Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മികളെ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത് ഗ്ലാസ്ഗോ മ്യൂസിയം; വിചിത്രമായ ന്യായീകരണത്തിനെതിരെ വ്യാപക വിമർശനം

text_fields
bookmark_border
mummy
cancel
camera_alt

മമ്മികൾ

ഗ്ലാസ്ഗോ: ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളെ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത് സ്കോട്ട്ലൻഡിലെ പ്രശസ്തമായ ഗ്ലാസ്ഗോ കെൽവിൻഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയം. മരിച്ചുപോയവരിൽ നിന്ന് ‘അറിവോടെയുള്ള സമ്മതം’ ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് മ്യൂസിയം അധികൃതരുടെ നടപടി. എന്നാൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ചവരിൽ നിന്ന് എങ്ങനെ സമ്മതം വാങ്ങും എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക വിമർശനമാണ് ഉയരുന്നത്.

മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന മനുഷ്യാവശിഷ്ടങ്ങളാണ് നീക്കം ചെയ്തത്. ഇതിൽ മമ്മിയാക്കിയ തല, കാൽ, കൈ എന്നിവയും ഉൾപ്പെടുന്നു. പ്രദർശനം നീക്കിയ സ്ഥലത്ത് ആദരവിന്റെ അടയാളമായി ഞങ്ങൾ മനുഷ്യാവശിഷ്ടങ്ങൾ ഈ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു എന്ന് എഴുതിയ ഒരു കുറിപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഒരു പിതാവ് തന്റെ മകളെ മമ്മികൾ കാണിക്കാൻ മ്യൂസിയത്തിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രദർശനം നീക്കം ചെയ്തതായി കാണിക്കുന്ന കുറിപ്പിന്റെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത്. ഗ്ലാസ്ഗോ ലൈഫ് എന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് മ്യൂസിയത്തിന്റെ നടത്തിപ്പുകാർ. അവരുടെ പുതിയ നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ‘സമകാലിക മ്യൂസിയം രീതികളെ പ്രതിഫലിപ്പിക്കുന്നതാണ് മനുഷ്യാവശിഷ്ടങ്ങൾ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം’ എന്ന് ഗ്ലാസ്ഗോ ലൈഫ് വക്താവ് സ്കോട്ടിഷ് സണ്ണിനോട് പറഞ്ഞു.

‘ഗ്ലാസ്ഗോ ലൈഫ് മ്യൂസിയത്തിന്റെ കരട് മനുഷ്യാവശിഷ്ട നയമനുസരിച്ച്, മരിച്ച വ്യക്തിയിൽ നിന്നോ, ഉചിതമായ സാഹചര്യങ്ങളിൽ അവരുടെ പിൻഗാമികളിൽ നിന്നോ രേഖാമൂലമുള്ളതും അറിവോടെയുള്ളതുമായ സമ്മതമുള്ളപ്പോൾ മാത്രമേ മനുഷ്യാവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാവൂ. അത്തരം സമ്മതത്തിന്റെ അഭാവത്തിൽ, പുരാതന ഈജിപ്ഷ്യൻ മനുഷ്യാവശിഷ്ടങ്ങൾ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യുന്നതാണ് മരിച്ച വ്യക്തികളോട് കൂടുതൽ ആദരവ് പുലർത്തുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’ ഗ്ലാസ്ഗോ ലൈഫ് വക്താവ് കൂട്ടിച്ചേർത്തു.

പുരോഹിതനായ നെഖ്തിന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ അടങ്ങിയ പെയിന്റ് ചെയ്ത ഒരു ശവപ്പെട്ടിയും ഒരു മമ്മിയാക്കിയ തലയും വലതു കൈയുമാണ് പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത പ്രധാന വസ്തുക്കൾ. കെൽവിൻഗ്രോവ് മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിൽ ഒന്നായിരുന്നു ഇവ. തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ചവരിൽ നിന്ന് അനുമതി തേടുന്നത് സാധ്യമല്ല. സ്കോട്ടിഷ് മ്യൂസിയങ്ങൾ സന്ദർശിക്കുന്നവർ, പ്രത്യേകിച്ച് കുട്ടികൾ, ഇതിലും മികച്ചത് അർഹിക്കുന്നു - അവരെ വഞ്ചിക്കുകയാണ്. മുൻ പോളിസി യൂണിറ്റ് ഉപദേഷ്ടാവും ക്യാമ്പയിൻ ഫോർ റിയൽ എജ്യൂക്കേഷൻ ചെയർമാനുമായ ക്രിസ് മക്ഗവേൺ പറഞ്ഞു.

‘ആധുനിക സംവേദനക്ഷമതയിൽ അമിതമായി മുഴുകി എല്ലാ കാഴ്ചപ്പാടും നഷ്ടപ്പെട്ട ഒരു സമൂഹം ഈജിപ്ഷ്യൻ മമ്മികളെ പോലും ഇപ്പോൾ റദ്ദാക്കുകയാണ്. പുരാതന നാഗരികതകളെക്കുറിച്ച് പഠിക്കാനാണ് ആളുകൾ മ്യൂസിയങ്ങൾ സന്ദർശിക്കുന്നത്. ചരിത്രം ഒളിപ്പിച്ചു വെക്കുന്നത് കാണാനല്ല. രാഷ്ട്രീയ ശരിത്വത്തിലെ ഏറ്റവും പുതിയ പ്രവണതയെ പ്രീതിപ്പെടുത്താൻ ചരിത്രം മറച്ചുവെക്കുകയല്ല, പ്രദർശിപ്പിക്കുകയാണ് ഗ്ലാസ്ഗോയിലെ മ്യൂസിയങ്ങൾ ചെയ്യേണ്ടത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Glasgow Museum Removes Egyptian Mummies
Next Story