ഓർമയിലേക്ക് മറയുന്ന തപാൽ പെട്ടികൾ
text_fieldsതപാൽ പെട്ടി
ആലത്തൂർ: 188 വർഷം മുമ്പ് നിലവിൽ വന്ന ഇന്ത്യൻ പോസ്റ്റ് ഓഫിസ് സംവിധാനത്തിലെ അവസാനത്തെ കണ്ണിയാണ് കത്തുകൾ നിക്ഷേപിക്കുന്ന പെട്ടികൾ. തപാൽ വഴിയുള്ള കത്തയക്കൽ കുറഞ്ഞുപോയെങ്കിലും മഹത്തരമായ സംവിധാനം എന്ന നിലയിൽ ഇന്നും അവിടവിടെയായി ചരിത്ര ശേഷിപ്പുപോലെ കാണാവുന്നതാണ് തപാൽ പെട്ടികൾ.
പുറത്ത് ജോലികൾക്കായി പോയവർ അവരുടെ വിവരങ്ങൾ വീടുകളിലേക്കും വീടുകളിൽനിന്ന് തിരിച്ചും അറിയിച്ചിരുന്നത് ഒരു കാലഘട്ടത്തിൽ കത്തുകളിലൂടെയാണ് കൈമാറ്റം നടത്തിയിരുന്നത്. അതിന് ഉപയോഗിച്ചിരുന്നത് തപാൽ ഓഫിസുകളിൽനിന്ന് ലഭിച്ചിരുന്ന കാർഡ്, ഇൻലൻറ്, അധികം എഴുതാനുണ്ടെങ്കിൽ വെള്ള കടലാസിൽ എഴുതി അയക്കുന്ന കവറുമാണുണ്ടായിരുന്നത്. അതെല്ലാം ഇന്നുമുണ്ടെങ്കിലും അധികമാരും ഉപയോഗിക്കുന്നില്ല.
പോസ്റ്റ് കാർഡും ഇൻലൻറും കവറും വില നൽകി പോസ്റ്റ് ഓഫിസുകളിൽനിന്ന് വാങ്ങി അതിൽ വിവരങ്ങൾ എഴുതിയാണ് അയച്ചിരുന്നത്. ഇന്നിപ്പോൾ കാര്യങ്ങളെല്ലാം മാറി ശാസ്ത്ര സാങ്കേതികവിദ്യ വളർന്നതോടെ ഇ-മെയിലും വാട്സ് ആപ്പുമൊക്കെയായി.
പുതിയ തലമുറക്ക് ഈ പെട്ടികൾ എന്തിനെന്ന് പോലും അറിയില്ല. കത്ത് കൊണ്ടുവരുന്ന പോസ്റ്റ് മാനെ കാത്തിരുന്ന ഒരു കാലം മുതിർവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. പിന്നീട് മേഖലയിലേക്ക് വനിതകളും വന്നതോടെ പോസ്റ്റ് മാനും പോസ്റ്റ് വുമണുമായി. ഇന്ന് തപാൽ വഴി സാധാരണ വീടുകളിലേക്ക് കത്ത് വരുന്നത് ബാങ്ക് വായ്പയുടെ അടവ് മുടങ്ങുമ്പോഴോ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾക്കോ നിയമപരമായ നടപടികൾക്കോ മാത്രമായി ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

