അറബിക് ഭാഷയെ നെഞ്ചേറ്റി അധ്യാപിക സോഫിയ
text_fieldsസോഫിയ
പാലക്കാട്: ‘എത്ര മധുരമാണ് അറബി ഭാഷയെന്നോ... ജാതി മത ഭേദമന്യേ ഭാഷാ പ്രേമികൾ എല്ലാവരും പഠിച്ചിരിക്കേണ്ട ഭാഷയാണിത്.’-പാലക്കാട് നന്ദിയോട് ജി.എച്ച്.എസിലെ അറബി അധ്യാപിക സോഫിയ ഇത് പറയുമ്പോൾ സ്കൂളിലെ അറബി പഠിക്കുന്ന കുരുന്നുകളുടെ കണ്ണുകൾ വിടർന്നു. ‘‘എളുപ്പമല്ലേ... ’’എന്ന് നീട്ടിച്ചോദിച്ചപ്പോൾ അവർ തലയാട്ടി... എൽ.പി. വിഭാഗത്തിൽ അറബി അധ്യാപികയായി 2018ൽ എത്തിയതാണ്. ഏഴ്വർഷം പൂർത്തിയാകുമ്പോൾ അവർക്ക് ഭാഷയുടെ മാധുര്യത്തെക്കുറിച്ചും കൂടുതൽ പേർ അറബി ഭാഷയോട് കൂട്ടുകൂടാനെത്തുന്ന വർത്തനമാനങ്ങളാണ് പറയാനുള്ളത്.
അമുസ്‍ലിമുകളാണ് ക്ലാസുകളിലേറെയും.ഇവർ പഠനത്തിൽ മാത്രമല്ല അറബിക് കലോത്സവ വിഭാഗങ്ങളിലും നേട്ടം കൊയ്യുന്നുമുണ്ട്. കൊല്ലം അഞ്ചൽ സ്വദേശിനിയായ ബി. സോഫിയ ബി.എ. പൊളിറ്റിക്കൽ സയൻസ് കഴിഞ്ഞ ശേഷം യാദൃശ്ചികമായാണ് ഭാഷയുടെ സാധ്യത അറിഞ്ഞ് അറബി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്.
അഫ്സലുൽ ഉലമ അറബിക് പാസായി.അറബിക് ഭാഷയെ കുറിച്ച് ഒരു ഗ്രാഹ്യവും ഇല്ലാതിരുന്ന എനിക്ക് വളരെ വേഗത്തിൽ തന്നെ ഈ ഭാഷ സ്വായത്തമാക്കാൻ സാധിച്ചെന്ന് ഇവർ പറയുന്നു.‘‘ഈ ഭാഷ പഠിച്ചു തുടങ്ങിയപ്പോഴാണ് ഇതിന്റെ മനോഹാരിതയെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. ആർക്കും വളരെ വേഗത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന വളരെ മൊഞ്ചുള്ള ഒരു ഭാഷയാണ് ഇത് .
അധ്യാപന ജോലിയിലെ സാധ്യതകളേക്കാളുപരി അനേകം മറ്റ് ജോലിസാധ്യത അറബി ഭാഷാപഠനം തുറന്നു തരുന്നുണ്ട്.’’-സോഫിയ പറയുന്നു. 2018ലെ പാലക്കാട് ജില്ലയിലെ അറബി അധ്യാപക ലിസ്റ്റിൽ ഒന്നാം റാങ്കായിരുന്നു സോഫിയക്ക്. ജോലി ലഭിച്ച ശേഷമാണ് യോഗ്യത പരീക്ഷയായ കെ.ടെറ്റ് പാസായത്.പിന്നീട് പാലക്കാട് തന്നെ തുടർന്നു. ഭർത്താവ്: ശരൺഘോഷ്, മകൾ: ഐശ്വര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

