പി.എൻ. ഗോപീകൃഷ്ണന് കെ. ബാലകൃഷ്ണൻ നമ്പ്യാർ പുരസ്കാരം
text_fieldsപി.എൻ. ഗോപീകൃഷ്ണൻ
തൃക്കരിപ്പൂർ: ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായ കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണക്ക് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് പി.എൻ. ഗോപീകൃഷ്ണനെ തിരഞ്ഞെടുത്തതായി സംഘാടകസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘കവിത മാംസഭോജിയാണ്’ എന്ന കവിതാസമാഹാരമാണ് പുരസ്കാരം നേടിയത്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
സി.വി. ബാലകൃഷ്ണൻ ചെയർമാനും പ്രഫ.എ.എം. ശ്രീധരൻ, ഡോ. എ.സി. ശ്രീഹരി എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് കൃതി തെരഞ്ഞെടുത്തത്. ഈ മാസം 22ന് വൈകീട്ട് നാലിന് മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ ലേഖന സമാഹാരമായ ‘നാട്ടിൽ ഒരാൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഇ.പി. രാജഗോപാലൻ, എം.വി. കോമൻ നമ്പ്യാർ, കെ. മോഹനൻ, രാഘവൻ മാണിയാട്ട്, ടി.വി. ബാലൻ എന്നിവർ പങ്കെടുത്തു.

