ഞങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
ഞങ്ങൾ,
വെടിപ്പ് കളയുന്ന
അറപ്പുകഷണങ്ങളായി
ചിതറിക്കിടക്കുന്നവർ
ചുറ്റും,
മഴത്തുള്ളികണക്കെ പെയ്യുന്ന
മാംസത്തുണ്ടുകൾ
ക്ഷമ ചോദിക്കുന്നു
പരിഷ്കൃതലോകത്തോടാകെ
അനുവാദം തേടാതെ,
സ്വച്ഛതയിലേക്ക്
അപ്രതീക്ഷിതമായി
കയറിവരുന്നതിന്
നിർമലമായ നിങ്ങളുടെ ഓർമകളിൽ
പിളർന്നറ്റ ഞങ്ങളുടെ ദേഹഭാഗങ്ങളാൽ
കറയേൽപ്പിച്ചതിന്,
തികഞ്ഞ മനുഷ്യരെക്കുറിച്ചുള്ള
സൗമ്യഭാവനയെ
കളങ്കപ്പെടുത്തിയതിന്
രക്തത്തിൽ കുളിച്ച്,
കത്തിക്കരിഞ്ഞ്,
നഗ്നമേനികളുമായി,
മര്യാദയില്ലാതെ
പത്രങ്ങളിൽ,
പിണഞ്ഞ ചങ്ങലത്താളുകളിൽ,
പൊടുന്നനെ
ചാടിക്കയറിയിരിക്കുന്നതിന്
ഒട്ടുമൊരുങ്ങാതെ,
അടുക്കുതെറ്റിച്ച്,
ആരോചകരായ്,
നിങ്ങളുടെ തിരനോട്ടങ്ങളിലെ
കറുത്തപാടുകളാകുന്നതിന്
മാപ്പ്,
ഭീതിയാൽ,
ഭീകരവ്രണങ്ങളിലേക്ക്
കണ്ണുപായിക്കാൻ ധൈര്യമില്ലാത്തവരോട്
സ്ക്രീനിൽ,
സകലരെയും ഞെട്ടിവിറപ്പിച്ച്,
ഓർക്കാപ്പുറത്ത് പ്രത്യക്ഷരാകവെ,
അത്താഴം മുഴുവനാക്കാതെ
വിമിട്ടപ്പെടുന്നവരോട്
ഇസ്രായേലി പടയാളികളേ...
മാപ്പ്… മാപ്പ്,
ഞങ്ങളെ മംസത്തുണ്ടുകളാക്കാൻ,
യുദ്ധവിമാനങ്ങളിലും ടാങ്കുകളിലും
വിരലമർത്തി കുഴങ്ങുന്നതിന്,
നിങ്ങളുടെ ഷെല്ലുമഴ
മൃദുശിരസുകൾക്കുമേൽ
നേർക്കുനേർ ചെയ്യുമ്പോൾ
ബീഭത്സരൂപം പൂണ്ട്
അലോസരപ്പെടുത്തുന്നതിന്,
അറപ്പ് മുറ്റും
വികൃത ഉടൽത്തുണ്ടാകുംമുമ്പ്
വീണ്ടും വീണ്ടും
മനുഷ്യക്കോലങ്ങളാകാൻ
മണിക്കൂറുകൾ
മനോരോഗാലയങ്ങളിൽ
കാത്തുകിടന്ന് മുഷിപ്പിക്കുന്നതിന്...
ഞങ്ങൾ,
ശ്ലഥചിത്രം കണക്കെ,
താളിലും തിരശീലയിലും
പറ്റിപ്പിടിച്ച,
ചിതറിയ വിചിത്രരൂപങ്ങൾ!
പാടുപെട്ട് ചേർത്തുനോക്കൂ
നേർചിത്രം തെളിയാതിരിക്കില്ല!
എന്നിട്ടെന്ത്?
ആർക്കുമൊന്നും ചെയ്യാനാകില്ലല്ലോ!
(ഗയാസ് അൽമദ്ഹൂൻ-പലസ്തീൻ കവി)
വിവർത്തനം: ഡോ. സി. സെയ്തലവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

