കൊച്ചിയിൽ പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക
text_fieldsപല്ലാരിമംഗലം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ വരിനിൽക്കുന്നവർ
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക. കഴിഞ്ഞ തവണ 72.33 ശതമാനം വോട്ട് പോൾ ചെയ്തിടത്ത് ഇത്തവണ 69.63 ശതമാനമാണ് രേഖപെ ടുത്തിയിരിക്കുന്നത്. ശതമാനകണക്കിൽ കുറച്ച് മാറ്റം വരുമെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ രണ്ടര ശതമാനം പോളിങ് കുറഞ്ഞത് ഇരു മുന്നണികൾക്കും ആശങ്ക തീർത്തിട്ടുണ്ട്.
തീരമേഖലയായ ചെല്ലാനം, കണ്ണമാലി, മാനാശേരി ഉൾപ്പെടെ മിക്കയിടങ്ങളിലും പോളിങ് ശതമാനത്തിൽ നേരിയ കുറവുണ്ട്. കൊച്ചിയിൽ ട്വൻറി20യും വി ഫോറും പിടിക്കുന്ന വോട്ടുകളായിരിക്കും വിജയികളെ നിർണയിക്കുക. സമാധാനപരമായാണ് കൊച്ചിയിലെ പോളിങ് നടന്നത്. യന്ത്രത്തകരാർ ചില ബൂത്തുകളിൽ ഉണ്ടായെങ്കിലും ഉടൻ പരിഹരിക്കാനായി. ബൂത്തുകളുടെ എണ്ണം ഉയർത്തിയതിനാൽ തിരക്ക് കുറവായിരുന്നു.
തോപ്പുംപടി ഔവർ ലേഡിസ് ഹയർസെക്കൻണ്ടറി സ്ക്കൂളിൽ പോളിങ് സ്റ്റേഷനിൽ വെളിച്ചക്കുറവ് അനുഭവപ്പെട്ടത് സംബന്ധിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. മാക്സി പരാതി ഉന്നയിച്ചു.
പിന്നീട് ഇത് പരിഹരിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. മാക്സി രാവിലെ എട്ടിന് തോപ്പുംപടി ഔവർ ലേഡീസ് ഹയർസെക്കൻഡറി സ്കൂളിലെ എഴുപത്തിയാറാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ എമിലിയോടൊപ്പമെത്തിയായിരുന്നു വോട്ട് ചെയ്തത്. മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് ഭാര്യ ഷേർളിയോടൊപ്പമെത്തി ഇതേ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.