തലശ്ശേരിയിൽ പ്രചാരണത്തിന് കൂടുതൽ ചൂട്
text_fieldsതലശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ. ഷംസീറിന് നിടുമ്പ്രം കൊക്കോമഠത്ത് നൽകിയ സ്വീകരണം
തലശ്ശേരി: മണ്ഡലത്തിൽ ഇത്തവണ പ്രചാരണ ചൂട് കൂടുതലാണ്. എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേരെയാണ് പോരാട്ടം. എൻ.ഡി.എ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതാണ് പ്രധാന കാരണം. പരമാവധി വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിലാക്കാനാണ് ഇരുമുന്നണികളുടെയും കഠിന ശ്രമം.
െചാക്ലിക്കടുത്ത കോമങ്കണ്ടിയിൽ വെള്ളിയാഴ്ച രാവിലെ കുട്ടികളും സ്ത്രീകളും വയോധികരുമുൾപ്പെടെ കാത്തിരിക്കുകയാണ്.
അവർക്കിടയിലേക്ക് കൈയുയർത്തി തലശ്ശേരി നിയോജക മണ്ഡലത്തിൽ ജനവിധി തേടുന്ന ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. എ.എൻ. ഷംസീർ കടന്നെത്തി. നാസിക് ബാൻഡ് വാദ്യവുമായി സ്ഥാനാർഥിയെയും ആനയിച്ചുള്ള യാത്രയായിരുന്നു പിന്നീട്. 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന പ്ലക്കാർഡുകളുയർത്തിയ കുട്ടികൾക്ക് പിന്നാലെ സ്ഥാനാർഥിയും തൊട്ടുപിന്നാലെ വോട്ടഭ്യർഥനയുമായി മുത്തുക്കുടകളേന്തിയ സ്ത്രീകളും വയോധികരും അണിനിരന്നു.
കവലകൾ തോറും വോട്ട് തേടിയുള്ള ഷംസീറിെൻറ രണ്ടാംഘട്ട പര്യടനമാണ് കോമങ്കണ്ടിയിൽ നിന്നാരംഭിച്ചത്.
തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷന് കോടിയേരി കല്ലിൽതാഴയിൽ നൽകിയ സ്വീകരണം
വെയിലിെൻറ തീക്ഷ്ണതയൊന്നും വകവെക്കാതെ വോട്ടർമാർക്കിടയിലിറങ്ങി വിജയാധിപത്യം കുറിക്കാനുള്ള തീവ്രയത്നത്തിലാണ് സ്ഥാനാർഥി അഡ്വ. എ.എൻ. ഷംസീർ. നിയമസഭയിൽ രണ്ടാം അങ്കമാണ് ഷംസീറിന്. വികസന നേട്ടങ്ങൾ നിരത്തി വോട്ടുകൾ കൂട്ടാനാണ് വിശ്രമമില്ലാതെ സ്ഥാനാർഥി എല്ലായിടത്തും ഒാടിയെത്തുന്നത്.
ഇടതുകേന്ദ്രങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. സി.പി.എം ഒാഫിസ് മുറ്റത്ത് ഒരുക്കിയ സ്വീകരണത്തിൽ മണ്ഡലത്തിലെ വികസനങ്ങൾ എണ്ണിപ്പറയുേമ്പാൾ ഷംസീർ വാചാലനായി. ചുവപ്പ് മേലാപ്പിൽ വഴിയോരങ്ങളിലെല്ലാം ആവേശകരമായ വരവേൽപാണ് സ്ഥാനാർഥിക്ക്.
കണിക്കൊന്നയും വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളുമായി ഒാരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും അക്ഷമരായി സ്ഥാനാർഥിയെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
മേക്കുന്ന് റിക്രിയേഷൻ സെൻറർ, പൊതുവടക്കയിൽ മുക്ക്, തോയാട്ട് മുക്ക്, കല്ലിൽ മൊട്ട, ചെറിയത്ത് മുക്ക്, കൊക്കോ മഠം, സുധീഷ് മന്ദിരം, പുതിയാടത്തിൽ മുക്ക്, കിഴക്കെ പന്ന്യന്നൂർ, വടക്കെ പന്ന്യന്നൂർ, ചാലിൽ മുക്ക്, കിഴക്കെ ചമ്പാട്, തോട്ടുമ്മൽ, പുഞ്ചക്കര മഠം, മീത്തലെ ചമ്പാട്, പൊന്ന്യം പാലം, ചാടാലപ്പുഴ പവിത്രൻ സ്മാരകം, രണധാര, ചോയ്യാടം ജങ്ഷൻ, പുല്ലോടി ലക്ഷം വീട്, തയ്യിൽ ഇ.കെ. നായനാർ സ്മാരകം, ടി.വി. അനന്തൻ നായർ ക്ലബ്, കുണ്ടുചിറ എ.കെ.ജി ക്ലബ് എന്നിവിടങ്ങളിലാണ് ഷംസീർ വെള്ളിയാഴ്ച പര്യടനം നടത്തിയത്.
തലശ്ശേരി നിയോജക മണ്ഡലത്തെ 50 വര്‍ഷം പിറകോട്ടടിപ്പിച്ച കമ്യൂണിസ്റ്റ് നയത്തിനെതിരെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷെൻറ പ്രയാണം. മണ്ഡലത്തിലെ വികസന മുരടിപ്പാണ് വോട്ടർമാർക്കിടയിൽ അരവിന്ദാക്ഷൻ തുറന്നുകാട്ടുന്നത്. മാടപ്പീടികയില്‍ നിന്നാണ് വെള്ളിയാഴ്ച പര്യടനം ആരംഭിച്ചത്. യു.ഡി.എഫ് ജില്ല ചെയര്മാന് പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നങ്ങാറത്ത്പീടിക, കൊമ്മല്‍വയൽ, പുന്നോല്‍ കിണര്‍, പീച്ചാണ്ടിപാലം, പൊതുവാച്ചേരി, ആച്ചുകുളങ്ങര എന്നിവിടങ്ങളില്‍ സ്ഥാനാർഥിയെ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവർ എത്തി.
പൊരിവെയിലത്ത് പര്യടനത്തിനിടയിൽ വാടിത്തളർന്ന സ്ഥാനാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിക്കാനും പാനീയം നൽകാനും ആളുകളെത്തി.
കോടിയേരി മലബാര്‍ കാന്‍സര്‍ സെൻററില്‍ സര്‍ക്കാര്‍ പ്രതിനിധിയായപ്പോള്‍ സെൻററിെൻറ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ ചെയ്തത് അരവിന്ദാക്ഷന് വോട്ടര്‍മാർക്കിടയിൽ അവതരിപ്പിച്ചു. തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുക അനുവദിച്ചതും പിന്നീടുവന്ന പിണറായി സര്‍ക്കാര്‍ ആശുപത്രിക്ക് തറക്കല്ലിടാന്‍ അഞ്ച് വര്‍ഷമെടുത്തതും അരവിന്ദൻ പരിഹാസമായി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇത്തവണ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ തലശ്ശേരിയുടെ പ്രതിനിധിയായി തന്നെ വിജയിപ്പിച്ചാല്‍ രാഷ്ട്രീയം നോക്കാതെ നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പും വോട്ടര്‍മാർക്ക് നൽകിയാണ് അരവിന്ദാക്ഷെൻറ പര്യടനം. ഷാനിദ് മേക്കുന്ന്, റഹദാദ് മൂഴിക്കര, സി.പി. പ്രസീല്‍ ബാബു, എ.ആര്. ചിന്മയ്, അഡ്വ. കെ.സി. രഘുനാഥ്, കെ.സി. ജയപ്രകാശ് മാസ്റ്റര്‍, പി.കെ. രാജേന്ദ്രന്, റഷീദ് തലായി, പി.കെ. ഹനീഫ, കെ. ശശിധരന് മാസ്റ്റര്‍, വി.സി. പ്രസാദ്, പി.ടി. പ്രേമനാഥന്‍ മാസ്റ്റര്‍, പവിത്രന് കുന്നോത്ത്, റഹീം ചമ്പാട് എന്നിവര്‍ വിവിധകേന്ദ്രങ്ങളില്‍ സംസാരിച്ചു.