ജെ.കെ.വി പുരസ്കാരം ആർ.കെ. ബിജുരാജിന്
text_fieldsചങ്ങനാശ്ശേരി: പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ (ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി) നാമധേയത്തിൽ നൽകി വരുന്ന എട്ടാമത് സാഹിത്യപുരസ്കാരം ‘മാധ്യമം’ ചീഫ് സബ് എഡിറ്റർ ആർ.കെ. ബിജുരാജിന്. ‘കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം’ എന്ന ഗ്രന്ഥമാണ് അവാർഡിന് അർഹമാക്കിയതെന്ന് ജെ.കെ.വി ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സന്തോഷ് ജെ.കെ.വി അറിയിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ജെ.കെ.വിയുടെ പേരിലുള്ള പ്രഥമ മാധ്യമ പുരസ്കാരം 24 ന്യൂസിലെ വാർത്താ അവതാരകൻ എസ്. വിജയകുമാറിനും ലഭിച്ചു. 7,500 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ആധികാരികതയോടും സൂക്ഷ്മതയോടും കൂടി കേരള രാഷ്ട്രീയചരിത്രത്തെ അതിഗംഭീരമായി ഒരു ഗവേഷണപ്രബന്ധത്തിെൻറ ഗൗരവത്തോടെ ബിജുരാജ് കേരളരാഷ്ട്രീയ ചരിത്രം എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. സമചിത്തതയോടെ ശാന്തസ്വരൂപനായിനിന്ന് വാർത്തകളെ ഗൗരവമായി അവതരിപ്പിക്കുന്ന എസ്. വിജയകുമാറിന്‍റെ ശൈലി ഏറെ അനുകരണീയമെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്മാരും മാധ്യമപ്രവർത്തകരുമായ പി.കെ. പാറക്കടവും ഏബ്രഹാം മാത്യുവും കേന്ദ്ര യൂനിവേഴ്സിറ്റിയുടെ രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്തും ഐകകണ്ഠേനയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ ജെ.കെ.വിയുടെ ജന്മവാർഷികദിനമായ ഒക്ടോബർ ഒന്നാം തീയതി ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര ജെ.കെ.വി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മാധ‍്യമപ്രവർത്തക മിന്നു വേണുഗോപാലാണ് ബിജുരാജിന്‍റെ ജീവിതപങ്കാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

