Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയുടെ ഓർമകൾക്ക് പുനർജീവൻ; തകർന്ന ലൈബ്രറിയിൽ നിന്ന് 3000 പുസ്തകങ്ങൾ വീണ്ടെടുത്തു

text_fields
bookmark_border
ഗസ്സയുടെ ഓർമകൾക്ക് പുനർജീവൻ; തകർന്ന ലൈബ്രറിയിൽ നിന്ന് 3000 പുസ്തകങ്ങൾ വീണ്ടെടുത്തു
cancel

ഗസ്സ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ചരിത്ര പ്രസിദ്ധമായ ഗ്രേറ്റ് ഒമാരി മോസ്‌ക് ലൈബ്രറിയിൽ നിന്ന് ഏകദേശം 3000 പുസ്തകങ്ങൾ യുവതികളുടെ സംഘം വീണ്ടെടുത്തു. ഗസ്സയിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ഐസ് ഓൺ ഹെറിറ്റേജ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ വീണ്ടെടുത്തത്.

ഗസ്സയിലെ ഓൾഡ് സിറ്റിയിലുള്ള ഗ്രേറ്റ് ഒമാരി മോസ്‌കിനുള്ളിലായിരുന്നു ഈ ലൈബ്രറി. ആക്രമണത്തിന് മുൻപ് 20,000ത്തോളം പുസ്തകങ്ങളും അപൂർവ്വ കൈയെഴുത്തുപ്രതികളും ചരിത്ര രേഖകളും ഇവിടെ ഉണ്ടായിരുന്നു. ആക്രമണത്തിൽ ലൈബ്രറി പൂർണമായും തകർന്നു.കോൺക്രീറ്റ് കഷ്ണങ്ങൾക്കും കല്ലുകൾക്കും ഇടയിൽ നിന്നാണ് പുസ്തകങ്ങൾ കണ്ടെടുത്തത്.

33 വയസ്സുള്ള ആർക്കിടെക്ടും പുരാവസ്തു പുനരുദ്ധാരണ വിദഗ്ധയുമായ ഹനീൻ അൽ-അംസിയാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. 2009ൽ ഗസ്സയിൽ സ്ഥാപിതമായ ഐസ് ഓൺ ഹെറിറ്റേജ് ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇവർ. ഏകദേശം 12 യുവതികളടങ്ങുന്ന സംഘമാണ് ഇവർക്കൊപ്പമുള്ളത്.

2025 ജനുവരി 29നാണ് നിലവിലെ രക്ഷാദൗത്യം ആരംഭിച്ചത്. തകർന്ന കെട്ടിടത്തിനുള്ളിൽ, പൊടിയും ഈർപ്പവും പ്രാണികളും നിറഞ്ഞ അപകടകരമായ സാഹചര്യത്തിലാണ് ഇവർ പ്രവർത്തിച്ചത്. പുസ്തകങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും രേഖപ്പെടുത്തണമെന്നും ഹനീൻ സംഘത്തിന് പരിശീലനം നൽകിയിരുന്നു.

വീണ്ടെടുത്ത പുസ്തകങ്ങളിൽ ചിലത് നല്ല നിലയിലായിരുന്നു. ചിലത് ഭാഗികമായി കേടുപാടുകൾ സംഭവിച്ചവയാണ്. എന്നാൽ പലതും കത്തിക്കരിഞ്ഞതും പൂപ്പൽ പിടിച്ചതും പൂർണമായും നശിച്ചതുമാണ്. 700 വർഷം പഴക്കമുള്ള മംലൂക്ക് കാലഘട്ടത്തിലെ ഇബ്‌നു സുഖാ അൽ-ഗാസിയുടെ ദീവാൻ എന്ന അപൂർവ്വ കൈയെഴുത്തുപ്രതിയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അത് പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം നശിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്ലാമിക നിയമം, കവിത, സാഹിത്യം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇതിൽ കൂടുതലും.

പുസ്തകങ്ങൾക്ക് 'ഫസ്റ്റ് എയ്ഡ്' നൽകുന്നത് മാത്രമാണെന്ന് സംഘം പറയുന്നു. പൂർണമായ പുനരുദ്ധാരണത്തിന് ആവശ്യമായ രാസവസ്തുക്കളും ലബോറട്ടറി സൗകര്യങ്ങളും ഗസ്സയിൽ ലഭ്യമല്ല. ബ്രഷ്, കയ്യുറകൾ, തുണിക്കഷണങ്ങൾ, വീടുകളിൽ നിന്ന് കൊണ്ടുവന്ന ടവലുകൾ എന്നിവ ഉപയോഗിച്ചാണ് വൃത്തിയാക്കൽ.

പൂപ്പൽ നീക്കാൻ ആവശ്യമായ 70% ആൽക്കഹോൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ഹനീൻ പറയുന്നു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 40 മില്ലി ലിറ്റർ മാത്രമാണ് ലഭിച്ചത്. ശേഷിക്കുന്ന പുസ്തകങ്ങൾ പുനഃസ്ഥാപിക്കാൻ 20 വർഷം വരെ എടുത്തേക്കുമെന്നാണ് കണക്കാക്കുന്നത്. യുനെസ്കോയുടെ കണക്കനുസരിച്ച് ഗസ്സയിൽ 160ലധികം സാംസ്കാരിക കേന്ദ്രങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

13 പ്രധാന ലൈബ്രറികൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഗസ്സയുടെ ബൗദ്ധിക ജീവിതത്തിന്റെ കേന്ദ്രമായിരുന്ന ഈ ലൈബ്രറി പുനർനിർമിക്കുന്നത് പുസ്തകങ്ങൾ സംരക്ഷിക്കൽ മാത്രമല്ല, ഒരു തലമുറയുടെ ചരിത്രം തന്നെ വീണ്ടെടുക്കലാണെന്ന് ഇവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gaza Memories Revived After 3000 Books Rescued From Ruins
Next Story