ഇന്ന് വായനദിനം; എഴുത്തുകാർക്കും വായനക്കാർക്കും എഴുത്തിടമൊരുക്കി പതിനഞ്ചുകാരൻ
text_fieldsകൊല്ലം: ചെറിയൊരു പലചരക്കുകടയിലെ മേശപ്പുറത്ത് ആരാലും കാണാതെ ഇരുന്ന നോട്ട് ബുക്കിൽ കുത്തിക്കുറിച്ച കവിതകൾ... കടയിലെ സ്ഥിരം സന്ദർശകൻ ആയ 15കാരൻ ആ കവിതകൾ കണ്ട് ചോദിച്ചു, ഇത് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? കവിത എഴുത്ത് ഏറെ ഇഷ്ടപ്പെടുന്ന കടയുടമ ‘ഇല്ല’ എന്ന മറുപടി നൽകി. ആ മറുപടി കേട്ട നിമിഷം മുതൽ അതുപോലെ ആരാലും അറിയാതെ, വായിക്കാതെ ഏതൊക്കെയോ നോട്ടുബുക്കുകളിലെ താളുകളിൽ ജനിച്ചു മരിക്കുന്ന അനേകായിരം എഴുത്തുകളും ഉണ്ടാകില്ലേ എന്നതായിരുന്നു എൻ. മുഹമ്മദ് നാഫിൽ എന്ന ആ ഒമ്പതാംക്ലാസുകാരന്റെ ചിന്ത.
പ്രസിദ്ധീകരിക്കപ്പെടാത്ത, വായനക്കാരെ കിട്ടാത്ത ആ രചനകൾക്കും എഴുത്തുകാർക്കും അർഹിക്കുന്ന വായനക്കാരെ കിട്ടാനായി ഒരിടം വേണ്ടേ എന്ന ചിന്ത മനസ്സിലിട്ടുനടന്നതിനൊടുവിൽ, അതിനു പരിഹാരവും നാഫിൽതന്നെ കണ്ടെത്തി. ‘എഴുത്ത്’ -എഴുതാനും വായിക്കാനുമായൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം, ആറാം ക്ലാസിന്റെ വെക്കേഷനിൽ പഠിച്ചെടുത്ത കോഡിങ് ഉപയോഗപ്പെടുത്തി മുഹമ്മദ് നാഫിൽ എന്ന കൗമാരക്കാരൻ സ്വരുക്കൂട്ടിയെടുത്ത അക്ഷരയിടം. സൗജന്യമായി രചനകൾ ചേർക്കാനും വായിക്കാനും കഴിയുന്ന തരത്തിൽ വെബ് ആപ് ആയി വികസിപ്പിച്ചെടുത്ത ‘എഴുത്ത്’ എന്നു പേരിട്ട ആ അക്ഷരലോകത്തിന് ആരംഭം കുറിച്ചതാകട്ടെ അതേ സ്റ്റേഷനറി കട ഉടമയുടെ കവിത പ്രസിദ്ധീകരിച്ചുകൊണ്ടും.
എം.എസ്. താഹ എന്ന ആ കവിയുടെ ‘ഉടയോൻ’ എന്ന കവിതയുമായി കഴിഞ്ഞ ജനുവരിയിലാണ് ‘എഴുത്ത്’ പ്ലാറ്റ്ഫോം സജീവമായത്. അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ കഥയും കവിതയും നോവലുമൊക്കെയായി വലിയൊരു എഴുത്തുലോകമായി തന്റെ സ്വപ്നം വളർന്ന സന്തോഷത്തിലാണ് നാഫിൽ. ആദ്യം നാഫിലിന്റെ പരിചയക്കാരായ എഴുത്തുകാർ ആയിരുന്നു രചനകൾ എഴുതിയതും വായിച്ചതും. തുടർന്ന് കണ്ടും കേട്ടും അറിഞ്ഞ് ഇപ്പോൾ 50ൽ അധികം എഴുത്തുകാരുടെ പ്രിയപ്പെട്ട എഴുത്തിടം ആയി ‘എഴുത്ത്’ മാറിക്കഴിഞ്ഞു. മലയാളത്തിലുള്ള കഥ, കവിത, നോവൽ എന്നിങ്ങനെ പല വിഭാഗങ്ങളിലായി 450ൽ അധികം രചനകൾ ആണ് ഈ പ്ലാറ്റ്ഫോമിൽ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ രചനകൾ ആയിരത്തിലധികം തവണ വായിക്കപ്പെട്ടിട്ടുമുണ്ട്.
സ്വയം എഴുത്തുകാരനല്ലെങ്കിലും വായനയിൽ ഏറെ ‘സീരിയസ്’ ആയ മുഹമ്മദ് നാഫിലിന്റെ ഏറ്റവും പ്രിയപ്പെട്ട സംരംഭം ആയി ‘എഴുത്ത്’ മാറിക്കഴിഞ്ഞു. കഥയും കവിതയും മാത്രമല്ല, യാത്രാവിവരണങ്ങൾ, ചിന്തകൾ, ബുക്ക് റിവ്യൂ എന്നിങ്ങനെ എന്തും ഇവിടെ ഉൾക്കൊള്ളിക്കാം. വെറുമൊരു പ്ലാറ്റ്ഫോം ഒരുക്കി വെറുതെയിരിക്കാതെ, ഓരോ ആഴ്ചയിലും ചലഞ്ചുകൾ വെച്ച് സജീവമാക്കി ‘എഴുത്ത്’ മുന്നോട്ടുകൊണ്ടുപോകുകയാണ് നാഫിൽ. മണ്ണ്, സോഷ്യൽ മീഡിയ, മൗനം, ട്രെൻഡിനൊപ്പം, യുദ്ധം, പണം എന്നിങ്ങനെ കാലികപ്രസക്തമായ വിഷയങ്ങൾ നൽകി അവയിൽ വരുന്ന രചനകളിൽ മികച്ചവ തെരഞ്ഞെടുക്കാൻ എ.ഐ സാങ്കേതികവിദ്യയാണ് നാഫിലിന്റെ ആശ്രയം.
വായനവാരം എത്തിയതോടെ പുസ്തകങ്ങൾ എന്ന പുതിയ ചലഞ്ച് ആണ് 13ാം ആഴ്ചയിൽ തന്റെ യൂസർമാർക്ക് നൽകിയിരിക്കുന്നത്. ചെറുപ്രായത്തിൽതന്നെ കോഡിങ് വഴി വിവിധ ആപ്പുകൾ സൃഷ്‍ടിച്ചിട്ടുള്ള നാഫിലിന് ‘എഴുത്ത്’ പ്ലാറ്റ്ഫോം ഇനിയുമേറെ വളരുന്നത് കാണാനുള്ള ആഗ്രഹമാണുള്ളത്. നിലവിൽ ഗൂഗിളിൽ ezuthu.pythonanywhere.com എന്ന് സെർച് ചെയ്ത് വെബ് ആപ് വഴി ആണ് ഫോണിൽ ‘എഴുത്ത്’ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നത്. ഇനി പ്ലേസ്റ്റോറിൽ കിട്ടുന്ന മൊബൈൽ ആപ് ആക്കി മാറ്റണം, ഇ-ബുക്കുകൾ പ്രസിദ്ധീകരിക്കണം എന്നിങ്ങനെ പത്താം ക്ലാസുകാരന് സ്വപ്നങ്ങൾ ഏറെയാണ്. കൊല്ലം ചാത്തിനാംകുളം എം.എസ്.എം എച്ച്.എസ്.എസ് വിദ്യാർഥിയായ എൻ. മുഹമ്മദ് നാഫിൽ ചന്ദനത്തോപ്പ് മേക്കോൺ നാഫിൽ മൻസിലിൽ നുജുമുദ്ദീൻ-ഹുസ്ന ദമ്പതികളുടെ മകനാണ്. യുസ്റ തബസം, ഫിത്റ ജുമാന എന്നീ സഹോദരിമാരും കൂടി അടങ്ങുന്ന കുടുംബം നാഫിലിന്റെ സ്വപ്നങ്ങൾക്ക് കൈപിടിച്ച് ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

