പോളിങ് കുറഞ്ഞു; തലശ്ശേരിയിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ
text_fieldsകണ്ണൂർ: ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാത്ത തലശ്ശേരിയിൽ സംസ്ഥാനം ഉറ്റുനോക്കിയ മത്സരത്തിൽ പോളിങ് ശതമാനത്തിൽ നേരിയ കുറവ്. 2016നെ അപേക്ഷിച്ച് 4.4 ശതമാനത്തിെൻറ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.
2016ൽ 78.34 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇക്കുറി 73.93 ശതമാനം പേർ രേഖപ്പെടുത്തി. അന്തിമ കണക്കിൽ ഇത് അൽപംകൂടി കൂടിയേക്കാം.
മണ്ഡലത്തിൽ ബി.ജെ.പിക്ക് 15 ശതമാനത്തോളം വോട്ടുണ്ടെന്നാണ് കണക്ക്. ശതമാനത്തിലെ കുറവിന് കാരണം ബി.ജെ.പിയുെട വോട്ട് പോൾ ചെയ്യാതിരുന്നതാകാനാണ് സാധ്യത. ബി.ജെ.പി ശക്തികേന്ദ്രങ്ങിൽ പലയിടത്തും വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നേതൃത്വം രംഗത്തിറങ്ങിയതുമില്ല.
ബി.ജെ.പിക്ക് തലശ്ശേരിയിൽ 25,000 വോട്ടുകളുണ്ടെന്നാണ് കണക്കാക്കുന്നത്. കുറവുവന്ന 4.4 ശതമാനം വോട്ടിെൻറ എണ്ണമെടുത്താൽ 7500ലേറെ വരും. അങ്ങനെയെങ്കിലും ബി.ജെ.പിയുടെ വോട്ടിൽ ഏകദേശം 17500 എണ്ണം ഇക്കുറിയും പോൾ ചെയ്തിട്ടുണ്ട്. ഈ വോട്ടുകൾ സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ എ.എൻ. ഷംസീറിനോ കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷനോ എന്നത് വ്യക്തമല്ല.
സ്ഥാനാർഥിയില്ലാത്ത സാഹചര്യത്തിൽ മനഃസാക്ഷി വോട്ടിന് ജില്ല നേതൃത്വം തീരുമാനിച്ചപ്പോൾ, ബി.ജെ.പി വോട്ട് വേണ്ടെന്നുപറഞ്ഞ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനാണ് പിന്തുണയെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്. ബി.ജെ.പി പ്രവർത്തകർക്ക് സ്വീകാര്യനല്ലാത്ത സി.ഒ.ടി. നസീറിന് അവരുടെ വോട്ട് കാര്യമായി കിട്ടാനിടയില്ല.
ആർ.എസ്.എസ് -സി.പി.എം സംഘർഷത്തിെൻറ ചരിത്രമുള്ള തലശ്ശേരിയിൽ ബി.ജെ.പി വോട്ട് സി.പി.എമ്മിന് പോകില്ലെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
അപ്പോഴും 2106ൽ ഷംസീർ നേടിയ 34,117െൻറ ഭൂരിപക്ഷം യു.ഡി.എഫിന് മറികടക്കാനായോയെന്ന ചോദ്യം ബാക്കിയാണ്. ശബരിമല, ഷംസീറിനെതിരായ പൊതുവികാരം എന്നിവയിൽ പ്രതീക്ഷവെക്കുന്ന കോൺഗ്രസ് അട്ടിമറിസ്വപ്നം ഉപേക്ഷിച്ചിട്ടില്ല.
അതേസമയം, ഷംസീർ സുരക്ഷിതനാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസിെൻറ പത്രിക തള്ളിപ്പോയതിനെ തുടർന്നാണ്, കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള തലശ്ശേരിയിൽ ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാതെപോയത്.