ചുമടുതാങ്ങികൾ
text_fieldsതെരുവിന് ഇന്ന് തിരക്കിന്റെ മണമായിരുന്നു.
വിയർപ്പിന്റെ അടക്കവും ഒതുക്കവും,
നെട്ടോട്ടമോടുന്ന വിശ്രമത്തിന്റെ കിതപ്പിൽ
പശിയുടെ രുചി പലവ്യഞ്ജനമായി മാറി.
പണ്ട് മിഠായിപളുങ്കിലിരുന്ന്
ചിരിച്ചിരുന്ന ഈച്ചകൾ
ശ്മശാനത്തിൽ ബംഗ്ലാവ് പണിതെന്ന്,
കൂടുതേടി നടന്ന ഭ്രാന്തൻ ഉറുമ്പുകൾ,
പത്തായപ്പുരയിൽ
സുഭിക്ഷതയുടെ മുറപ്പൊക്കത്തിൽ
ഞെളിഞ്ഞിരുന്നു.
മലഞ്ചരക്കിൻ സുഗന്ധംപുരണ്ട
കാറ്റിന് ഊട്ടുപുരയിലെത്താൻ
എന്തൊരു തിടുക്കം.
ഓർമകളുടെ കൊഞ്ഞനംകുത്തിൽ
നീരൊതുങ്ങിയ കൺകളിൽ,
നോക്കുകുത്തികൾ മിഴിപ്പീലികൾ അടച്ചു.
ഒടുക്കം ഇടവഴികൾ താണ്ടിയ കാലുകൾ,
ചുമട്ടുകൊട്ടയുടെ വക്കിൽ തടഞ്ഞ്
പായാരത്തിൻ മഞ്ചലിൽ അമർന്നു.
പതിവുകളുടെ തണ്ണീർക്കുടം
ഇടുപ്പിൽനിന്ന് താഴെ വീണുടഞ്ഞു.
ചുമടുതാങ്ങികൾ കൽപാന്തകാലത്തോളം
ശിലാമഗ്നരായി തൊഴുതുനിൽക്കുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

