ജെഫ്രി ആർച്ചറിന്റെ അവസാന നോവൽ ആദ്യം റിലീസ് ചെയ്യുന്നത് ഇന്ത്യയിൽ! കാരണമെന്ത്?
text_fieldsജെഫ്രി ആർച്ചർ
ന്യൂഡൽഹി: തന്റെ അവസാന നോവൽ പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചറുടെ വിയോഗത്തിൽ ദുഃഖത്തിലാഴ്ന്ന് ഡൽഹിയിലെ ലൈബ്രറികളും വായനക്കാരും. 86-ാം വയസ്സിലാണ് ആർച്ചർ അന്തരിച്ചത്. അദ്ദേഹം എഴുതി പൂർത്തിയാക്കിയ 'ആദം ആന്റ് ഈവ്' (Adam & Eve) എന്ന അവസാന പുസ്തകം വിപണിയിലെത്തുന്നതിന് തൊട്ടുമുമ്പുള്ള ഈ വിയോഗം അദ്ദേഹത്തിന്റെ തന്നെ ഒരു നോവലിലെ ട്വിസ്റ്റിനെ ഓർമിപ്പിക്കുന്നതായി മാറി.
അഞ്ച് പതിറ്റാണ്ടിലേറെക്കാലം വായനക്കാരെ വിസ്മയിപ്പിച്ച കഥാകാരനായ ജെഫ്രി ആർച്ചർ, 'ആദം ആന്റ് ഈവ്' തന്റെ അവസാന നോവലായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുസ്തകം വായനക്കാരുടെ കയ്യിലെത്തുന്നതിന് കൃത്യം ഒരു ദിവസം മുമ്പ് അദ്ദേഹം വിടപറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ചെൽട്ടൻഹാം സാഹിത്യോത്സവത്തിൽ പങ്കെടുക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
ഡൽഹിയിലെ പ്രമുഖ ലൈബ്രറികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഖാൻ മാർക്കറ്റിലെ ബഹ്രിസൺസ് ബുക്ക് സ്റ്റോറിലും, മിഡ്‌ലാന്റ് ബുക്ക് ഷോപ്പിലും ആർച്ചറുടെ പുതിയ പുസ്തകത്തിനായി അന്വേഷണങ്ങൾ എത്തിതുടങ്ങി. ലൈബ്രറികളിൽ എത്തിച്ചേർന്ന ആദ്യ ബാച്ച് കോപ്പികൾക്കായി വായനക്കാർ ഇതിനകം തന്നെ ക്യൂവിലാണ്.
ലോകത്ത് ജെഫ്രി ആർച്ചർക്ക് ഏറ്റവും കൂടുതൽ ആരാധകരും വായനക്കാരും ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അദ്ദേഹത്തിന്റെ നോവലുകൾക്ക് ഇന്ത്യയിൽ എല്ലായ്പ്പോഴും വലിയ വിപണിയുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ അദ്ദേഹം നടത്തിയ പുസ്തക പ്രകാശന ചടങ്ങുകളിലും സാഹിത്യോത്സവങ്ങളിലും ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തിട്ടുള്ളത്.
ഒരു കാലത്ത് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ ഇന്ത്യയിൽ വ്യാപകമായി വിറ്റഴിക്കപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എത്രയധികം ആളുകളിലേക്ക് എത്തുന്നുണ്ട് എന്നതിന്റെ തെളിവായിമാറി. ഈ വലിയ ജനപ്രീതി കണക്കിലെടുത്താണ് പിന്നീട് പ്രസാധകർ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇന്ത്യയിൽ പുറത്തിറക്കാൻ തുടങ്ങിയത്.
രണ്ട് ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 468 പേജുള്ള 'ആദം ആന്റ് ഈവ്' ഒരു ആൾട്ടർനേറ്റ് ഹിസ്റ്ററി നോവലാണ്. പ്രസാധകർക്കായി അദ്ദേഹം തയാറാക്കിയ അവസാന കുറിപ്പിൽ മുംബൈയെ പ്രത്യേകമായി പരാമർശിച്ചിരുന്നു. തനിക്ക് ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇന്ത്യയെ തന്റെ സ്വാഭാവിക സുഹൃത്തുക്കൾ എന്നാണ് ആർച്ചർ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ വായനക്കാരുമായി വലിയൊരു ആത്മബന്ധം സൂക്ഷിച്ചിരുന്ന ആർച്ചറുടെ വിയോഗം സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
‘കെയ്ൻ ആൻഡ് ആബേൽ’, ‘ക്ലിഫ്റ്റൻ ക്രോണിക്കിൾസ്’ തുടങ്ങിയ ലോകപ്രശസ്ത കൃതികളിലൂടെ മുന്നൂറിലധികം ദശലക്ഷം പുസ്തകങ്ങളാണ് അദ്ദേഹം വിറ്റഴിച്ചത്. ജീവിതത്തിന്റെ അവസാന നിമിഷം വരെ എഴുത്തിലും വായനക്കാരുമായുള്ള സംവാദങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 1975 ൽ പ്രസിദ്ധീകരിച്ച നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’ ആണ് ആർചറുടെ ആദ്യ നോവൽ. 2014 ൽ താൻ കാൻസർ ബാധിതനാണെന്ന് ആർചർ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

