അപരെൻറ തപാൽ വോട്ട് ദിലീഷിന് പാരയായി
text_fieldsആലപ്പുഴ തിരുവമ്പാടി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിയാതെ പി.എസ്. ദിലീഷ് രാത്രി ഏഴിനുശേഷം കാത്തിരിക്കുന്നു
ആലപ്പുഴ: വോട്ടുചെയ്യാനെത്തിയപ്പോൾ അപരെൻറ തപാൽ വോട്ട് പാരയായി. കൈതവന ഹൗസിങ് കോളനി പുളിപറമ്പിൽ പി.എസ്. ദിലീഷിെൻറ (38) വോട്ടാണ് മറ്റൊരാൾ തപാൽ വോട്ടായി രേഖപ്പെടുത്തിയതായി അറിയുന്നത്.
അമ്പലപ്പുഴ മണ്ഡലത്തിലെ 62ാം ബൂത്തായ തിരുവമ്പാടി സ്കൂളിൽ വൈകീട്ട് നാലിന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പകരം വോട്ട് ചെയ്യണമെന്ന ആവശ്യം പോളിങ് ഉദ്യോഗസ്ഥർ അംഗീകരിക്കാത്തത് സ്ഥലത്ത് സംഘർഷാവസ്ഥക്ക് ഇടയാക്കി. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കലക്ടറേറ്റിൽ പോയി അമ്പലപ്പുഴ റിട്ടേണിങ് ഓഫിസറെ കണ്ടപ്പോഴാണ് തപാൽ വോട്ടിെൻറ കാര്യം അറിഞ്ഞത്.
ക്രമനമ്പറിലുണ്ടായ പിശകാണ് ഇതിന് കാരണം. ആംബുലൻസ് ഡ്രൈവറുടെ വോട്ടാണ് ഇയാളുടെ പേരിൽ തപാൽ വോട്ടായി മാറിയത്. ദിലീഷ് കണിയാംകുളത്ത് പലചരക്ക് വ്യാപാരിയും സി.പി.എം പ്രവർത്തകനുമാണ്. എന്നാൽ, കലക്ടറേറ്റിൽനിന്ന് ചലഞ്ച് വോട്ട് ചെയ്യാൻ അനുമതി നൽകിയെങ്കിലും പ്രിസൈഡിങ് ഓഫിസർ അനുമതി നൽകാത്തതു മൂലമാണ് വോട്ടുചെയ്യാൻ കഴിയാത്തതെന്നാണ് ദിലീഷ് പറയുന്നത്.
സി.പി.എം നേതാക്കളും പ്രവർത്തകരും വോട്ട് ചെയ്യിക്കണമെന്ന് പ്രതിഷേധിച്ചെങ്കിലും വോട്ടിങ് പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥൻ അനുമതി നൽകിയില്ല. തുടർന്ന്, വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നുകാട്ടി പ്രിസൈഡിങ് ഓഫിസർ ഇദ്ദേഹത്തിന് കത്തുനൽകി. പരാതി നൽകുന്നത് സംബന്ധിച്ച് തുടർനടപടി അടുത്ത ദിവസം തീരുമാനിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.