സ്മിത അനിലിന്റെ 'മൺ തുരുത്തിലെ പെൺ മനങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു
text_fieldsസ്മിത അനിൽ രചിച്ച 'മൺതുരുത്തിലെ പെൺ മനങ്ങൾ'
പുസ്തകം പ്രകാശനം ചെയ്തപ്പോൾ
റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ അനുഭവങ്ങൾ കോർത്തിണക്കി സ്മിത അനിൽ രചിച്ച 'മൺ തുരുത്തിലെ പെൺ മനങ്ങൾ' എന്ന പുസ്തകം റിയാദിൽ പ്രകാശനം ചെയ്തു. റിയാദ് ലൂഹ ഓഡിറ്റോറിയത്തിൽ ചില്ല സർഗവേദി സംഘടിപ്പിച്ച പരിപാടിയിൽ 'ചില്ല' സഹ കോ-ഓർഡിനേറ്റർ നാസർ കാരക്കുന്ന് അധ്യക്ഷത വഹിച്ചു.
വിദ്യ ഭാസ്കറിൽ നിന്നും കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയും 'ദേശാഭിമാനി ഗൾഫ്' റിയാദ് ലേഖകനുമായ ഷമീർ കുന്നുമ്മൽ പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ചില്ല രക്ഷാധികാരി സീബ കൂവോട് പുസ്തകം പരിചയപ്പെടുത്തി. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽകുമാർ, കേളി ദവാദ്മി ഏരിയ സെക്രട്ടറി ഉമ്മർ കുരിയോട്, ചില്ല കോ ഓഡിനേറ്റർ സുരേഷ് ലാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കവയിത്രിയും എഴുത്തുകാരിയുമായ സ്മിത അനിൽ 2024ലെ ഡോ. ബി.ആർ. അംബേദ്കർ ദേശീയ ഫെലോഷിപ്പ് ജേതാവ് കൂടിയാണ്. ദവാദ്മി ജനറൽ ആശുപത്രിയിൽ രണ്ടു പതിറ്റാണ്ടായി സ്റ്റാഫ് നഴ്സായി സേവനം ചെയ്യുന്നു. ഒരു നഴ്സിന്റെ ജീവിതാനുഭവങ്ങൾ, പ്രവാസത്തിന്റെ നൊമ്പരങ്ങൾ, നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം, മക്കളിൽനിന്ന് അകന്നുനിൽക്കേണ്ടിവരുന്ന അമ്മമാരുടെ വേദനകൾ, മൺതുരുത്തുകളിലെ പെൺമനസ്സുകളുടെ കരുത്തും കണ്ണീരും തുടങ്ങിയ പ്രവാസി വിഷയങ്ങൾ ആസ്പദമാക്കിയ 25 ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുത്തുകാരൻ ഫിറോസ് കോന്നിയാണ് അവതാരിക എഴുതിയിട്ടുള്ളത്. ദിശ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

