തികഞ്ഞ പ്രതീക്ഷയിൽ അടൂരിലെ സ്ഥാനാർഥികൾ
text_fieldsചിറ്റയം ഗോപകുമാർ, എം.ജി. കണ്ണൻ, പന്തളം പ്രതാപൻ
അടൂർ: അടൂരിൽ പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ മുന്നണി സ്ഥാനാർഥികൾ തികഞ്ഞ പ്രതീക്ഷയിൽ. എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ ശനിയാഴ്ച പുലർച്ച 4.30ന് കൊടുമൺ പ്ലാേൻറഷൻ റബർ ടാപ്പിങ് തൊഴിലാളികളെക്കണ്ട് വോട്ട് അഭ്യർഥിച്ചാണ് പ്രചാരണം ആരംഭിച്ചത്.
തുടർന്ന് കൊടുമണ്ണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്തു. പുതുശേരിഭാഗത്തും തട്ടാരുപടിയിലും പറമലയിലും കശുവണ്ടി വ്യവസായശാലകളിൽ എത്തി തൊഴിലാളികളെക്കണ്ട് വോട്ട് അഭ്യർഥിച്ചു.
വൈകുന്നേരം കടമ്പനാട് രണ്ടാം വാർഡിൽ കോളനിയിൽ കുടുംബയോഗത്തിലും ചിറ്റയം പങ്കെടുത്തു. പ്രിയപ്പെട്ടവർ നൽകുന്ന സ്നേഹം കൂടുതൽ ഊർജം നൽകുന്നതായി ചിറ്റയം ഗോപകുമാർ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി എം.ജി. കണ്ണെൻറ സ്വീകരണ പര്യടനം പന്തളം കുരമ്പാല മണ്ഡലത്തിൽ നടന്നു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഡ്വ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം മഹേഷ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, മണ്ഡലം പ്രസിഡൻറ് വി. പ്രകാശ്, മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തർ, പന്തളം ടൗൺ മണ്ഡലം പ്രസിഡൻറ് പന്തളം വാഹിദ്, പന്തളം വടക്ക് മണ്ഡലം പ്രസിഡൻറ് വേണുകുമാരൻ നായർ എന്നിവർ സംസാരിച്ചു.
എൻ.ഡി.എ സ്ഥാനാർഥി പന്തളം പ്രതാപൻ തുമ്പമൺ ഗ്രാമപഞ്ചായത്തിലെ പ്രധാന കോളനികൾ സന്ദർശിച്ചു. പ്രമുഖ വ്യക്തികളെയും മതമേലധ്യക്ഷന്മാരെയും കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെയും വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവരെയും കണ്ടു. വൈകീട്ട് ഏറത്ത് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളികളെ കണ്ടു. വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു.