ആർക്കിടെക്ചർ പ്ലാറ്റിനം അവാർഡ് കാസർഗോഡ് സ്വദേശികളായ ദമ്പതികൾക്ക്
text_fieldsഇന്ത്യയിലെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇൻടീരിയർ ഡിസൈനിംഗ് പ്ലാറ്റിനം അവാർഡ് കാസർഗോഡ് സ്വദേശികളായ ദമ്പതികൾക്ക്. കാഞ്ഞങ്ങാട് തായന്നൂർ സ്വദേശിയായ ജിനീഷ് കെ. ജോയിസും ഭാര്യ പി. അനുശ്രീയും ചേർന്ന് നയിക്കുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട-ഡ (Ta- Da)ഡിസൈൻ കളക്റ്റീവിനാണ് പുരസ്ക്കാരം. 2025-ലെ ബെസ്റ്റ് റെസിഡൻഷ്യൽ ആർക്കിടെക്ചർ വിഭാഗത്തിനുള്ള ദേശീയ പുരസ്ക്കാരമാണ് ട-ഡ ഡിസൈൻ കളക്റ്റീവിന് ലഭിച്ചത്.
രാജ്യത്തെ മുൻനിര ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ എന്നിവരിൽ നിന്നാണ് ട-ഡ പ്രൊജക്ടിനെ പുരസ്ക്കാരത്തിനായി ജൂറി തെരഞ്ഞെടുത്തത്.
കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിർമ്മിച്ച ‘പെട്ര റെസിഡൻസ്’ എന്ന വസതിയുടെ ആർക്കിടെക്ചർ-നാണ് ഈ ദേശീയ അംഗീകാരം. സൈറ്റ്, പ്രകൃതി, മെറ്റീരിയൽ, മനുഷ്യൻ എന്നിവ തമ്മിലുള്ള ബന്ധം ഒരു കഥയായി മാറ്റുന്ന സമഗ്രമായ ആർക്കിടെക്ചർ അനുഭവം ആയാണ് പെട്രയെ ജൂറി വിലയിരുത്തിയത്.
“ദ സ്റ്റോറി ഓഫ് ദ സ്റ്റോൺ ആൻഡ് ദ ബന്യൻ” എന്ന ആശയത്തിലൂടെയാണ് പെട്രയുടെ ആർക്കിടെക്ചർ രൂപം കൊണ്ടത്. ആൽമരത്തിന്റെ ശാഖകളും വേരുകളും സൃഷ്ടിക്കുന്ന പ്രകാശ–നിഴൽ ബന്ധം അബ്സ്ട്രാക്റ്റ് ഫോമിലേക്ക് മാറ്റിയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ പഠനത്തിന് ശേഷമാണ് ഇരുവരും പ്രൊഫഷണൽ രംഗത്ത് സജീവമായത്.
ആർക്കിടെക്ചറിന് പുറമെ ഇൻടീരിയർ ഡിസൈൻ, ഫർണിച്ചർ ആൻഡ് പ്രൊഡക്റ്റ് ഡിസൈൻ, ആർട്ട് കൺസൾട്ടൻസി, ഇൻസ്റ്റലേഷൻ ആർട്ട് തുടങ്ങിയ മേഖലകളിലുംTa-Da സജീവമാണ്.
പ്രൈമറി സ്കൂൾ കാലം മുതൽ തന്നെ ജിനീഷും അനുശ്രീയും കലാരംഗത്ത് സജീവരായിരുന്നു. സംസ്ഥാനതല സ്കൂൾ കലോത്സവങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരുവരും നേടിയിട്ടുണ്ട്. ബാല്യകാലത്ത് വളർന്ന ഈ ആർട്ടിസ്റ്റിക് സെൻസിബിലിറ്റിയാണ് പിന്നീട് അവരുടെ ആർക്കിടെക്ചറിന് നാരേറ്റീവ് ഡെപ്ത് നൽകിയത്. പ്രകൃതിയെ അനുകരിക്കാതെ, പ്രകൃതിയിൽ നിന്ന് അർത്ഥം കണ്ടെത്തി സ്റ്റോറി ടെല്ലിംഗ് ശൈലിയിലുള്ള ആർക്കിടെക്ചർ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

