പുസ്തകം മോഷണം പോകും എന്ന് എല്ലാവരും പറഞ്ഞു, രണ്ട് ദിവസം കൊണ്ട് ഷെൽഫ് കാലിയായി, ഒരാഴ്ച കഴിഞ്ഞപ്പോൾ സംഭവിച്ചത്...
text_fieldsമിനി ലൈബ്രറി
അഹമ്മദാബാദിലെ പാരിമൽ ഗാർഡനിൽ ഒരു ചെറിയ പച്ച പെട്ടി ഉണ്ട്. 'ഫ്രീ മിനി ലൈബ്രറി' എന്ന് എഴുതിയ ആ പെട്ടിയിൽ ആർക്കും പുസ്തകം എടുക്കാം, പകരം ഒരെണ്ണം വെക്കാം. കാവൽക്കാരില്ല, ഫൈനില്ല, രജിസ്റ്ററില്ല. പൂർണമായും വിശ്വാസത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി. ഇതിന് പിന്നിൽ രണ്ട് ചെറുപ്പക്കാരാണ്. ഹീത് ദോഷിയും ഓം താക്കറും.
2023ൽ 'Your Reading Circle' എന്ന വായനാക്കൂട്ടം തുടങ്ങിയ ഇവർക്ക് വായനക്കാർക്ക് ഒത്തുകൂടാൻ ഇടമില്ല എന്ന തോന്നലിൽ നിന്നാണ് ഈ ആശയം വന്നത്. കേരളത്തിലെ പെരുങ്കുളം ഗ്രാമത്തിൽ ഓരോ 200 മീറ്ററിലും ലൈബ്രറി ഉണ്ട് എന്ന റീൽ കണ്ടതാണ് വഴിത്തിരിവായത്. ഒരു പെട്ടിക്ക് വേണ്ടി ഓഫീസുകൾ കയറിയിറങ്ങി. 2024 ഏപ്രിലിൽ ആശയം വന്നെങ്കിലും അനുമതി കിട്ടാൻ മാസങ്ങൾ വേണ്ടിവന്നു. പാർക്കിൽ ലൈബ്രറി വെക്കാൻ ആർക്കാണ് അധികാരം എന്ന് പോലും ആർക്കും അറിയില്ലായിരുന്നു.
ഒടുവിൽ 2024 ജൂൺ 23ന് ആദ്യത്തെ ലൈബ്രറി പാരിമൽ ഗാർഡനിൽ തുറന്നു. ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് പേടി ഉണ്ടായിരുന്നു. പക്ഷെ കുട്ടികളും വയോധികരും കോളജ് വിദ്യാർഥികളും ആ പെട്ടിയെ ഏറ്റെടുത്തു. പുസ്തകം കാണാതെ പോകും എന്ന് കരുതിയ ഞങ്ങളെ ഞെട്ടിപ്പിക്കുന്നതായിരുന്നു പിന്നീട് നടന്ന കാര്യങ്ങളെന്ന് ഹീത് ദോഷിയും ഓം താക്കറും പറയുന്നു.
സ്വയം ഷെൽഫ് വൃത്തിയാക്കുന്ന, പുസ്തകം അടുക്കിവെക്കുന്ന ഒരുപാട് അപരിചിതർ. ഇന്ന് അഹമ്മദാബാദിൽ 11 ഇടത്തും വഡോദരയിൽ 2 ഇടത്തുമായി 13 മിനി ലൈബ്രറികളുണ്ട്. മൂന്നെണ്ണം കൂടി വരുന്നു. ഇതിനായി 'വിരക്ത് ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒ വരെ തുടങ്ങി. രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ എല്ലാ പുസ്തകങ്ങളും കാലിയായി. പരാജയമായി എന്ന് കരുതിയിടത്ത് ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോൾ നാട്ടുകാർ തന്നെ പുസ്തകം കൊണ്ടുവന്ന് ഷെൽഫ് നിറച്ചിരിക്കുന്നു.
പാർക്ക് എന്നത് ആളുകൾ സ്ലോ ആകുന്ന ഇടമാണ്. ഫോണിൽ സ്ക്രോൾ ചെയ്യുന്നതിന് പകരം 10 മിനിറ്റ് വായിച്ചാൽ പോലും മതി എന്ന് ഞങ്ങൾ കരുതി ഹീത് പറയുന്നു. തങ്ങളെപ്പോലെ ലൈബ്രറി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇവർക്ക് പറയാൻ ചില കാര്യങ്ങളുണ്ട്.
അനുമതിക്ക് വേണ്ടി ആദ്യം ഓടുക, ഘടന പിന്നീട് നിർമിച്ചാൽ മതി. എല്ലാ നഗരത്തിലും വായനക്കാർ ഉണ്ട്, അവരെ കൂട്ടിയോജിപ്പിക്കുക. പ്രാദേശികമായി അറിയപ്പെടുന്നവരെ ഉദ്ഘാടനത്തിന് കൊണ്ടുവന്നാൽ ആളുകൾക്ക് വിശ്വാസം കൂടും. എല്ലാം പെർഫെക്റ്റ് ആകാൻ കാത്തുനിൽക്കരുത്, തുടങ്ങുക.
ഈ യാത്രയിൽ മറക്കാത്ത കഥകളും ഉണ്ട്. വായിക്കാൻ അറിയാത്ത, പക്ഷെ പേരക്കുട്ടി പുസ്തകത്തെക്കുറിച്ച് പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന മുത്തശ്ശിയുടെ ഓർമക്കായി ഒരാൾ ഒരു ലൈബ്രറി സ്പോൺസർ ചെയ്തു. ഇനി ഇവരുടെ സ്വപ്നം ഗ്രാമങ്ങളിലേക്കാണ്. മൊഡാസക്കടുത്ത് ഭേറുണ്ടയിൽ ഗ്രാമപഞ്ചായത്തിൽ 200 പുസ്തകങ്ങളുമായി ആദ്യ ഗ്രാമീണ ലൈബ്രറി തുടങ്ങി. സുരേന്ദ്രനഗറിലെ സുഡംഡയിൽ ഒരു സമ്പൂർണ കമ്മ്യൂണിറ്റി ലൈബ്രറി ഒരുങ്ങുന്നു. ഒരു റീലിൽ നിന്ന് കിട്ടിയ ആശയം ഇന്ന് നൂറുകണക്കിന് ആളുകളുടെ വായനാശീലം തിരികെ കൊണ്ടുവന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

