എസ്.ഡി.പി.ഐ കൂവൽ പാർട്ടി; സി.പി.എമ്മുമായി പൂഞ്ഞാറിൽ ധാരണ -പി.സി. ജോർജ്
text_fieldsപൂഞ്ഞാർ: പൂഞ്ഞാറില്‍ സി.പി.എം-എസ്.ഡി.പി.ഐ രഹസ്യധാരണയുണ്ടെന്ന് ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ്. 15 ശതമാനം മുസ്ലിം തീവ്രവാദം ഈരാട്ടുപേട്ടയിലുണ്ട്. തനിക്ക് തുറന്നുപറയാന്‍ ഭയമില്ല. എസ്.ഡി.പി.ഐ കൂവിക്കൊണ്ടേയിരിക്കുമെന്നും ഞാന്‍ തെറി പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍റെ വിജയം പൂഞ്ഞാറുകാരുടെ ആത്മാഭിമാനത്തിന്‍റെ കൂടി പ്രശ്നമാണ്. പുറത്തുനിന്നുള്ളവരാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ഡി.ജെ.എസ് സ്ഥാനാർഥികൾ. പൂഞ്ഞാറിലെന്തിനാ വിദേശികളെല്ലാം വന്നു കൂടുന്നത്? അതിന്‍റെ ആവശ്യെമന്താ? ഇപ്പോൾ ട്രെൻഡ് ഭയങ്കര അനുകൂലമാണ്. കഴിഞ്ഞ തവണ 28000 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ 35000 കിട്ടും. പൂഞ്ഞാറുകാർ ആരും എന്നെ എതിർക്കുന്നില്ല.
എസ്.ഡി.പി.ഐ ഒരു ഭീകര സംഘടനയാണ്. അവർ പാവപ്പെട്ട അഭിമന്യുവിനെ കുത്തിക്കൊന്നു. എന്തിനാ കൊന്നത്? അഞ്ചുവർഷം മുമ്പ് ഞാൻ മത്സരിച്ചപ്പോൾ അവരുടെ ഒരു 2500 വോട്ടുവാങ്ങിയിരുന്നു. അന്നൊക്കെ അവർ മര്യാദയായിരുന്നു. അതിന്‍റെ ശേഷം അവർ കുത്തും വെട്ടുമായി, കൊലപാതകമായി. ആ ഭീകര സംഘടനയുമായി ഒരു ബന്ധവും വേണ്ട എന്ന് ഞാൻ പ്രഖ്യാപിച്ചു. അത്കൊണ്ട് അവർക്കെന്നോട് വൈരാഗ്യമുണ്ട്. അവർക്ക് തല്ലാൻ കൊല്ലാൻ പറ്റൂലാത്തോണ്ട് കൂവാൻ തുടങ്ങി. ഇപ്പോ ഒരു കൂവൽ പാർട്ടിയായി എസ്.ഡി.പി.ഐ മാറി. അവർ കൂവിക്കൊണ്ടേയിരിക്കും. ഞാന്‍ തെറി പറഞ്ഞുകൊണ്ടേയിരിക്കും. അത്ര തന്നെ -പി.സി. ജോർജ് പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ അകലുമെന്ന ഒരു ആശങ്കയും എനിക്കില്ല. പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്ന, നബിതിരുമേനി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ വിശ്വസിക്കുന്ന ഒരുമുസ്ലിമും എനിക്ക് വോട്ടുചെയ്യാതിരിക്കില്ല. തീവ്രവാദം തെറ്റാണെന്ന് നബി തിരുമേനിയാ പറഞ്ഞേക്കുന്നത്. പിന്നെങ്ങനെയാ ഇവൻമാർ മുസ്ലിമാകുന്നത്?- ജോർജ് ഏഷാനെറ്റിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.