ആശാൻ ഫൗണ്ടേഷൻ കവിത പുരസ്കാരം
text_fieldsകെ.ഡി. ഷൈബു മുണ്ടക്കല്‍
കൊല്ലം: ആശാൻ ഫൗണ്ടേഷൻ നൽകുന്ന രണ്ടാമത് കുമാരനാശാൻ കവിത പുരസ്കാരം പെരുമ്പാവൂർ സ്വദേശി കെ.ഡി. ഷൈബു മുണ്ടക്കലിന്റെ ‘ഡാന്റെ’ എന്ന കവിത സമാഹാരത്തിന്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ രണ്ടിന് രാവിലെ പത്തിന് കുമാരനാശാന്റെ 150ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി കെ.എൻ. ബാലഗോപാൽ അവാർഡ് വിതരണം നടത്തും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ, മെരിറ്റ് സ്കോളർഷിപ് വിതരണം, അജിത് നീലികുളത്തിന്റെ ചെറുകഥ സമാഹാരമായ ‘ലൂണ’ യുടെ പ്രകാശനം എന്നിവയും ഉണ്ടായിരിക്കും. ജൂറി ചെയർമാൻ ഡോ. പി. പത്മകുമാർ ക്ലാപ്പന, എം. സി. റോബിൻ കുമ്പളം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.