Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10.5 ലക്ഷം പുസ്തകങ്ങൾ, രണ്ട് മുറികൾ?; സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി മാറ്റുന്നതിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി

text_fields
bookmark_border
10.5 ലക്ഷം പുസ്തകങ്ങൾ, രണ്ട് മുറികൾ?; സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി മാറ്റുന്നതിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി
cancel

ന്യൂഡൽഹി: സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്ന 135 വർഷം പഴക്കമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് പരിഗണിച്ചത്.

നിലവിൽ ശാസ്ത്രി ഭവനിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലെ 8.5 ലക്ഷത്തോളം പുസ്തകങ്ങൾക്ക് പുറമെ ആർ.കെ പുരത്ത് പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുന്ന 2 ലക്ഷം പുസ്തകങ്ങൾ കൂടി സൂക്ഷിക്കാൻ പുതിയ സ്ഥലത്ത് മതിയായ സൗകര്യമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പുതിയ കർതവ്യ ഭവനിൽ ലൈബ്രറിക്കായി വെറും രണ്ട് മുറികൾ മാത്രമാണോ അനുവദിച്ചിരിക്കുന്നതെന്ന് കോടതി വാദത്തിനിടെ ആശങ്ക പ്രകടിപ്പിച്ചു. ലൈബ്രറിക്കായി അനുവദിച്ച സ്ഥലത്തിന്റെ വിസ്തീർണ്ണവും കൃത്യമായ ലേഔട്ട് പ്ലാനും സഹിതം സത്യവാങ്മൂലം നൽകാനാണ് നിർദേശം.

അതേസമയം, സെൻട്രൽ വിസ്റ്റ പദ്ധതിയിൽ ലൈബ്രറിക്കായി പ്രത്യേക സ്ഥലം മാറ്റിവെച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. കർതവ്യ പഥ് പുനർവികസന പദ്ധതിയുടെ ഭാഗമായി ലൈബ്രറിക്കുള്ള സ്ഥലം മുൻകൂട്ടി കണ്ടിട്ടുണ്ടെന്നും ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ശാസ്ത്രി ഭവൻ അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് അപൂർവ്വ പുസ്തകങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ മുതിർന്ന അഭിഭാഷക ഹരിപ്രിയ പത്മനാഭനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ മാറ്റങ്ങൾക്കിടയിൽ ചരിത്രപ്രധാനമായ ഈ ഗ്രന്ഥശാലയുടെ ഭാവി സുരക്ഷിതമാക്കാൻ കർശന നിലപാടിലാണ് സുപ്രീം കോടതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court notice to Centre on Central Secretariat Library relocation
Next Story