തോറ്റ് തൊപ്പിയിട്ട് പി.സി ജോർജ്
text_fieldsതെരഞ്ഞെടുപ്പ് ഫലം വരും മുേമ്പ വിജയമുറപ്പിച്ച സ്ഥാനാർഥിയായിരുന്നു തൊപ്പി ചിഹ്നത്തിൽ മത്സരിച്ച പി.സി ജോർജ്. എന്നാൽ, ഫലമറിഞ്ഞപ്പോൾ തോറ്റ് തൊപ്പിയിട്ടിരിക്കുകയാണ് പൂഞ്ഞാറിലെ കേരള ജനപക്ഷം സ്ഥാനാർഥിയായ പി.സി ജോർജ്. വോട്ടെണ്ണി തുടങ്ങുേമ്പാൾ ഏത് തരത്തിലാണ് ലീഡ് മാറി മറിയുകയെന്ന് പോലും കേരള ജനപക്ഷം പ്രവചിച്ചിരുന്നു. ആദ്യമെണ്ണുന്ന ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ തിരിച്ചടി നേരിട്ടാലും പഞ്ചായത്തുകളിലേക്ക് വോട്ടെണ്ണൽ നീങ്ങുേമ്പാൾ മുന്നിലെത്തുമെന്നായിരുന്നു ജോർജും കേരള ജനപക്ഷവും പറഞ്ഞിരുന്നത്.
ഈരാറ്റുപേട്ടയിൽ സ്വാധീനമുള്ള മുസ്ലിം സമുദായം കൈവിട്ടാലും ഹിന്ദു-ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണത്തിലൂടെ വിജയിക്കാൻ കഴിയുമെന്നായിരുന്നു പി.സി ജോർജിന്‍റെ പ്രതീക്ഷ. ഇതിനായി വർഗീയ പരാമർശങ്ങൾ ജോർജ് ആവോളം നടത്തി. ലൗ ജിഹാദ് പോലുളള ആരോപണങ്ങളുയർത്തി ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ തന്നിലേക്ക് ഏകീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് ജോർജ് നടത്തിയത്.
എന്നാൽ, ഇത്തരത്തിൽ പച്ചയായ വർഗീയത പറയുന്നവരെ കേരളത്തിന്‍റെ മതേതര മനസ് അംഗീകരിക്കില്ലെന്നതിന്‍റെ തെളിവായി പി.സി ജോർജിന്‍റെ പരാജയം. കേരള കോൺഗ്രസ്(എം) സ്ഥാനാർഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് വൻ പരാജയമാണ് പൂഞ്ഞാറിൽ പി.സി ജോർജ് ഏറ്റുവാങ്ങിയത്.