ചെറുപുസ്തകങ്ങളുടെ വിസ്മയ ലോകം; 76 രാജ്യങ്ങളിൽ നിന്നുള്ള 8,000 മിനിയേച്ചർ പുസ്തകങ്ങളുമായി അസർബൈജാൻ വനിതയുടെ മ്യൂസിയം
text_fields8,000 മിനിയേച്ചർ പുസ്തകങ്ങൾ.ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ മാത്രം വായിക്കാന്‍ കഴിയുന്ന അക്ഷരങ്ങള്‍. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിന്റെ ഹൃദയഭാഗത്ത്, പൗരാണികമായ ഇചെരിഷെഹര്‍ എന്ന പഴയ നഗരത്തില്‍, ഷിര്‍വാന്‍ഷാ കൊട്ടാരത്തിന് സമീപം ഇങ്ങനെ ഒരു അത്ഭുത ലോകമുണ്ട്. മ്യൂസിയം ഓഫ് മിനിയേച്ചര്‍ ബുക്സ്. ഒരു സ്ത്രീയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനിവേശമാണ് ഇന്ന് ലോക റെക്കോര്‍ഡ് വരെ നേടിയ ഈ മ്യൂസിയത്തിന് പിന്നില്‍.
സാരിഫ സലാഖോവ എന്ന അസര്‍ബൈജാനി വനിതയാണ് ഈ സ്വപ്‌ന സാക്ഷാത്കാരത്തിന് പിന്നില്‍. ഒരു മ്യൂസിയം തുടങ്ങണം എന്ന ലക്ഷ്യത്തോടെയായിരുന്നില്ല സാരിഫയുടെ യാത്ര. 1982ല്‍ മോസ്‌കോയില്‍ നിന്ന് അവര്‍ വാങ്ങിയ ഒരു പുസ്തകമാണ് എല്ലാത്തിനും തുടക്കം. ഇവാന്‍ ക്രൈലോവിന്റെ ഫേബിള്‍സിന്റെ 1835ലെ പതിപ്പിന്റെ ഒരു പകര്‍പ്പ്. ആ കൊച്ചു പുസ്തകം അവര്‍ക്ക് നല്‍കിയ കൗതുകം പിന്നീട് വലിയൊരു ശേഖരണമായി മാറുകയായിരുന്നു.
30 വര്‍ഷത്തിലേറെ അവര്‍ രാജ്യങ്ങള്‍ തോറും നടന്ന് മിനിയേച്ചര്‍ പുസ്തകങ്ങള്‍ ശേഖരിച്ചു. ഒടുവില്‍ 2002ല്‍ തന്റെ സ്വകാര്യ ശേഖരം അവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അതാണ് ഇന്ന് കാണുന്ന ബാക്കു മ്യൂസിയം ഓഫ് മിനിയേച്ചര്‍ ബുക്സ്. മ്യൂസിയത്തിനകത്തേക്ക് കടന്നാല്‍ കാണുന്നത് മറ്റൊരു ലോകമാണ്. അസര്‍ബൈജാൻ ട്രാവലിന്‍റെ കണക്കനുസരിച്ച് 76 രാജ്യങ്ങളില്‍ നിന്നുള്ള 8000ത്തോളം മിനിയേച്ചര്‍ പുസ്തകങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഇവിടുത്തെ ഏറ്റവും വലിയ പുസ്തകത്തിന് പോലും 10 സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമില്ല. മതഗ്രന്ഥങ്ങള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, കലയെ കുറിച്ചുള്ള പുസ്തകങ്ങള്‍, നഗരങ്ങളെയും രാജ്യങ്ങളെയും കുറിച്ചുള്ള പുസ്തകങ്ങള്‍, കുട്ടികളുടെ കഥകള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഇവിടെയുണ്ട്. അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ഫിയോദര്‍ ദസ്തയേവ്‌സ്‌കി, നിക്കോളായ് ഗോഗോള്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ കൃതികളും ഇവിടെ മിനിയേച്ചര്‍ രൂപത്തില്‍ കാണാം.
സാരിഫ സലാഖോവ
ഇന്ന് പ്രാദേശിക, വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഈ മ്യൂസിയം. ഈ ശേഖരത്തെ വ്യത്യസ്തമാക്കുന്നത് അതിലെ അപൂര്‍വ പുസ്തകങ്ങളാണ്. ശേഖരത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം 17-ാം നൂറ്റാണ്ടിലെ ഒരു മിനിയേച്ചര്‍ ഖുറാന്‍ ആണ്. മറ്റൊരു പ്രധാന പുസ്തകം 1815ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച 'എ ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ട്' ആണ്. 1837ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പ്രസിദ്ധീകരിച്ച 'യെവ്ജെനി വണ്‍ഗിന്‍' എന്ന പുസ്തകത്തിന്റെ മിനിയേച്ചര്‍ പതിപ്പും ഇവിടെയുണ്ട്. 2 മുതല്‍ 10 മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള നിരവധി മൈക്രോ ബുക്കുകളും ഇവിടെയുണ്ട്.
അസര്‍ബൈജാന്‍, റഷ്യ, അമേരിക്ക, ജപ്പാന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ഹംഗറി, ക്യൂബ, സ്വിറ്റ്‌സര്‍ലന്‍ഡ്, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ അമേരിക്കന്‍ കലാകാരന്മാരുടെ 40 അദ്വിതീയ മിനിയേച്ചറുകളും മുന്‍ സോവിയറ്റ് രാജ്യങ്ങളിലെ പ്രമുഖര്‍ ഒപ്പിട്ട പുസ്തകങ്ങളും ശേഖരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

