Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് കഥകൾ

text_fields
bookmark_border
രണ്ട് കഥകൾ
cancel


1. നിരൂപണം

സുന്ദരമായ വരയില്ലാത്ത ആ വെളുത്ത പേപ്പറില്‍ അയാളൊരു കഥയെഴുതി, കഥയുടെ പേര് ‘പീഡനം’. പലരും പലവിധത്തില്‍ നിരൂപണം നടത്തി, അക്ഷരത്തെറ്റില്ലാത്ത കഥ എന്നായിരുന്നു ഒരുവിധമുള്ള നിരൂപകരുടെ അഭിപ്രായം. എന്നാൽ, കണിശക്കാരനായ ഒരു നിരൂപകന്‍ അയാളിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു.

നല്ല വെളുത്ത പേപ്പറിന്‍റെ നടുവിലെ ഒരു അക്ഷരത്തില്‍ തെറ്റു സംഭവിച്ചിട്ടുണ്ട്. കൗശലക്കാരനായ കഥാകൃത്ത് പ്രായപൂര്‍ത്തിയാവാത്ത ആ ചുവന്ന അക്ഷരത്തിന് മുകളില്‍ കറക്ഷന്‍ പേനകൊണ്ട് വരഞ്ഞിട്ടുണ്ട്. കൗശലക്കാരനായ കഥാകൃത്തിന് ഒരു അവാര്‍ഡിന് വകയുണ്ടെന്ന് മനസ്സില്‍ കരുതി നിരൂപകൻ കഥാകൃത്തിന്‍റെ വീട്ടിലേക്ക് ആഞ്ഞുനടന്നു.

കഥാകൃത്തിനെയും കൂട്ടി ആ കഥ ഒരാവര്‍ത്തി കൂടി അയാളുടെ വാമൊഴിയിലൂടെ കേൾക്കണമെന്നു കരുതിയുള്ള ആഞ്ഞുനടത്തം. പക്ഷേ, നിര്‍ഭാഗ്യം. വായിക്കാന്‍ കഴിയാത്ത രൂപത്തില്‍ ചെറുകഥയെ അപ്പോഴേക്കും കത്തിച്ചു ചാരമാക്കിയിരുന്നു. നിരൂപകന്‍ നിരാശനായി. മുകളിലേക്ക് നോക്കിയപ്പോൾ കുഞ്ഞക്ഷരത്തില്‍ ഒരു ‘കുഞ്ഞുനക്ഷത്രം’ മിന്നായം പോലെ നിരൂപകന്‍ കണ്ടു.

2. ഖബർസ്ഥാൻ

അയാളുടെ വളരെയേറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ആർക്കെങ്കിലും ഒരു കത്തെഴുതുക എന്നത്. ഇന്ന് അയാൾ അതിനുള്ള സമയം കണ്ടെത്തി. അയാളുടെ സ്ഥിരം താവളമായ വഴിയോരത്തെ ആളൊഴിഞ്ഞ പഴകിയ പീടികക്കോലായിലിരുന്ന് ഒരു പോസ്റ്റ് കാർഡിൽ അയാൾ എന്തൊക്കെയോ നാലുവരി എഴുതി.

ടു അഡ്രസിൽ ‘ഖബർസ്ഥാൻ’ എന്നെഴുതി. ഫ്രമ്മിലും അയാൾ അതുതന്നെ എഴുതി. മറ്റൊരു മേൽവിലാസം എഴുതാൻ അയാൾക്ക് ആരുമില്ലായിരുന്നു.

ശേഷം അടുത്തുതന്നെ ഉണ്ടായിരുന്ന തപാൽപെട്ടിയിൽ ആ കാർഡ് നിക്ഷേപിച്ചു. ഏതാനും ആഴ്ചകൾക്കുശേഷം, ഇങ്ങനെ ഒരു മേൽവിലാസം ഇല്ലെന്ന അറിയിപ്പോടെ ആ പോസ്റ്റ്കാർഡ് തിരികെ വന്നു. പോസ്റ്റുമാൻ ദേഷ്യപ്പെട്ടാണോ എന്നറിയില്ല ആ കാർഡ് അടുത്തു കണ്ട ഖബർസ്ഥാനിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു. ആ കാർഡ് കൃത്യമായി വന്നുപതിച്ചത് തലേന്ന് ഒരു അജ്ഞാത ജഡം അടക്കിയ മൺകൂനയുടെ മുകളിലായിരുന്നു. അയാൾ സ്ഥിരമായി ഇരിക്കാറുള്ള പീടികക്കോലായ രണ്ടുദിവസമായി ശൂന്യമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - stories
Next Story