മുതിർന്ന മാധ്യമ പ്രവർത്തകൻ ജി. പ്രിയദർശനന് വക്കം മൗലവി സ്മാരക പുരസ്‌കാരം
text_fieldsതിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി. പ്രിയദർശനനെ 2025ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ (വക്കം) ഏർപ്പെടുത്തിയ പുരസ്‌കാരം മാധ്യമ രംഗത്തെ മികച്ച സേവനത്തിനും പത്രസ്വാതന്ത്ര്യത്തിനായുള്ള പ്രിയദർശനന്റെ മികച്ച സംഭാവനകളെയും പരിഗണിച്ചാണ് നൽകുന്നത്.
ഡിസംബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുക. വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31 വെള്ളിയാഴ്ച വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തും. വൈകുന്നേരം 4.30നു തിരുവനന്തപുരം പ്രസ്സ് ക്ലബ് ടി.എൻ.ജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ “എന്താണ് നവോഥാനം?” എന്ന വിഷയത്തെകുറിച്ച് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ പ്രഫ. എം.എൻ. കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
അധ്യാപകനായിരുന്ന പ്രിയദർശനൻ ദീർഘകാലം മലയാള മനോരമയിൽ പ്രവർത്തിച്ചു. 1992 മുതൽ 1995 വരെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റായിരുന്നു. 'യോഗനാദം' മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു. ഭാഷാപോഷിണിയിൽ 'പഴമയിൽ നിന്ന്' എന്ന പരമ്പര പ്രസിദ്ധീകരിച്ചു വരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ശ്രീനാരായണഗുരു സുവർണരേഖകൾ, കുമാരനാശാന്റെ മുഖപ്രസംഗങ്ങൾ, ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ, പ്രജാസഭാ പ്രസംഗങ്ങൾ, മൺമറഞ്ഞ മാസികാ പഠനങ്ങൾ, പഴമയിൽ നിന്ന്, ഭാഷാപോഷിണി സഭ: ചരിത്ര പഠനം, കേരള സാഹിത്യ നവോഥാനം തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരവും കേരള പ്രസ് അക്കാദമിയുടെ മുതിർന്ന പത്രപ്രവർത്തകർക്കുള്ള ആദരവും പ്രിയദർശനൻ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

