുന്ന മണ്ഡപം, ക്രാഫ്റ്റ് സ്റ്റാളുകൾ, സെൽഫി പോയന്റ്, സംഗീത ജലധാര, പൂന്തോട്ടം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നഗരത്തിന്റെ ഹരിതാഭ നിലനിർത്തിയും ലഭ്യമായ പൊതുയിടങ്ങൾ മനോഹരമായി പരിപാലിച്ചും നഗരസൗന്ദര്യം നിലനിർത്തുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് മേയർ പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, അർബൻ ഡയറക്ടർ അരുൺ കെ. വിജയൻ, സ്ഥിരംസമിതി അധ്യക്ഷർ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.