10,54,100 വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ഇരട്ടവോട്ടുകൾ തെരഞ്ഞെടുപ്പ് കമീഷൻ വെളിപ്പെടുത്തിയിട്ടില്ല
text_fieldsപത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക് പോകുന്നത് 10,54,100 സമ്മതിദായകർ. വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ വളരെ കുറവാണെന്നാണ് തെരെഞ്ഞടുപ്പ് കമീഷൻ പറയുന്നത്. ഇരട്ടിപ്പുള്ളവർ എത്രയെന്ന കണക്ക് വെളിെപ്പടുത്തിയിട്ടില്ല.
ഔദ്യോഗികമായി ഇരട്ടിപ്പ് വന്ന വ്യക്തികളുടെ വിവരങ്ങള്‍ ബൂത്ത് തലത്തില്‍ പ്രത്യേകം എ.എസ്.ഡി ലിസ്റ്റ് തയാറാക്കി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വോട്ടുചെയ്യാന്‍ വരുമ്പോള്‍ സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം, വിരലടയാളം, ഫോട്ടോ എന്നിവ സൂക്ഷിക്കാന്‍ പ്രിസൈഡിങ് ഓഫിസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.
ജില്ലയിൽ 10,068 ഇരട്ടവോട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇതിൽ ഒരേ നിയമസഭ മണ്ഡലത്തിൽ തെന്ന ഇരട്ട വോട്ടുകളുള്ളവരുടെ എണ്ണം 6979ആണ്. രണ്ട് മണ്ഡലങ്ങളിൽ വോട്ടുകളുള്ളവരുടെ എണ്ണം 3089ഉും ആണ്.
അഞ്ച് നിയോജകമണ്ഡലങ്ങളില്‍നിന്ന് 5,53,930 സ്ത്രീകളും 5,00,163 പുരുഷന്മാരും ഏഴ് ട്രാന്‍സ്ജെന്‍ഡറുകളുമാണ് വോട്ടർപട്ടികയിലുള്ളത്. ആറന്മുളയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാർ. റാന്നിയിലാണ് കുറവ്. ആറന്മുളയില് 1,24,922 സ്ത്രീകളും 1,12,428 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 2,37,351 വോട്ടര്‍മാരുണ്ട്. തിരുവല്ലയിൽ 1,11,030 സ്ത്രീകളും 1,01,257 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 2,12,288 വോട്ടര്‍മാരുണ്ട്. അടൂര്‍ നിയോജകമണ്ഡലത്തില്‍ 1,10,802 സ്ത്രീകളും 97,294 പുരുഷന്മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 2,08,099 വോട്ടര്‍മാര്‍ ഉണ്ട്.
കോന്നിയിൽ 1,07,106 സ്ത്രീകളും 95,622 പുരുഷന്മാരും ഉള്‍പ്പെടെ 2,02,728 വോട്ടര്‍മാരും റാന്നിയിൽ 1,00,070 സ്ത്രീകളും 93,562 പുരുഷന്മാരും രണ്ട് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 1,93,634 വോട്ടര്‍മാരുമാണുള്ളത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഈ തെരഞ്ഞെടുപ്പില്‍ 80 വയസ്സിനുമേല്‍ പ്രായമുള്ളവരും ശാരീരിക വെല്ലുവിളി നേരിടുന്നവരും, തങ്ങളുടെ വീടുകളില്‍ തന്നെ ഇരുന്ന് വോട്ട് രേഖപ്പെടുത്താൻ 221 ടീമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ആബ്സൻറീ വോട്ടര്‍മാരുടെ പട്ടികയില്‍ ജില്ലയില്‍ 80 വയസ്സിന് മുകളിലുള്ള 38,514പേരും ഭിന്നശേഷിക്കാരായ 16,833 പേരുമാണുള്ളത്. 1880പേരാണ് കോവിഡ് രോഗികളായും ക്വാറൻറീനിലായും പട്ടികയില്‍ ഉള്‍പ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി ജില്ലയില്‍ 1896 ബാലറ്റ് യൂനിറ്റുകളും കണ്ട്രോള് യൂനിറ്റുകളും 2037 വിവിപാറ്റ് മെഷീനുകളും ക്രമീകരിച്ചിട്ടുണ്ട്.