Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസാക്ഷര മലയാളിക്ക്...

സാക്ഷര മലയാളിക്ക് ഇനിയെന്തു കടുവ, കാട്ടുപന്നി, കാട്ടാന ... എല്ലാം ശരിയാക്കാൻ നേതാക്കളുണ്ടല്ലോ?

text_fields
bookmark_border
mohankumar
cancel
camera_alt

എ. മോഹൻ കുമാർ

വന്യജീവികൾ നാട്ടിലിറങ്ങിത്തുടങ്ങി ഭീതി വിതക്കുമ്പോൾ, ഇതിനിടയാക്കിയത് ഇന്നലെകളിലെ പ്രവൃത്തികളാണെന്ന് ഓർമ്മ​പ്പെടുത്തുകയാണ് പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ എ. മോഹൻകുമാർ. പുതിയ സാഹചര്യത്തിൽ ഏറെ ഗൗരവ​ം അർഹിക്കുന്ന കുറിപ്പാണ് മോഹൻകുമാർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കുറിപ്പി​െൻറ പൂർണരൂപം:

കുറ്റ​പത്രം-
സാമൂഹ്യ വനവല്ക്കരണമെന്ന പേരിൽ ഇന്ത്യയിലെമ്പാടും നടന്ന പ്രകൃതി വിരുദ്ധമായ വ്യവസായ തോട്ട വല്ക്കരണത്തിനെതിരെ എൺപതുകളിൽ തന്നെ ജനകീയ പ്രതിരോധ പ്രവർത്തകർ മുന്നറിയിപ്പു നൽകിയിരുന്നു.
ലോക ബാങ്കിന്റെ പണം കടമെടുത്തു നടത്തിയ യൂക്കാലിപ്റ്റസ്, അക്കേഷ്യ , വാറ്റിൽ , കാറ്റാടി തുടങ്ങി വൃക്ഷങ്ങൾ നമ്മുടെ പരിസ്ഥിതിക്കിണങ്ങിയവയല്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പുകൾ നൽകിയിരുന്നു. 1985 ൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ചേർന്ന പരിസ്ഥിതിപ്രവർത്തകരുടെ സമ്മേളന തീരുമാനപ്രകാരം "സാമൂഹികവനവല്ക്കരണത്തിനെതിരെ കുറ്റപത്രം " തയ്യാറാക്കുവാൻ എന്നെ ചുമതലപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ ഇത്തരം വനവല്ക്കരണം ഉണ്ടാക്കിയ കെടുതികളെക്കുറിച്ച് പഠനം നടത്തിയതിന്റെ ഫലമായാണ് മിക്കവാറും വരണ്ട പ്രദേശങ്ങളിൽ വളരുന്ന യൂക്കാലിപ്റ്റസ് , അക്കേഷ്യ, വാറ്റിൽ , കാറ്റാടി , കുബാബുൾ തുടങ്ങിയ വിദേശ ഇനങ്ങൾ പ്രചരിപ്പിക്കുന്നത് ജലക്ഷാമത്തിനും പ്രകൃതിയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നതിനും ഇടയാക്കുമെന്ന് കണ്ടെത്തിയത്.
വയനാട്ടിലെ നിത്യ ഹരിത വനങ്ങൾ മുറിച്ചു നീക്കിയാണ് ആദ്യം യൂക്കാലിപ്ററസ് നട്ടത്. മിക്കവാറും കേരളത്തിലെ മലയോര ജില്ലകളിലെല്ലാം ക്ലിയർ ഫെൽ ചെയ്ത് യൂക്കാലിനട്ടത് മാവൂർ, പെരുമ്പാവൂർ, റയോൺസ്, ഹിന്ദുസ്ഥാൻ പേപ്പർമിൽ, പുനലൂർ പേപ്പർമിൽ എന്നിവക്കു വേണ്ടിയായിരുന്നു.
അതിനു മുൻപ് വ്യാപകമായി തേക്കു തോട്ടങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.
നിബിഢ വനങ്ങൾ നശിപ്പിച്ച് തീയിട്ട് കരിച്ചിട്ടായിരുന്നു ഈ വിക്രിയകൾ.
1983 - 84 ൽ അതിരൂക്ഷമായ വരൾച്ചയുണ്ടായപ്പോഴാണ് അവിടവിടെയായി ജനങ്ങൾ ശബ്ദിക്കാൻ തുടങ്ങിയത്. എവിടെയെല്ലാം ഇത്തരം ഏക വിളകൾ ഉണ്ടായിരുന്നുവോ അവിടെയെല്ലാം പുഴകളും കുളങ്ങളും അരുവികളും ഉറവകളും വറ്റിവരണ്ടു. കിണറുകൾ വറ്റി കുടിവെളളത്തിന് ഗ്രാമീണർ അലയുന്ന കാഴ്ചയുണ്ടായി. കൃഷി ഇറക്കാനാവാതെ കർഷകർ വലഞ്ഞു.
വന്യജീവികൾ നാട്ടിലിറങ്ങിത്തുടങ്ങി.
പിന്നീട്‌ അവ നാട്ടിൽ പെരുകുകയായി. ആന ആണ്ടു പോകുന്ന വയനാട്ടിലെ ആത്തിക്കണ്ടങ്ങൾ വരണ്ടത്, "ഊക്കാലി" വന്നിട്ടാണെന്ന് ആദിവാസികൾ ഏക സ്വരത്തിൽ പറഞ്ഞു. പത്തനാപുരത്തിനടുത്ത് കടശ്ശേരി ഗ്രാമത്തിലെ മലകളിൽ വനം വകുപ്പ് നട്ടുപിടിപ്പിച്ച യൂക്കാലി തൈകൾ പീതാംബരൻ എന്ന കർഷകന്റെ മുൻകയ്യിൽ ജനങ്ങൾ പിഴുതെറിഞ്ഞു. പീതാംബരന്റെ പേരിൽ പതിനാറോളം കേസുകൾ ചുമത്തിയിരുന്നു.
അവിടെ വ്യാപകമായി പന്നികൾ പെരുകിയത് വനനാശം കാരണമാണെന്ന് നാട്ടുകാർ വിലയിരുത്തിയിരുന്നു. വയനാട്ടിൽ കുറുവത്തുരുത്തുപോലും സാമൂഹ്യ വിരുദ്ധ വനവല്ക്കരണത്തിനു വിധേയമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ അണക്കെട്ടിനു ചുറ്റും അൽബീസിയയും യൂക്കാലിപ്റ്റസും നട്ടുപിടിപ്പിച്ചത് "വനവികസന കോർപ്പറേഷൻ " ആയിരുന്നു. ലോറിക്കണക്കിന് ബിഎച്ച്സി പൗഡർ അവിടെ ശേഖരിച്ചു വച്ചത് ചാക്കുകൾ പൊട്ടി ചോർന്ന് ഒലിച്ച് പേപ്പാറ ജലസംഭരണിയിൽ എത്തിയിരുന്നു. യൂക്കാലിയെ ചിതൽ നശിപ്പിക്കാതിരിക്കാൻ സംരക്ഷണാർത്ഥമാണ് മാരക വിഷം ഉപയോഗിച്ചത്. കേരളത്തിലുടനീളം വിദ്യാലയങ്ങൾ, ഗ്രാമീണ വായനശാലകൾ, കലാശാലകൾ എന്നിവിടങ്ങളിലെല്ലാം സി. ശരത്ചന്ദ്രനുo ഞാനും ചേർന്ന് എടുത്ത സ്ലൈഡുകൾ പ്രദർശിപ്പിച്ചു കൊണ്ട് ബോധവല്ക്കരണ ശ്രമങ്ങൾ വ്യാപകമായി നടത്തിയിരുന്നു .
1987 നവംബർ ഒന്നിന് കന്യാകുമാരി , നവാ പൂർ എന്നിവിടങ്ങളിൽ നിന്നും ഗോവയിലേക്ക് നടത്തിയ നൂറു ദിന പശ്ചിമഘട്ട രക്ഷായാത്രയും അന്നത്തെ യുവ തലമുറക്ക് തങ്ങളുടെ നാടിന് എന്തു സംഭവിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കുവാനുള്ള ഒരു യത്നമായിരുന്നു. മാറി മാറി വന്ന സർക്കാരുകൾ വനത്തെയും പുഴകളെയും മണ്ണിനെയും കണ്ടത് കേവലം പണമുണ്ടാക്കാനുള്ള കാമധേനുവായിട്ടായിരുന്നു.
കൂപ്പു കോൺട്രാക്ടർമാർ കരിങ്കൽ ക്വാറി മുതലാളിമാരും അവരുടെ അനന്തര തലമുറ എംസാൻഡ് , കുപ്പി നീർ വ്യവസായികളും ആയി മില്യനേഴ്സ് പട്ടികയിൽ സ്ഥാനം പിടിക്കുന്നു. അവരുടെ ഒത്താശ്ശക്കാരായി മന്ത്രി ശശീന്ദ്രൻ അടക്കമുള്ളർ അധികാരം കയ്യാളുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലുഠ മേലനക്കാതെ , ഇവർ ഇങ്ങനെ ഭരിച്ചു ഭരിച്ച് , മുടിച്ചു മുടിച്ച് പോകുമ്പോൾ ജനങ്ങൾ കടുവ , ആന, പന്നി എന്നാല്ലാം പിറുപിറുത്ത് കഴിയുന്നു. സത്യത്തിൽ ഈ പേരുകൾ വിളിച്ചാൽ മനസ്സിലാകുന്ന പെരുച്ചാഴികൾ ഉന്നതങ്ങളിൽ വലകെട്ടി , "കാലുകൾക്കിടയിലാണെട്ടു ദിക്കുകൾ, നാശമേലു കില്ലൊരുനാളും " എന്ന ഭാവനയോടെ വാണരുളുകയാണ്. ഇപ്പോൾ മഞ്ഞക്കൊന്ന പറിക്കലാണ് വനം വകുപ്പിനു പണി . ആലോചനയില്ലാതെ വികസനം വികസനം എന്നു പറഞ്ഞ് കൊണ്ടുവരുന്ന ഓരോ പദ്ധതികളും ഭാവി തലമുറയുടെ ചുമലിലേറ്റാനുള്ള കടക്കുരിശ്ശുകളായിരിക്കും. മക്കളെ വിദേശത്തേക്ക് കയറ്റിയച്ച് ബംഗാളികളുടെ കാവലിൽ സുരക്ഷിതരായി കഴിയുന്ന സാക്ഷര മലയാളിക്ക് ഇനിയെന്തു കടുവ, കാട്ടുപന്നി, കാട്ടാന ... എല്ലാം ശരിയാക്കാൻ നേതാക്കളുണ്ടല്ലോ?
Show Full Article
TAGS:AMohan Kumar kerala forest dept 
News Summary - Malayalee's Nature Conservation: A. Mohan Kumar writes
Next Story