Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമതനിരപേക്ഷതയുടെയും...

മതനിരപേക്ഷതയുടെയും കഴുത്തിൽ കത്തിവെക്കുമ്പോൾ

text_fields
bookmark_border
മതനിരപേക്ഷതയുടെയും കഴുത്തിൽ കത്തിവെക്കുമ്പോൾ
cancel
camera_alt

1. ബ​ങ്കിം​ച​ന്ദ്ര ചാ​റ്റ​ർ​ജി 2. ബാ​​ബാ രാം​​ദേ​​വ് 3. മോ​​ഹ​​ൻ ഭാ​​ഗ​​വ​​ത് 4. ഗ്രാം​​ഷി 5. ടാ​​ഗോ​​ർ

‘ഭാ​​ര​​ത​​മാ​​താ​​വി​​നെ വി​​ളി​​ക്കാ​​ത്ത​​വ​​ർ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ’ എ​​ന്നാ​​ക്രോ​​ശി​​ച്ച​​ത് സാ​​ധ്വി പ്രാ​​ചി​​യാ​​ണ്. ഭാ​​ര​​ത​​മാ​​താ വി​​ളി​​ക്കാ​​ത്ത​​വ​​രു​​ടെ ത​​ല​​വെ​​ട്ട​​ണം എ​​ന്ന് മു​​ര​​ണ്ട​​ത് ബാ​​ബാ രാം​​ദേ​​വു​​മാ​​ണ്. അ​​തി​​നെ ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ വ​​കു​​പ്പി​​ൽ പെ​​ടു​​ത്തി​​യ​​ത് അ​​മി​​ത്ഷാ​​യാ​​ണ്! മ​​ഹാ​​രാ​​ഷ്ട്ര എം.​​എ​​ൽ.​​എ വാ​​രീ​​സ് പ​​ത്താ​​നെ അ​​സം​​ബ്ലി​​യി​​ൽ​​നി​​ന്നും താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി പു​​റ​​ത്താ​​ക്കി​​യ​​ത് ഭാ​​ര​​ത​​മാ​​താ വി​​ളി​​ക്കാ​​ത്ത​​തി​​ന്റെ പേ​​രി​​ലാ​​ണ്. അ​​തും ഗൗ​​ര​​വ​​മാ​​യൊ​​രു ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കെ അ​​ന​​വ​​സ​​ര​​ത്തി​​ൽ ഭാ​​ര​​ത​​മാ​​താ വി​​ളി​​ക്കാ​​ൻ ആ​​ജ്ഞാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ലാ​​പ​​ങ്ങ​​ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ പ​​ല​​രും നി​​ർ​​ബ​​ന്ധ​​പൂ​​ർ​​വം വി​​ളി​​ക്കേ​​ണ്ടി വ​​ന്ന​​ത് മേ​​ൽ​​പ​​റ​​ഞ്ഞ, മേ​​ൽ​​ക്കോ​​യ്മാ ദേ​​ശീ​​യ​​ത​​യു​​ടെ യു​​ദ്ധ​​കാ​​ഹ​​ളം മു​​ഴ​​ക്കു​​ന്ന മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളാ​​ണ്. ഇ​​ഹ്സാ​​ൻ ജാ​​ഫ്രി​​യെ ചാ​​ട്ട​​കൊ​​ണ്ട​​ടി​​ച്ച് വി​​ളി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​ൽ ജ​​യ്ശ്രീ​​റാ​​മി​​നൊ​​പ്പം വ​​ന്ദേ​​മാ​​ത​​ര​​വു​​മു​​ണ്ടാ​​യി​​രു​​ന്നു!

ഞ​​ങ്ങ​​ളു​​ടെ ‘ഭാ​​ര​​ത​​ത്തി​​ല​​ല്ല’ നി​​ങ്ങ​​ളു​​ടെ ഇ​​ന്ത്യ​​യി​​ലാ​​ണ് ബ​​ലാ​​ത്സം​​ഗം ന​​ട​​ക്കു​​ന്ന​​തെ​​ന്ന് മോ​​ഹ​​ൻ ഭാ​​ഗ​​വ​​ത് പ​​റ​​ഞ്ഞ​​തും ഇ​​തോ​​ട് ചേ​​ർ​​ത്തു​​വാ​​യി​​ക്ക​​ണം. പ​​റ​​ഞ്ഞു വ​​രു​​ന്ന​​ത് സം​​ഘ്പ​​രി​​വാ​​ർ ഇ​​ടി​​ച്ചു​​ക​​യ​​റ്റു​​ന്ന മ​​റ്റ് പ​​ല​​തും​​പോ​​ലെ ‘വ​​ന്ദേ​​മാ​​ത​​ര വി​​വാ​​ദ​​വും’ മ​​ഞ്ഞു​​മ​​ല​​യു​​ടെ ചെ​​റി​​യൊ​​രു മു​​ക​​ൾ​​പാ​​ളി മാ​​ത്ര​​മാ​​ണെ​​ന്നാ​​ണ്. ‘ച​​രി​​ത്ര​​ത്തി​​ൽ​​നി​​ന്ന് പ​​ഠി​​ക്കു​​ക​​യെ​​ന്ന​​ത് ഒ​​രേ ക​​പ​​ഥ പ്ര​​ക്രി​​യ​​യ​​ല്ല. ഭൂ​​ത​​കാ​​ല​​ത്തി​​ന്റെ വെ​​ളി​​ച്ച​​ത്തി​​ൽ​​നി​​ന്ന് വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ത്തെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കു​​ക​​യെ​​ന്ന​​തി​​ന​​ർ​​ഥം, വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ത്തി​​ന്റെ വെ​​ളി​​ച്ച​​ത്തി​​ൽ ഭൂ​​ത​​കാ​​ല​​ത്തെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കു​​ക എ​​ന്നു​​കൂ​​ടി​​യാ​​ണ്. ഭൂ​​ത​​വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ളു​​ടെ പ​​ര​​സ്പ​​ര ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​വ​​യെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ൽ അ​​ഗാ​​ധ​​മാ​​യ ഒ​​രു ധാ​​ര​​ണ വ​​ള​​ർ​​ത്തു​​ക​​യാ​​ണ് ച​​രി​​ത്ര​​ത്തി​​ന്റെ ക​​ർ​​ത്ത​​വ്യം.’(​​ഇ.​​എ​​ച്ച് കാ​​ർ)

അ​​തി​​നാ​​ൽ, വ​​ന്ദേ​​മാ​​ത​​ര ഗീ​​ത​​ത്തി​​ന്റെ ഭൂ​​ത​​കാ​​ലം ന​​മ്മു​​ടെ വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ത്തി​​ൽ എ​​പ്ര​​കാ​​ര​​മാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് ഇ​​പ്പോ​​ൾ പ്ര​​ധാ​​നം. അ​​പ്പോ​​ൾ അ​​ർ​​ഥ​​ര​​ഹി​​ത​​മാ​​യൊ​​രു വി​​വാ​​ദ​​മെ​​ന്ന​​തി​​നു​​മ​​പ്പു​​റ​​മ​​ത് സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി​​തു​​റ​​ക്ക​​ലി​​നു​​ള്ള ഒ​​രു​​ക്ക​​മാ​​ണെ​​ന്ന് ബോ​​ധ്യ​​മാ​​വും. സാ​​മു​​ദാ​​യി​​ക ഐ​​ക്യ​​ത്തി​​ന്റെ​​യും അ​​തു​​വ​​ഴി മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യു​​ടെ​​യും ക​​ഴു​​ത്തി​​ലാ​​ണ​​ത് മു​​മ്പെ​​ന്ന​​പോ​​ലെ ഇ​​ന്നും ക​​ത്തി​​വെ​​ക്കു​​ന്ന​​ത്. വ​​ന്ദേ​​മാ​​ത​​ര​​ത്തോ​​ടു​​ള്ള വി​​യോ​​ജി​​പ്പു​​ക​​ളെ രാ​​ജ്യ​​ദ്രോ​​ഹ വ​​കു​​പ്പി​​ലു​​ൾ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മം വ​​ർ​​ത്ത​​മാ​​ന​​കാ​​ല ഇ​​ന്ത്യ​​ൻ ജി​​വി​​ത​​ത്തെ വി​​സ്തൃ​​ത​​മാ​​ക്കു​​ന്ന​​തി​​നു​​പ​​ക​​രം സ​​ങ്കു​​ചി​​ത​​മാ​​ക്കാ​​ൻ മാ​​ത്ര​​മാ​​വും സ​​ഹാ​​യ​​ക​​മാ​​വു​​ക.

‘ക്ര​​മേ​​ണ ക​​ട​​ൽ​​ത്തി​​ര​​ക​​ൾ​​ക്കു​​മേ​​ൽ ക​​ട​​ൽ​​ത്തി​​ര​​ക​​ൾ​​പോ​​ലെ പു​​തി​​യ മു​​സ​​ൽ​​മാ​​ൻ സ​​മു​​ദാ​​യ​​ങ്ങ​​ൾ പ​​ടി​​ഞ്ഞാ​​റ​​ൻ പ​​ർ​​വ​​ത​​നി​​ര ക​​ട​​ന്നു​​വ​​രാ​​ൻ തു​​ട​​ങ്ങി. നാ​​ട്ടു​​കാ​​ർ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് രാ​​ജ​​കൃ​​പ​​കാം​​ക്ഷി​​ച്ചോ രാ​​ജ​​പീ​​ഡ​​നം കാ​​ര​​ണ​​മാ​​യോ മു​​സ​​ൽ​​മാ​​ന്മാ​​രാ​​യി. അ​​തി​​നാ​​ൽ ഭാ​​ര​​ത​​വാ​​സി​​ക​​ൾ ഹി​​ന്ദു​​ക്ക​​ളും മു​​സ​​ൽ​​മാ​​ന്മാ​​രും ഇ​​ട​​ക​​ല​​ർ​​ന്ന​​വ​​രാ​​യി...​​ഐ​​ക്യ​​ബോ​​ധം എ​​വി​​ടെ​​നി​​ന്നു​​ണ്ടാ​​വും?’(​​ബ​​ങ്കിം​​ച​​ന്ദ്ര​​ന്റെ തി​​ര​​ഞ്ഞെ​​ടു​​ത്ത പ്ര​​ബ​​ന്ധ​​ങ്ങ​​ൾ). ‘ഹി​​ന്ദു മു​​സ്‍ലിം ഭാ​​യി ഭാ​​യി എ​​ന്ന ആ​​ത്മ​​ഹ​​ത്യാ​​പ​​ര​​വും ഏ​​ക​​പ​​ക്ഷീ​​യ​​വു​​മാ​​യ മു​​ദ്രാ​​വാ​​ക്യം യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ഹി​​ന്ദു​​സ​​മൂ​​ഹ​​ത്തി​​ൽ സ്വ​​ന്തം ച​​രി​​ത്ര​​ത്തെ​​ക്കു​​റി​​ച്ച് ഹീ​​ന​​ഭാ​​വം സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യി ഡോ​​ക്ട​​ർ ഹെ​​ഡ്ഗെ​​വാ​​ർ ക​​ണ്ടു. പ​​ര​​സ്പ​​ര​​വി​​രോ​​ധി​​യാ​​യ പാ​​ര​​മ്പ​​ര്യ​​വും വി​​കാ​​ര​​വും വ​​ലി​​ച്ചു​​ചേ​​ർ​​ത്ത് കൂ​​ട്ടി​​ക്കെ​​ട്ടി അ​​തി​​നെ ദേ​​ശീ​​യ​​മെ​​ന്ന് പ​​റ​​യാ​​ൻ സാ​​ധ്യ​​മ​​ല്ല. ഹി​​ന്ദു സ​​മാ​​ജ​​ത്തി​​ന് ആ​​രോ​​ഗ്യ​​പ്ര​​ദ​​മാ​​യ ഹി​​ന്ദു​​ത്വ​​മാ​​ണ് രാ​​ഷ്ട്രീ​​യ​​ത്വ​​മെ​​ന്ന ഔ​​ഷ​​ധം ഹി​​ന്ദു​​സ​​മാ​​ജ​​ത്തെ സേ​​വി​​പ്പാ​​ൻ ഡോ​​ക്ട​​ർ ജി ​​ത​​യാ​​റാ​​യി.’ (​​ഡോ​​ക്ട​​ർ ഹെ​​ഡ്ഗെ​​വാ​​ർ: നാ​​നാ​​പാ​​ൽ​​ക്ക​​ർ. പ​​രി​​ഭാ​​ഷ എ​​സ്. സേ​​തു​​മാ​​ധ​​വ​​ൻ).

ആ​​ദ്യം ബ​​ങ്കിം​​ച​​ന്ദ്ര​​യും തു​​ട​​ർ​​ന്ന് സം​​ഘ്പ​​രി​​വാ​​ർ ആ​​ചാ​​ര്യ​​രും പ​​ങ്കു​​വെ​​ക്കു​​ന്ന​​ത് മ​​ത​​സൗ​​ഹാ​​ർ​​ദ​​വും മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യും അ​​സാ​​ധ്യ​​മാ​​ണെ​​ന്നാ​​ണ്. ‘ഭാ​​യി ഭാ​​യി’ എ​​ന്ന സൗ​​ഹൃ​​ദ​​ത്തി​​ന്റെ മു​​ദ്രാ​​വാ​​ക്യ​​ത്തി​​ന് സ്വാ​​ഗ​​തം പ​​റ​​യാ​​നാ​​വാ​​ത്ത അ​​വ​​രു​​ടെ, ‘ധീ​​ര നി​​സ്സ​​ഹാ​​യ​​ത​​യി​​ലാ​​ണ്’ വ​​ന്ദേ​​മാ​​ത​​ര വി​​വാ​​ദ​​ത്തി​​ന്റെ വേ​​രും ആ​​ഴ്ന്നു​​കി​​ട​​ക്കു​​ന്ന​​ത്. എ​​ന്നാ​​ലി​​ത് ര​​ണ്ട് മ​​ത​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള കേ​​വ​​ല പ്ര​​ശ്ന​​മ​​ല്ല, മ​​റി​​ച്ച് മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യും സം​​ഘ്പ​​രി​​വാ​​റും ത​​മ്മി​​ലു​​ള്ള സൂ​​ക്ഷ്മ​​പ്ര​​ശ്ന​​മാ​​ണ് എ​​ന്ന സ​​ത്യ​​മാ​​ണ​​വ​​ർ സ​​മ​​ർ​​ഥ​​പൂ​​ർ​​വം മ​​റ​​ച്ചു​​വെ​​ക്കു​​ന്ന​​ത്. ആ ​​മ​​റ​​ച്ചു​​വെ​​ക്ക​​ലി​​നെ മു​​റി​​ച്ചു​​ക​​ട​​ക്കാ​​നാ​​യാ​​ൽ മ​​ത​​നി​​ര​​പേ​​ക്ഷ​​ത അ​​ക്കാ​​ര്യ​​ത്തി​​ലെ​​ങ്കി​​ലും ര​​ക്ഷ​​പ്പെ​​ടും. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​താ​​യ​​ത്, വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്റെ ആ​​ദ്യ​​ഭാ​​ഗം​​മാ​​ത്രം ചൊ​​ല്ലി​​യാ​​ൽ മ​​തി എ​​ന്ന് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത് ഹി​​ന്ദു​​മ​​ത​​മോ ഇ​​സ്‍ലാം മ​​ത​​മോ ക്രി​​സ്തു​​മ​​ത​​മോ മ​​ത​​ര​​ഹി​​ത​​രോ അ​​ല്ല, ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര പ്ര​​സ്ഥാ​​ന​​മാ​​ണ്. വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ലെ ദു​​ർ​​ഗാ​​സ്തു​​തി​​യോ​​ട്, ആ ​​സ്തു​​തി​​യോ​​ട് ആ​​ത്മാ​​ർ​​ഥ​​മാ​​യി ആ​​ഭി​​മു​​ഖ്യ​​മു​​ള്ള​​വ​​ർ​​ക്കു​​പോ​​ലും, ഇ​​ത​​നി​​വാ​​ര്യ​​മാ​​യി ദു​​ർ​​ഗാ​​ഭ​​ക്തി​​യി​​ല്ലാ​​ത്ത​​വ​​രും നി​​ർ​​ബ​​ന്ധ​​മാ​​യി ആ​​ല​​പി​​ച്ചി​​രി​​ക്ക​​ണം എ​​ന്നൊ​​രു മ​​നോ​​ഭാ​​വം; അ​​വ​​ർ യ​​ഥാ​​ർ​​ഥ ദു​​ർ​​ഗാ​​ഭ​​ക്ത​​രാ​​ണെ​​ങ്കി​​ൽ ഉ​​ണ്ടാ​​വാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല. വി​​ശ്വാ​​സം സ്വ​​യം​​ബോ​​ധ്യ​​ത്തി​​ന്റെ ആ​​ഴ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ്, അ​​ല്ലാ​​തെ അ​​ടി​​ച്ചേ​​ൽ​​പി​​ക്ക​​ലു​​ക​​ളി​​ൽ നി​​ന്ന​​ല്ല ഉ​​ണ്ടാ​​വേ​​ണ്ട​​ത്. സം​​ഘ്പ​​രി​​വാ​​റും ഇ​​ന്ത്യ​​ൻ ജ​​ന​​ത​​യും ത​​മ്മി​​ലു​​ള്ള പ്ര​​ശ്ന​​ത്തെ മ​​ത​​പ്ര​​ശ്ന​​മാ​​ക്കി പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ ജാ​​ഗ്ര​​ത​​യാ​​ണ് കാ​​ലം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

‘ഇ​​ന്ത്യ​​യി​​ൽ ഒ​​രു തൊ​​ട്ടു​​കൂ​​ടാ​​ത്ത​​വ​​ൻ തൊ​​ട്ടു​​കൂ​​ടാ​​യ്മ​​ക്കെ​​തി​​രെ ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​യാ​​ൽ അ​​യാ​​ൾ ഒ​​രു വ​​ർ​​ഗീ​​യ​​വാ​​ദി​​യാ​​യി മു​​ദ്ര​​കു​​ത്ത​​പ്പെ​​ടും. അ​​തേ​​സ​​മ​​യം ഒ​​രു ബ്രാ​​ഹ്മ​​ണ​​നാ​​ണ് അ​​ങ്ങ​​നെ ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ അ​​യാ​​ളെ പു​​ണ്യ​​വാ​​ള​​നാ​​യി ചി​​ത്രീ​​ക​​രി​​ച്ചാ​​ദ​​രി​​ക്കും. ഒ​​രു ബ്രാ​​ഹ്മ​​ണ​​ൻ ഒ​​രു ക​​ക്കൂ​​സ് വൃ​​ത്തി​​യാ​​ക്കി​​യാ​​ൽ അ​​യാ​​ൾ​​ക്ക് കി​​ട്ടു​​ന്ന​​ത് പ​​ത്മ​​ശ്രീ. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ നി​​ത്യ​​വും ക​​ക്കൂ​​സ് വൃ​​ത്തി​​യാ​​ക്കു​​ന്ന തൊ​​ഴി​​ലി​​ൽ വ്യാ​​പ​​രി​​ക്കു​​ന്ന ഓ​​രോ ഭം​​ഗി​​ജാ​​തി​​യി​​ൽ​​പെ​​ട്ട​​വ​​രും പ​​ത്മ​​ശ്രീ​​ക്ക് അ​​ർ​​ഹ​​രാ​​കു​​ന്നു. പ​​ത്മ​​ശ്രീ വേ​​ണ്ട, കു​​റ​​ഞ്ഞ പ​​ക്ഷം മാ​​ന്യ​​മാ​​യി ജീ​​വി​​ക്കാ​​നു​​ള്ള ഒ​​രു വ​​ക​​യെ​​ങ്കി​​ലും അ​​വ​​ർ​​ക്കു​​ണ്ടാ​​യാ​​ൽ മ​​തി​​യാ​​യി​​രു​​ന്നു’ എ​​ന്ന് ഡോ​​ക്ട​​ർ അ​​ശോ​​ക്ഭോ​​യ​​ർ സ്വ​​ന്തം ആ​​ത്മ​​ക​​ഥ​​യി​​ൽ എ​​ഴു​​തി​​യ​​ത്, ജാ​​തി​​മേ​​ൽ​​ക്കോ​​യ്മാ കാ​​ല​​ത്ത് വ​​ന്ദേ​​മാ​​ത​​രം വാ​​യി​​ക്കു​​മ്പോ​​ൾ വി​​സ്മ​​രി​​ക്ക​​രു​​ത്.

ആ​​ന​​ന്ദ​​മ​​ഠം നോ​​വ​​ലി​​ലെ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​മാ​​യ സ​​ത്യാ​​ന​​ന്ദ സ്വാ​​മി​​ക​​ൾ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത സ​​മ്മേ​​ള​​ന​​വേ​​ദി​​യു​​ടെ വി​​വ​​ര​​ണം മാ​​ത്രം വാ​​യി​​ച്ചാ​​ൽ ആ ​​കൃ​​തി മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന വ​​ർ​​ണാ​​ശ്ര​​മ​​ത്തി​​ലു​​ള്ള ഊ​​ന്ന​​ൽ വ്യ​​ക്ത​​മാ​​വും. മ​​ഹാ​​രാ​​ജാ കീ ​​ജ​​യ്, ചി​​ല​​ർ ആ​​ർ​​ത്തു​​വി​​ളി​​ച്ചു. ഹ​​രേ​​മു​​രാ​​രേ ചി​​ല​​ർ ഉ​​റ​​ക്കെ​​പ്പാ​​ടി. മ​​റ്റു​​ചി​​ല​​ർ വ​​ന്ദേ​​മാ​​ത​​രം ഘോ​​ഷി​​ച്ചു. കൊ​​ല്ലു​​വി​​ൻ, ശ​​ത്രു​​ക്ക​​ളെ കൊ​​ല്ലാ​​നൊ​​രു​​ങ്ങു​​വി​​ൻ, ബം​​ഗാ​​ളി​​ക​​ൾ​​ക്ക് ആ​​ത്മ​​ത്യാ​​ഗം അ​​നു​​ഷ്ഠി​​ക്കാ​​നു​​ള്ള ദി​​വ​​സം വ​​ന്നു​​വോ? മ്ലേ​​ച്ഛ​​ന്മാ​​രാ​​യ മു​​സ്‍ലിം​​ക​​ളെ​​യും യൂ​​റോ​​പ്യ​​ന്മാ​​രെ​​യും കൊ​​ന്നൊ​​ടു​​ക്കാ​​നു​​ള്ള മ​​ഹൂ​​ർ​​ത്ത​​മാ​​യോ? വ​​ർ​​ണാ​​ശ്ര​​മ​​ങ്ങ​​ൾ യ​​ഥാ​​വി​​ധി പാ​​ലി​​ക്ക​​പ്പെ​​ടു​​ന്ന കാ​​ലം വ​​രാ​​റാ​​യോ..​​ആ​​ന​​ന്ദ​​മ​​ഠം നോ​​വ​​ലി​​ന്റെ അ​​വ​​സാ​​ന​​ഭാ​​ഗ​​ത്തെ​​ത്തു​​മ്പോ​​ൾ സ​​ത്യാ​​ന​​ന്ദ സ്വാ​​മി​​ക​​ളു​​ടെ ആ​​ദ്യം​​ക​​ണ്ട ആം​​ഗ​​ലേ​​യ​​വി​​രോ​​ധം ആ​​വി​​യാ​​യി​​പ്പോ​​കു​​ന്ന​​താ​​യാ​​ണ് കാ​​ണു​​ന്ന​​ത്. ഒ​​ടു​​വി​​ൽ ആ​​കെ​​ക്കൂ​​ടി നോ​​വ​​ലി​​ൽ ബാ​​ക്കി​​വ​​രു​​ന്ന​​ത്, ജാ​​തി​​മേ​​ൽ​​ക്കോ​​യ്മ​​യു​​ടെ ‘മ്ലേ​​ച്ഛ’​​വി​​രോ​​ധ​​വും, ആം​​ഗ​​ലേ​​യ കീ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​ണ്.

സ​​ത്യാ​​ന​​ന്ദ സ്വാ​​മി​​ക​​ളു​​ടെ പ​​രാ​​ക്ര​​മ​​വീ​​ര്യ​​ത്തെ ത​​ണു​​പ്പി​​ച്ചു​​കൊ​​ണ്ട് ‘ആ​​ന​​ന്ദ​​മ​​ഠം’ നോ​​വ​​ലി​​ലെ തേ​​ജ​​സ്വി​​യാ​​യ മ​​ഹാ​​ത്മാ​​വ് ക്ലാ​​സെ​​ടു​​ത്തു​​കൊ​​ടു​​ത്ത​​തി​​ങ്ങ​​നെ: ഈ ​​യു​​ദ്ധം ആം​​ഗ​​ലേ​​യ​​ർ​​ക്കെ​​തി​​ര​​ല്ല. മു​​സ്‍ലിം ഭ​​ര​​ണ​​കൂ​​ട​​ത്തി​​നെ ത​​റ​​പ​​റ്റി​​ക്കാ​​നാ​​ണ്. ‘ആം​​ഗ​​ലേ​​യ​​ർ രാ​​ജ്യ​​ഭാ​​ര​​മേ​​ൽ​​ക്കാ​​ൻ ക​​ള​​മൊ​​രു​​ക്കു​​ന്ന​​തി​​നാ​​ണ് ഈ ​​ക​​ലാ​​പം. ഈ ​​ഏ​​റ്റു​​മു​​ട്ട​​ലി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ അ​​വ​​ർ വെ​​റും വ്യാ​​പാ​​രി​​ക​​ളാ​​യി മാ​​റി​​നി​​ൽ​​ക്കു​​മാ​​യി​​രു​​ന്നു. ഇ​​ട​​നി​​ല​​ക്കാ​​രാ​​യി ക​​യ​​റി​​വ​​രാ​​ൻ അ​​വ​​രെ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ് ഈ ​​യു​​ദ്ധം. വ​​ഴി​​യേ അ​​വ​​ർ(​​അ​​താ​​യ​​ത് ബ്രി​​ട്ടീ​​ഷു​​കാ​​ർ) സ​​ർ​​വാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്ക് ക​​യ​​റി​​ക്കൊ​​ള്ളും...​​ഇ​​നി ശ​​ത്രു​​ക്ക​​ളി​​ല്ല. ആം​​ഗ​​ലേ​​യ​​ർ യ​​ഥാ​​ർ​​ഥ​​ത്തി​​ൽ മി​​ത്ര​​ങ്ങ​​ളാ​​ണ്. വ​​രൂ, എ​​ന്റെ കൂ​​ടെ വ​​രൂ, ഇം​​ഗ്ലീ​​ഷു​​കാ​​രെ യു​​ദ്ധ​​ത്തി​​ൽ തോ​​ൽ​​പി​​ക്കാ​​നു​​ള്ള ശ​​ക്തി ഇ​​പ്പോ​​ൾ ഭൂ​​മി​​യി​​ലാ​​ർ​​ക്കു​​മി​​ല്ല’. ഇ​​തി​​ലേ​​റെ ‘വ​​ന്ദേ​​മാ​​ത​​രം’ ഘോ​​ഷി​​ക്കു​​ന്ന ആ​​ന​​ന്ദ​​മ​​ഠം നോ​​വ​​ലി​​ന്റെ പൊ​​രു​​ൾ വ്യ​​ക്ത​​മാ​​ക്കേ​​ണ്ടൊ​​രു ആ​​വ​​ശ്യ​​വു​​മി​​ല്ല. എ​​ന്നാ​​ൽ, ആ ​​ദി​​വ്യ​​പു​​രു​​ഷ വ​​ച​​ന​​ത്തെ ഇ​​ന്ത്യ​​ൻ ജ​​ന​​ത അ​​ഴു​​ക്കു​​ചാ​​ലി​​ലേ​​ക്ക് വ​​ലി​​ച്ചെ​​റി​​യാ​​നു​​ള്ള ക​​രു​​ത്തു​​കാ​​ട്ടി​​യ​​തു​​കൊ​​ണ്ടാ​​ണ്, ന​​മ്മ​​ൾ 1947ൽ ​​സ്വ​​ത​​ന്ത്ര​​രാ​​യ​​തെ​​ന്ന് മ​​റ​​ക്ക​​രു​​ത്.

1882ലെ ​​ആ​​ന​​ന്ദ​​മ​​ഠം നോ​​വ​​ലി​​ൽ​​നി​​ന്നും 1947 ആ​​ഗ​​സ്റ്റ് പ​​തി​​ന​​ഞ്ചി​​ലേ​​ക്കു​​ള്ള ദൂ​​ര​​ത്തെ കൃ​​ത്രി​​മ​​മാ​​യു​​ണ്ടാ​​ക്കു​​ന്ന വ​​ന്ദേ​​മാ​​ത​​ര വി​​വാ​​ദം​​വെ​​ച്ച് പ​​രി​​ഹ​​സി​​ക്ക​​രു​​ത്. ജീ​​വി​​ത​​വൃ​​ക്ഷം വെ​​ട്ടി​​മു​​റി​​ച്ച് തു​​ണ്ടം തു​​ണ്ട​​മാ​​ക്കി അ​​ടു​​പ്പി​​ലി​​ട്ടാ​​ൽ ടാ​​ഗോ​​ർ വ്യ​​ക്ത​​മാ​​ക്കി​​യ​​പോ​​ലെ അ​​തു നി​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി ന​​ന്നാ​​യി ക​​ത്തും. പ​​ക്ഷേ, അ​​തി​​ൽ നി​​ന്നൊ​​രി​​ക്ക​​ലും നി​​ങ്ങ​​ൾ​​ക്ക് പൂ​​വും കാ​​യ്ക​​ളും കി​​ട്ടു​​ക​​യി​​ല്ല. ന​​മു​​ക്കു​​വേ​​ണ്ട​​ത് ധാ​​രാ​​ളം പൂ​​വും കാ​​യ്ക​​ളു​​മു​​ള്ള വ്യ​​ത്യ​​സ്ത പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളു​​ടെ വി​​സ്തൃ​​ത ജീ​​വി​​ത​​മാ​​ണ്.

പ​​ഴ​​യ​​തി​​ന് ജീ​​വി​​ക്കാ​​നോ പു​​തി​​യ​​തി​​ന് ജ​​നി​​ക്കാ​​നോ ക​​ഴി​​വി​​ല്ലാ​​ത്ത ഇ​​ട​​വേ​​ള​​ക​​ളി​​ൽ പ​​ല​​ത​​രം രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​മെ​​ന്ന് ഗ്രാം​​ഷി. ഇ​​ന്ത്യ ഇ​​പ്പോ​​ൾ അ​​ങ്ങ​​നെ​​യു​​ള്ള ഒ​​രി​​ട​​വേ​​ള​​ക​​ളി​​ൽ​​പോ​​ലു​​മ​​ല്ല, മ​​റി​​ച്ച് പ​​ഴ​​യ​​തി​​ന് പു​​തി​​യ​​തെ​​ന്ന് തോ​​ന്നി​​പ്പി​​ക്കാ​​തെ​​ത​​ന്നെ ഇ​​വി​​ടെ ന​​ന്നാ​​യി​​ത്ത​​ന്നെ ജീ​​വി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നൊ​​ര​​വ​​സ്ഥ​​യി​​ലാ​​ണ്. ആ ​​വ​​ന്ദേ​​മാ​​ത​​ര വി​​വാ​​ദ​​ത്തി​​ലേ​​ക്കൊ​​ന്ന് സൂ​​ക്ഷി​​ച്ച് നോ​​ക്കി​​യാ​​ൽ മ​​തി, ഇ​​ക്കാ​​ര്യം കൃ​​ത്യം വ്യ​​ക്ത​​മാ​​കും. ‘ജ​​ന​​ഗ​​ണ​​മ​​ന’​​യെ ദേ​​ശീ​​യ​​ഗാ​​ന​​മാ​​യും വ​​ന്ദേ​​മാ​​ത​​ര​​ത്തെ ദേ​​ശീ​​യ ഗീ​​ത​​മാ​​യും ഒ​​ര​​വ്യ​​ക്ത​​ത​​ക്കു​​മി​​ടം ന​​ൽ​​കാ​​തെ മാ​​റ്റി​​നി​​ർ​​ത്തി ഭ​​ര​​ണ​​ഘ​​ട​​നാ ത​​ല​​ത്തി​​ലും സാ​​മാ​​ന്യ​​ബോ​​ധ​​ത്തി​​ലും അ​​വ​​സാ​​നി​​പ്പി​​ച്ച ഒ​​രു പ​​ഴ​​യ സം​​വാ​​ദ​​മാ​​ണ്, ഇ​​പ്പോ​​ൾ കൊ​​മ്പും തേ​​റ്റ​​യു​​മാ​​യി, ‘ചോ​​ര​​താ’ എ​​ന്ന​​ല​​റി​​വി​​ളി​​ക്കു​​ന്നൊ​​രു വി​​വാ​​ദ​​മാ​​യി വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionsecularismliterature
News Summary - When a knife is put to the throat of secularism
Next Story