തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് അയ്യപ്പനെ ഓർക്കുന്നതിനൊപ്പം പവിത്രമായ ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി.
മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും അയ്യപ്പനെ കുറിച്ച് ബോധമുണ്ടായല്ലോ. ഇപ്പോൾ അയ്യപ്പനെ ഓർക്കുന്ന പിണറായിക്ക് അന്ന് ഇൗ ബോധം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് സർക്കാറിനോട് ക്ഷമിക്കണമെന്നാണ് പിണറായി പറയേണ്ടത്.
വിധി വന്ന സമയത്ത് വിവേകം കാണിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്‍റെ ഇന്നത്തെ പ്രസ്താവന കാപട്യമാണെന്ന് ജനം തിരിച്ചറിയുമെന്നും ആന്‍റണി പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും ദേശീയതലത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.