ജയത്തിലല്ല കാര്യം, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരുകൈ നോക്കാൻ വാടി ഹരീന്ദ്രൻ
text_fieldsചിഹ്നമായ ഗ്യാസ് സിലിണ്ടറുമായി വാടി ഹരീന്ദ്രൻ
തലശ്ശേരി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മല്ലൻമാരായാലും ഒരു കൈ നോക്കാൻ വാടി ഹരീന്ദ്രനുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതും അങ്കം കുറിക്കുന്ന ധർമടം മണ്ഡലത്തിലാണ് സ്വതന്ത്രനായി ഇത്തവണ വാടി ഹരീന്ദ്രന്റെ രംഗപ്രവേശം.
ജില്ലയിലെ പ്രധാന ചെസ് കളിക്കാരനും പരിശീലകനുമാണ് തലശ്ശേരി വടക്കുമ്പാട് മഠത്തുംഭാഗം സ്വദേശിയായ പൂലോട്ട് മീത്തൽ വീട്ടിൽ വാടി ഹരീന്ദ്രൻ. കെ.എസ്.ഇ.ബി പെരിങ്ങത്തൂർ ഓഫിസിൽനിന്ന് ഓവർസിയറായി വിരമിച്ച 62 കാരനായ ഹരീന്ദ്രന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒരു ഹരമാണ്. വ്യത്യസ്ത തെരഞ്ഞെടുപ്പിൽ ഇത് ഏഴാം തവണയാണ് മത്സരിക്കാനിറങ്ങുന്നത്. തോറ്റാൽ കെട്ടിവെച്ച കാശ് പോകില്ലേ എന്ന് ചോദിക്കുമ്പോൾ അതൊന്നും വലിയ കാര്യമാക്കുന്നില്ല.
കെട്ടിവെക്കാനുള്ള കാഷ് മുടക്കുന്നത് ഞാനല്ല, ജില്ല ചെസ് അസോസിയേഷനുണ്ട് എന്നെ സഹായിക്കാനെന്ന് ഹരീന്ദ്രന്റെ നർമം കലർന്ന മറുപടി. 1992 മുതൽ മാറി മാറി ഓരോ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി ഹരീന്ദ്രൻ മത്സരിച്ച് തോൽവി അറിഞ്ഞിട്ടുണ്ട്. രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിമാർക്കെതിരെ മത്സരിച്ച അനുഭവസമ്പത്തുള്ളതിനാൽ ഇത്തവണ വലിയ ടെൻഷനില്ലെന്ന് ഹരീന്ദ്രൻ പറയുന്നു.1995ൽ തിരൂരങ്ങാടിയിൽ മുഖ്യമന്ത്രി എ.കെ. ആന്റണി മത്സരിച്ചപ്പോൾ അവിടെയും ഒന്ന് പരീക്ഷിച്ചു നോക്കി. അന്ന് വിയർപ്പൊഴുക്കാതെ 275 വോട്ട് നേടി. ഇത് കൈമുതലാക്കി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് സ്വതന്ത്രനായി ചക്ക ചിഹ്നത്തിൽ മത്സരിച്ചു. അന്ന് അറിയാവുന്ന പലരെയും കണ്ട് വോട്ട് തേടി. ഫലം വന്നപ്പോൾ അഞ്ച് പോസ്റ്റൽ വോട്ടടക്കം 300 വോട്ടുകൾ.
മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലമായതിനാൽ ധർമടത്ത് വീണ്ടും ഒരു പരീക്ഷണത്തിനിറങ്ങിയ ഹരീന്ദ്രന് പ്രതീക്ഷിക്കാതെ ഗ്യാസ് സിലിണ്ടർ ചിഹ്നമായി ലഭിച്ചപ്പോൾ കൂടുതൽ സന്തോഷമായി. ജയിക്കുമെന്നാണ് ഹരീന്ദ്രന്റെ പ്രതീക്ഷ. ജയിച്ചാൽ എല്ലാ വിഭാഗമാളുകൾക്കും പ്രതിമാസ പെൻഷൻ നൽകാൻ മുൻകൈയെടുക്കും. തൊഴിലില്ലാത്തവർക്കെല്ലാം തൊഴിലില്ലായ്മ വേതനം. ഹരീന്ദ്രന്റെ പ്രകടന പത്രികയിൽ ഇനിയുമുണ്ട് നിരവധി വാഗ്ദാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

