‘ബലി’ നോവലിന്റെ പിന്നാമ്പുറ കഥകൾ പങ്കുവെച്ച് നോവലിസ്റ്റ് പി.എം.എ. ഖാദർ
text_fieldsജിദ്ദ: തെൻറ പ്രശസ്തമായ 'ബലി' എന്ന ചരിത്രനോവൽ രചിക്കാനുണ്ടായ പശ്ചാത്തലം വായനാ പ്രേമികൾക്കു മുന്നിൽ പങ്കുവെച്ച് നോവലിസ്റ്റ് പി.എം.എ.. ഖാദർ. ജിദ്ദയിലെ അക്ഷരം വായന വേദി സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ നോവലിനെക്കുറിച്ച് സംവദിക്കുകയായിരുന്നു അദ്ദേഹം.
ലോകചരിത്രത്തിൽ വിശ്വപ്രശസ്തരായ നിരവധി മഹാന്മാർ കത്തുകൾ രചിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ പേരിൽ തൂക്കിലേറുന്നതിന് ആറ് മണിക്കൂർ മുമ്പ് വക്കം ഖാദർ എഴുതിയ കത്ത് ഏറെ മഹത്വമുള്ളതാണെന്നും അത് തന്നെ ഏറെ സ്വാധീനിച്ചുവെന്നും പി.എം.എ. ഖാദർ പറഞ്ഞു. ആ കത്ത് വായനയിൽ നിന്ന് ആരംഭിച്ച അന്വേഷണങ്ങളിൽ നിന്നായിരുന്നു ‘ബലി’ എന്ന ചരിത്രനോവലിെൻറ പിറവി.
ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തുക എന്നത് ദുഷ്‌കരമായ കൃത്യമാണ്. ഒരു സംഭവം 10 ദൃക്‌സാക്ഷികളോട് ചോദിച്ചാൽ 10 അഭിപ്രായമാണ് ലഭിക്കുക. നിരവധി പുസ്തകങ്ങൾ വക്കം ഖാദറിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. അവ വായിക്കുകയും അദ്ദേഹം ജീവിച്ച കാലത്തിെൻറ സവിശേഷതകൾ, ഭരണാധികാരികൾ, ബ്രിട്ടീഷ് വൈസ്രോയിമാർ, രണ്ടാം ലോകയുദ്ധം, ഇന്ത്യൻ നാഷനൽ ആർമി (ഐ.എൻ.എ), ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പ് സത്യഗ്രഹം തുടങ്ങിയവയെക്കുറിച്ചൊക്കെ നോവൽ എഴുതുന്നതിന് വേണ്ടി പഠിക്കേണ്ടി വന്നതായും പി.എം.എ.. ഖാദർ വിശദീകരിച്ചു.
വക്കം ഖാദറിെൻറ ജീവിതത്തെ പകർത്താൻ നോവൽ പോലെ മറ്റൊരു മാധ്യമമില്ല. ഉദ്യോഗജനകവും വൈകാരികവുമായ നിരവധി രംഗങ്ങൾ വക്കം ഖാദറിെൻറ ജീവിതത്തിൽ കടന്നുവരുന്നത് പകർത്തൽ ഏറെ ശ്രമകരമായിരുന്നു. പ്രണയവും മാതൃസ്നേഹവും കലാപവുമെല്ലാം ചേർന്നതാണ് വക്കം ഖാദറിെൻറ ജീവിതം. മലയായിൽ വെച്ച് ഐ.എൻ.എയിൽ ചേർന്ന് 20 പേരടങ്ങുന്ന ചാവേർ പടയുടെ നേതാവായി അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു. എന്നാൽ താനൂരിൽവെച്ച് ബ്രിട്ടീഷ് പട്ടാളം പിടികൂടി തടവറയിൽ അടക്കുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.
ബ്രിട്ടീഷ് മേധാവികൾ അന്ത്യാഭിലാഷം എന്താണെന്ന് അന്വേഷിച്ചപ്പോൾ, തെൻറ അടുത്ത സുഹൃത്തായ അനന്തനായരെ സമീപത്ത് നിർത്തി ഒപ്പം തന്നെ തൂക്കിലേറ്റണം എന്നായിരുന്നു ഖാദറിെൻറ മറുപടി. ഹിന്ദു-മുസ്ലിം ഐക്യത്തിെൻറ വിളംബര സന്ദേശമായിരുന്നു അത്. വക്കം ഖാദറിനെ ‘ഭഗത് സിങ് ഓഫ് സൗത്ത് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കുന്നത് തീർത്തും അനുചിതമാണെന്ന് പി.എം.എ.. ഖാദർ അഭിപ്രായപ്പെട്ടു. വക്കം ഖാദറിന് തുല്യമായി ലോകചരിത്രത്തിൽ തന്നെ മറ്റൊരു വ്യക്തിയെയും കണ്ടെത്തുക സാധ്യമല്ലെന്നും പി.എം.എ. ഖാദർ കൂട്ടിച്ചേർത്തു. ഓൺലൈൻ പരിപാടിയിൽ ഇബ്റാഹീം ശംനാട് അധ്യക്ഷത വഹിച്ചു. വക്കം ഖാദറിെൻറ കുടുംബാംഗങ്ങളായ ഫാമി, ജമീമ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എം. അഷ്റഫ് സ്വാഗതവും ശിഹാബ് കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. ആസിം ശിഹാബ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

